നിതിന്‍ ആര്‍.വിശ്വന്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുമീ ഓഗസ്റ്റിൽ നീലക്കുറിഞ്ഞി..
അതെ, പശ്ചിമഘട്ടം പൂത്തുലഞ്ഞു നീലയിൽ മുങ്ങിയാറാടുവാൻ തയ്യാറെടുത്തു കഴിഞ്ഞു. മൂന്നാറിൽ തോരാതെ പെയ്യുന്ന കനത്ത മഴയെ വകവെയ്ക്കാതെ നീലക്കുറിഞ്ഞി പൂത്തു തുടങ്ങി. ഈ കൊല്ലം കേരള സർക്കാർ നീലക്കുറിഞ്ഞിപ്പൂക്കളുടെ വർഷമായി പ്രഖ്യാപിച്ചിരുന്നു.
12 വർഷങ്ങളിൽ ഒരിക്കൽ മാത്രം കാണുവാൻ സാധിക്കുന്ന ഈ വിസ്മയം അനുഭവിക്കാൻ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും അനേകമനേകം കാഴ്ചക്കാർ വന്നു ചേരുമ്പോൾ, കഴിഞ്ഞ തവണ – അതായത് 2006ൽ – എത്തിച്ചേർന്ന 10 ലക്ഷം സന്ദർശകരുടെ കണക്കുകൾ ഭേദിക്കപ്പെടുമെന്നാണ് കണക്കുകൂട്ടലുകൾ. കാരണം ഇപ്രാവശ്യത്തെ ഈ പ്രതിഭാസത്തിനു ഒരു പ്രത്യേകതയുണ്ട്.
പശ്ചിമഘട്ടത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പൂക്കുന്ന, ചോലക്കുറിഞ്ഞിയുടെ ചില ഇനങ്ങളുണ്ട്, 10 കൊല്ലത്തിൽ ഒരിക്കൽ പൂവിടുന്നവ. നീലക്കുറിഞ്ഞി 2006ലാണ് അവസാനാമായി പൂത്തതെങ്കിൽ, ഇപ്പറഞ്ഞ ചോലക്കുറിഞ്ഞികളുടേത് 2008ൽ ആയിരുന്നു. അതായത്, 2018ൽ ഇവ രണ്ടും പൂത്തുലയുമ്പോൾ, കേരളം സാക്ഷ്യം വഹിക്കുക 60 ആണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവതയാണ്.
ഇടുക്കിയിലെ മൂന്നാറിലെ രാജമല ഭാഗങ്ങളിലുള്ള പുൽമേടുകളാണ് ഈ വർഷം നീല നിറമാർജ്ജിക്കുക. നീലിമയാസ്വദിക്കുന്നതിനോടൊപ്പം അപൂർവയിനം ആടുകളായ നീലഗിരി തഹറിനെ കാണുവാനും സാധിച്ചേക്കാം.
ഏഷ്യാ – ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളിൽ കണ്ടു വരുന്ന ഒരു സസ്യമായ നീലക്കുറിഞ്ഞി, സ്ട്രോബിലാന്തേ എന്ന വർഗ്ഗത്തിൽ പെടുന്നു. ഈ വർഗ്ഗത്തിലെ 456 ഇനങ്ങളിൽ 146ഉം ഇന്ത്യയിലും, അതിൽത്തന്നെ 43 ഇനങ്ങൾ കേരളത്തിലുമാണ് കാണപ്പെടുന്നത് എന്നത് ഒരു സവിശേഷതയാണ്.
ഒത്തിരിയധികം തേൻ ലഭിക്കുമെന്നതിനാൽ തന്നെ എപ്പിസ് സെറാന ഉൾപ്പടെയുള്ള തേനീച്ചക്കൂട്ടങ്ങൾക്കും ശലഭങ്ങൾക്കും ഒരു വിരുന്നു തന്നെയാണ്. മിക്കവാറും വർഷങ്ങളിൽ ഏതെങ്കിലുമൊക്കെ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ടെങ്കിലും ഒരിക്കൽ പൂത്ത മലയിൽ പിന്നെ 12 വർഷങ്ങൾക്ക് ശേഷം മാത്രമേ പൂക്കുകയുള്ളു.
പ്ലൈറ്റേഷ്യൽസ് എന്ന വിഭാഗത്തിൽ പെടുന്ന ഒരു ചെടിയാണ് നീലക്കുറിഞ്ഞി. ഒരിക്കൽ മാത്രമേ അത് പൂവണിയുകയുള്ളു. ഒന്നിലേറെ വർഷങ്ങൾ ജീവിക്കുകയും, എന്നാൽ പൂത്ത്, അതിന്റെ വിത്ത് വിതരണം ചെയ്‌താൽ ജീവിതം അവസാനിക്കുകയും ചെയ്യുന്ന ചെടികളാണ് പ്ലൈറ്റേഷ്യൽസിൽ പെടുന്നത്. 40 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന മുളയും നമ്മുടെ നാട്ടിൽ കാണുന്ന ചില പനകളും ഒക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്.
വിത്തുകൾ തിന്ന് നശിപ്പിക്കുന്ന ചില ജീവികളിൽ നിന്നും രക്ഷപെടാൻ പരിണമിച്ച ഒരു രീതിയായാണ് ഈ പ്രതിഭാസത്തെ ശാസ്ത്രം മനസ്സിലാക്കുന്നത്. ഒരു കുറിഞ്ഞി ചെടി തന്നെ ആയിരക്കണക്കിന് വിത്തുകളാണ് ഉത്പാദിപ്പിക്കുന്നതും. ആയതിനാൽ തന്നെ, ആ പ്രദേശത്ത്, അതിനെ ഇരയാക്കുന്ന ജന്തുക്കൾക്ക് പൂർണ്ണമായി നശിപ്പിക്കുവാൻ സാധിക്കാത്ത വണ്ണം, അളവിൽ വിത്തുകൾ പാകുന്നു. പോരാത്തതിന് ഈ 12 വർഷക്കാലയളവിൽ വേട്ടമൃഗങ്ങളുടെ എണ്ണവും കുറഞ്ഞേക്കും.
പശ്ചിമ ഘട്ടത്തിലെ ഉയർന്ന മേഖലകളിലെ കൊടുമുടികളും സമതലങ്ങളും, തനതായ ഒരു ലോകം തന്നെയാണെന്ന് വിശേഷിപ്പിക്കാം. ജലനിരപ്പിൽ നിന്നും 1,500 മീറ്ററിന് മുകളിലേക്കുള്ള പ്രദേശങ്ങളിൽ ‘ഷോല’ എന്ന് പേരായ ഒരു പ്രത്യേകതരം ആവാസ വ്യവസ്ഥ തന്നെ നിലനിൽക്കുന്നു. അവിടെ മാത്രമായി കണ്ടുവരുന്ന നിരവധി ഇനം സസ്യ ജാലങ്ങളും പക്ഷി മൃഗാദികളും ഉണ്ട്.
മഴക്കാലത്തു പടിഞ്ഞാറേ ദിശയിൽ നിന്ന് അതിവേഗത്തിൽ വീശുന്ന ശക്തമായ കാറ്റിനെ മരങ്ങൾ തടയുന്നു. ഷോല എന്ന പേര് തണൽ എന്നും വസന്തം എന്നുമൊക്കെ അർത്ഥമുള്ള ചോല എന്നതിൽ നിന്നാണ് രൂപമെടുത്തതെന്നു കരുതാം. ആകാശങ്ങളിലെ ദ്വീപ് എന്ന് ഈ കൊടുമുടി പ്രദേശങ്ങളെ വിശേഷിപ്പിക്കാറുണ്ട്. ഈ ഷോലകളിൽ കാണുവാൻ സാധിക്കുന്ന അനേകം സസ്യ വർഗങ്ങളിൽ ഒന്നാണ് സ്ട്രോബിലാന്തേ.
3000 ഹെക്ടറുകളോളം പറന്നു കിടക്കുന്ന മൂന്നാറിലെ ഈ കുറിഞ്ഞികൾ, സാധാരണയായി 30 തൊട്ട് 60 വരെ സെ.മി ഉയരം പ്രാപിക്കും. ഒക്ടോബർ മാസം വരെ ഈ കാഴ്ച കാണുവാൻ സാധിക്കുമെങ്കിലും ഏറ്റവും മികച്ച അനുഭവം ഉണ്ടാകുക ഓഗസ്റ്റിലാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നായി ലോക-സഞ്ചാരികൾ എല്ലാം വിലയിരുത്തുന്ന ഈ കാഴ്ചയെ, നമ്മുടെ സ്വന്തം നാടിനെ ഒരു പറുദീസയാക്കി മാറ്റുന്ന നീലക്കുറിഞ്ഞികളെ കാണുവാനുള്ള അവസരം പാഴാക്കാതിരിക്കുക!