ഒരു രാജ്യത്തിന്റെ മൊത്തം അന്താരാഷ്ട്ര വാണിജ്യ വ്യവസായ മേഖലയുടെ അടിസ്ഥാനം ആ രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലുമാണ് നിലകൊള്ളുന്നത്. ലോകത്ത് അത്തരത്തിലുള്ള വാണിജ്യത്തിന്റെ 90 ശതമാനവും നടക്കുന്നത് കടല്‍ മാര്‍ഗ്ഗമാണ്. ചുരുങ്ങിയ ചെലവില്‍ ചരക്കുനീക്കം നടത്തണമെങ്കില്‍ അത് കപ്പല്‍ മാര്‍ഗ്ഗമേ കഴിയൂ. കപ്പല്‍ ഗതാഗതം, കച്ചവട ചരക്കുകള്‍ കൈകാര്യം ചെയ്യുക, അവയുടെ സംഭരണം, കപ്പലുകളുടെ നിയന്ത്രണം, സുരക്ഷ, ആരോഗ്യം എന്നിങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള തൊഴില്‍ വിഭാഗമാണ് പോര്‍ട്ട് മാനേജ്മെന്റ്.

കച്ചവട സാധനങ്ങള്‍ കപ്പലിലേക്ക് കയറ്റുന്നതും തുറമുഖത്തേക്ക് ഇറക്കുന്നതും കണ്ടെയ്‌നറുകള്‍, കാര്‍ഗോ, കസ്റ്റംസ് നടപടികള്‍, അതുപോലെത്തന്നെ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിങ്ങനെയും പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയിലുണ്ട്. ഒരു തുറമുഖം സംഘടിതമായും പരിശോധനാവിധേയമായും കാര്യക്ഷമമായും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പോര്‍ട്ട് മാനേജ്മന്റ് എന്ന തൊഴില്‍ വിഭാഗത്തിന്റെ സ്തുത്യര്‍ഹമായ പങ്കുണ്ട്. മറ്റ് തുറമുഖങ്ങളുമായുള്ള ഏകോപനം, തുറമുഖത്തിന്റെ വികസനം, പരസ്യ പ്രചാരണം, സുരക്ഷ ഉറപ്പാക്കല്‍, പാരിസ്ഥിക സംരക്ഷണ സംരംഭങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമാണ്.

ഷിപ്പിങ് ആന്‍ഡ് പോര്‍ട്ട് മാനേജ്മന്റ് മേഖലയില്‍ തൊഴില്‍ ലഭിക്കാന്‍ അടിസ്ഥാന യോഗ്യത ഷിപ്പിങ് ആന്‍ഡ് പോര്‍ട്ട് മാനേജ്മന്റില്‍ എം.ബി.എ.യോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോയാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലോ എന്‍ജിനീയറിങ്ങിലോ മാനേജ്‌മെന്റ് മേഖലയിലോ മികച്ച മാര്‍ക്കോടുകൂടി പാസ്സായ ബിരുദധാരികള്‍ക്ക് പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് ചേരാവുന്നതാണ്. പ്രവേശന പരീക്ഷ പാസായാല്‍ 50 ശതമാനം മാര്‍ക്കുള്ള ബിരുദധാരികള്‍ക്ക് ചില സ്ഥാപനങ്ങള്‍ അഡ്മിഷന്‍ നല്‍കും. നിലവില്‍ ചുരുക്കം ചില സ്ഥാപനങ്ങളെ ഇന്ത്യയില്‍ ഈ കോഴ്സ് നടത്തുന്നുള്ളൂ.

ഷിപ്പിങ് നിയമങ്ങള്‍, സമുദ്ര ഗതാഗതം, മാരിടൈം ഇക്കണോമിക്‌സ്, മറൈന്‍ ഇന്‍ഷുറന്‍സ്, അന്താരാഷ്ട്ര വാണിജ്യ വ്യവസായം, മാനേജിരിയല്‍ ഇക്കണോമിക്‌സ്, പോര്‍ട്ട് മാനേജ്മെന്റ്, ചാര്‍ട്ടിങ് എന്നിവയുള്‍പ്പെടുന്ന കോഴ്സില്‍ താത്ത്വികമായും സാങ്കേതികപരമായും മാനേജ്മെന്റ്പരമായും ഈ മേഖലയെ അടുത്തറിയാന്‍ സാധിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് കൊച്ചി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ചെന്നൈ, ലോജിസ്റ്റിക്സ് നോളെജ് പാര്‍ക്ക് ചെന്നൈ എന്നിവടങ്ങളില്‍ എം.ബി.എ. ലോജിസ്റ്റിക്സ് ആന്‍ഡ് പോര്‍ട്ട് മാനേജ്മെന്റ് പഠിക്കാം. മീനാക്ഷി അക്കാഡമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് മധുരൈ, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചി-ചെന്നൈ ക്യാമ്പസുകള്‍, ദിഗ്‌വിജയ് സിങ് എജ്യൂക്കേഷണല്‍ സൊസൈറ്റി ഫരിദാബാദ്, തിരുവനന്തപുരത്തെ ആദിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌റ് സ്റ്റഡീസ്, ഡെറാഡൂണിലെ പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് യൂണിവേഴ്സിറ്റി, നാഗ്പുരിലെ ഫീനിക്സ് മാരിടൈം സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവടങ്ങളില്‍ എം.ബി.എ. ഷിപ്പിങ് ആന്‍ഡ് പോര്‍ട്ട് മാനേജ്‌മെന്റ്‌റും പഠിക്കാം.

ചെന്നൈ മറീന മാരിടൈം അക്കാഡമി, വെള്ളൂര്‍ ശ്രീ നന്ദനം മാരിടൈം അക്കാഡമി, മധുരൈ ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് ഫോറിന്‍ ട്രേഡ്, കോയമ്പത്തൂര്‍ കാരുണ്യാ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്, തിരുവള്ളൂര്‍ സതേണ്‍ അക്കാഡമി ഓഫ് മാരിടൈം സ്റ്റഡീസ്, ചെന്നൈ ജി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പല്ലാപരത്തെ വേല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ചെന്നൈ ലോജിസ്റ്റിക്സ് നോളെജ്ജ് പാര്‍ക്ക്, വിജയവാഡ, കോയമ്പത്തൂര്‍ എന്നിവടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ്, ചെന്നൈയിലെ അക്കാഡമി ഓഫ് മാരിടൈം എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, കൊച്ചിയിലെ കാര്‍ഗോമര്‍ എജ്യൂക്കേഷണല്‍ സൊസൈറ്റി എന്നിവടങ്ങളില്‍ എം.ബി.എ. ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പിങ് പഠിക്കാവുന്നതാണ്. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അണ്ണാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, കോയമ്പത്തൂരിലെ എ.ജെ.കെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, പുതുച്ചേരിയിലെ പോണ്ടിച്ചേരി മാരിടൈം അക്കാഡമി എന്നിവടങ്ങളില്‍ എം.ബി.എ. ഷിപ്പിങ്ങിന് അവസരമുണ്ട്.

തിരുവനന്തപുരത്തെ ആദിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുംബൈയിലെ നരോത്തം മൊറാര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിപ്പിങ്, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോര്‍ട്ട് മാനേജ്മന്റ് എന്നിവടങ്ങളില്‍ പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമയും കൊച്ചി റിലയന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ്, ഗൈഡഴ്‌സ് അക്കാഡമി, കൊച്ചി, ചെന്നൈ, വിജയവാഡ എന്നിവടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ്, ചെന്നൈ ലോജിസ്റ്റിക്സ് നോളെജ്ജ് പാര്‍ക്ക് എന്നിവടങ്ങളില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമയ്ക്കും അവസരമുണ്ട്. ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ട് ഇക്കണോമിക്‌സ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഡിപ്ലോമ ചെയ്യാം.

ഷിപ്പ് മാനേജര്‍, പോര്‍ട്ട് മാനേജര്‍ / പോര്‍ട്ട് ക്യാപ്റ്റന്‍, മെര്‍ച്ചന്റ്‌റ് ഓഫീസര്‍ എന്നീ തസ്തികകളില്‍ സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ സാദ്ധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!