Munavira Vakayil
Munavira Vakayil
Sub Editor, NowNext

വിദേശപഠനം സ്വപ്നം കാണാത്തവരായി ആരാണുള്ളത്? ഒരു മഹാമാരിയിൽ കുരുങ്ങി ആ സ്വപ്നം ഇല്ലാതാവുമോ?

സ്വപ്നങ്ങളെ മുറിക്കുള്ളിലടച്ച് കോവിഡാനന്തരത്തിന് കാത്തിരിക്കുകയാണ് എല്ലാവരും. പ്രതേകിച്ച് വിദൂര വിദ്യാഭ്യാസം സ്വപ്നം കണ്ടിരിക്കുന്ന വിദ്യാർത്ഥികൾ. കാത്തിരിപ്പിന് വിരാമമിടേണ്ടതായും സ്വപ്നങ്ങൾ പൂർത്തിയാക്കേണ്ടതുമായ സമയത്ത് വിദേശ പഠനത്തിന്റെ സാധ്യതകളെ കുറിച്ച് അറിയാതെ പോവരുത്.

വിദേശ പഠനം മികച്ച അവസരങ്ങൾ നേടിയെടുക്കാനും ഭാവിയെ സുരക്ഷിതമാക്കാനും സഹായിക്കുന്നു. കൂടാതെ വ്യത്യസ്ത ഭാഷകളെ കുറിച്ചറിയാനും വ്യത്യസ്ത ആളുകളുമായി ആശയവിനിമയം ചെയ്യാനും കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്താനുമെല്ലാം സഹായിക്കുന്നു. ഇത് തൊഴിൽ മേഖലയിൽ ഗുണകരമായി സ്വാധീനിക്കുകയും  ജീവിത വളർച്ചക്ക് കാരണമാവുകയും ചെയ്യുന്നു.

സാമ്പത്തികമായി മുൻ നിരയിലായ ഒരു വിഭാഗത്തിന് മാത്രമായിരുന്നു പണ്ട് വിദേശ പഠനം സ്വപ്നം കാണാനുള്ള യോഗ്യത. എന്നാൽ വിദ്യഭ്യാസ ലോണുകളും മറ്റും എല്ലാവർക്കും അവസരം നൽകുന്നുണ്ട്. അത് കൊണ്ട് തന്നെ വിദേശ പഠനം ആർക്കും വിദൂരത്തല്ല.

വിദേശത്തെവിടെയെങ്കിലും പഠിച്ചാൽ മതിയെന്ന ചിന്തക്കപ്പുറം എവിടെ പഠിക്കണം? അവിടെ പഠിച്ചത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം എന്നൊക്കെ അറിഞ്ഞിരിക്കണം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രധാനമായും കാനഡ, യു കെ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത്.

ഈ രാജ്യങ്ങൾ തെരഞ്ഞെടുക്കാനുള്ള കാരണവും പ്രത്യേകതയുമാണ് ഇനി പറയാനുള്ളത്.

കാനഡ

രാജ്യാന്തരതലത്തില്‍ ഏറ്റവും മികച്ചതും ആധുനികവുമായ വിദ്യാഭ്യാസ സംവിധാനമുള്ള ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളിലും കലാലയങ്ങളിലും ചിലത് കാനഡയിലാണുള്ളത്. കാനഡയില്‍ നിന്നുമുള്ള ഉന്നതവിദ്യാഭ്യാസ യോഗ്യത ലോകമെമ്പാടും വളരെയധികം വിലമതിക്കപ്പെടുന്നു. അതിനാല്‍, കാനഡയിലെ പഠനം കൊണ്ട് ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ക്ക് അടിത്തറയിടുവാന്‍ സാധിക്കും. കൂടാതെ പഠനശേഷം കാനഡയില്‍ തന്നെ തൊഴില്‍പരിചയം നേടുവാന്‍ വിദേശ വിദ്യാര്‍ഥികളെ ഈ രാജ്യം അനുവദിക്കുന്നുണ്ട്. കാനഡയില്‍ സ്ഥിര താമസമാക്കുക എന്നതും അവിടെ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന എളുപ്പമാണ്. അതിലുപരിയായി, യുഎസ്എ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയിലെ പഠനച്ചെലവ് കുറവാണ്. പഠനത്തോടൊപ്പം ജോലിയെടുക്കാനുള്ള സൗകര്യവും കാനഡയിലുണ്ട്.

യു കെ

മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തിന് പേരുകേട്ട രാജ്യമാണ് യുകെ. ഈ രാജ്യത്തെ ഉന്നത വിദ്യാഭ്യാസം ഒരു വിദ്യാര്‍ഥിയുടെ ഭാവിസാധ്യതകളെ പല മടങ്ങു വര്‍ധിപ്പിക്കും എന്നതില്‍  സംശയമില്ല. ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും യു കെ യിലാണ്. ഇവിടെ നിന്നുള്ള വിദ്യാഭ്യാസയോഗ്യതയെ ലോകമെമ്പാടുമുള്ള തൊഴില്‍ദായകരും വിദ്യാഭ്യാസസ്ഥാപനങ്ങളും അംഗീകരിക്കുന്നുണ്ട്. വിശകലനശേഷി, ആശയവിനിമയശേഷി, ഭാഷാപ്രാവീണ്യം എന്നിവ വര്‍ധിപ്പിക്കുവാന്‍ യുകെയിലെ  പഠനം വിദ്യാര്‍ഥികളെ സഹായിക്കുന്നു. ലോകോത്തരനിലവാരമുള്ള ഗവേഷണസാധ്യതകളിലേക്കും യുകെ പഠനം വഴിതുറക്കുന്നു.

ഓസ്‌ട്രേലിയ

രാജ്യാന്തര നിലവാരമുള്ള വിദ്യഭ്യാസവും പഠനത്തിന് ശേഷം അവിടെ തന്നെ ജോലി ചെയ്യാമെന്നതുമാണ് ഓസ്‌ട്രേലിയയെ ആകർഷിക്കാനുള്ള പ്രധാന കാരണം. ഓസ്ട്രേലിയയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഏകദേശം 1200 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും 22000 ഓളം കോഴ്സുകളുമുണ്ട്. വിദ്യാഭ്യാസ നിലവാരത്തിൽ ലോകത്തിൽ തന്നെ മികച്ച് നിൽക്കുന്ന യൂണിവേഴ്സിറ്റികളാണ് ഇവിടെയുള്ളത്. ഓസ്ട്രേലിയയില്‍ നിന്നുള്ള വിദ്യാഭ്യാസയോഗ്യതകള്‍ക്ക് രാജ്യാന്തര അംഗീകാരവുമുണ്ട്. സുരക്ഷിതത്വവും സ്കോളര്‍ഷിപ്പുകള്‍ നേടുവാനും പ്രഗല്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ വിദ്യ നേടുവാനുമുള്ള അവസരവും ഓസ്ട്രേലിയ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു.

ന്യൂസീലന്‍ഡ്

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, രാജ്യാന്തര അംഗീകാരമുള്ള വിദ്യാഭ്യാസയോഗ്യതകള്‍, ഗവേഷണത്തിനുള്ള അവസരങ്ങള്‍ അങ്ങനെ പലതും ന്യൂസീലന്‍ഡ് വിദേശ വിദ്യാര്‍ഥികള്‍ക്കു വാഗ്ദാനം ചെയ്യുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുവാനുള്ള അവസരവും ന്യൂസീലൻഡിലുണ്ട്. കൂടാതെ ലോകത്തിലെ തന്നെ മികച്ച സമാധാന അന്തരീക്ഷമുള്ളതും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ളതുമായ ഒരു രാജ്യമാണ് ന്യൂസീലന്‍ഡ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!