മണത്തറിഞ്ഞ് കാശുണ്ടാക്കാമോ? ലോകപ്രസിദ്ധ ചിത്രമായ ടോം റ്റിക്ക്വറിന്റെ ‘പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറെർ’ കണ്ടിട്ടുള്ളവർക്ക് ഈ തൊഴിൽ പരിചിതമായിരിക്കും.

പെർഫ്യൂമുകൾ, ഭക്ഷണങ്ങൾ മുതലായവയ്ക്ക് മാനങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫ്രാഗ്രൻസ് കെമിസ്റ്റുകളുടെ പ്രധാന ജോലി. പരീക്ഷണങ്ങൾ നടത്തി പുതിയ സുഗന്ധങ്ങൾ ഉണ്ടാക്കുക, ഉത്പന്നങ്ങളുടെയോ ചേരുവകളുടെയോ ഗന്ധം വിശകലനം ചെയ്ത് അതിന്റെ പദാർത്ഥങ്ങൾ ഏതെന്നു കണ്ടുപിടിക്കുക എന്നതൊക്കെ ജോലിയുടെ ഭാഗമാണ്. പഠനകാലത്ത് തന്നെ, മൂക്കിന്റെ ഘടന, ഓരോ ഗന്ധങ്ങളോട് മനുഷ്യരുടെ പ്രതികരണം, ഓരോ വസ്തുക്കളുടെ ഗന്ധം, ഗന്ധങ്ങൾ കലർന്നാൽ പുറപ്പെടുവിക്കുന്ന ഗന്ധങ്ങളിലുള്ള വ്യത്യാസങ്ങൾ, എന്നിവയൊക്കെ മനസ്സിലാക്കണം.

രസതന്ത്രത്തിൽ നല്ല പരിജ്ഞാനം ആവശ്യമാണ്. ഗാസ് ക്രൊമാറ്റോഗ്രഫി, റിഫ്‌റാക്ടിവ് ഇൻഡക്സ്, കാലറി മീറ്റർ പ്രവർത്തനം, സുഗന്ധ ഉത്പാദനം, എന്നിവയൊക്കെ സ്വായത്തമാക്കേണ്ട കഴിവുകളാണ്. ഈ ജോലി തിരഞ്ഞെടുക്കുമ്പോൾ ആദ്യം വേണ്ടത് ഒരു നല്ല മൂക്കാണ്. അതെ, മണത്തറിയാനുള്ള കഴിവ്. ഗന്ധങ്ങൾ തിരിച്ചറിയാനും, ക്രിയാത്മകമായി ഗന്ധങ്ങൾ കലർത്തി പുത്തൻ പരിമളങ്ങൾ ഉണ്ടാക്കുവാനും സാധിക്കണം. ശക്തമായ ഓർമ്മശക്തിയുള്ളത് ഈ മേഖലയിൽ അത്യന്തം ഉപകാരപ്രദമാണ്. ക്ഷമയും അത്യാവശ്യമായി വേണ്ട ഒന്നാണ്. സമയക്രമീകരണം, സംഘത്തോടൊപ്പം ഒത്തു പ്രവർത്തിക്കുവാനും ആശയവിനിമയം നടത്താനുമുള്ള ശേഷി എന്നിവയും നിർണ്ണായകമാണ്.

ഇന്ത്യയിലെ വളർന്നു വരുന്ന ഒരു ശാഖയാണിത്. ഇപ്പോൾ രാജ്യത്തോട്ടാകെയായി ആകെ ആയിരത്തോളം പെർഫ്യൂമർമാരെ ഉള്ളു, എന്നതിനാൽ തന്നെ വളരെ വിജയകരമായ ഒരു കരിയർ പടുത്തുയർത്താൻ എന്തുകൊണ്ടും സാധിക്കുന്ന ഒരു മേഖല തന്നെയാണിത്. രസതന്ത്രത്തിൽ ബിരുദം എടുത്തതിന് ശേഷം ഈ ശാഖയിലേക്ക് തിരിയുന്നത് ഉത്തമമായിരിക്കും.

വിഷയത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഫ്രാൻസിലാണ്. ഐ.എസ്.ഐ.പി.സി എ., ജീവൗദൻ പെർഫ്യൂമറി സ്‌കൂൾ, ദ ഗ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫ്യൂമറി, മേൻ പെർഫ്യൂമറി സ്‌കൂൾ, അങ്ങനെ നീളുന്നു ആ നിര. മുംബൈ യൂണിവേഴ്സിറ്റി ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി പെർഫ്യൂമറി ആൻഡ് ഫ്ലേവർസ് ടെക്‌നോളജിയിൽ മാസ്റ്റേഴ്സ് കോഴ്സ് നൽകുന്നു. ഉത്തർ പ്രദേശിലെ ഫ്രാഗ്രൻസ് ആൻഡ് ഫ്ലേവർ ഡെവലപ്പ്മെന്റ് ഒരു വർഷ കോഴ്‌സുകളും, അരോമ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദവും, മറ്റു കോഴ്‌സുകളും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയിലെ ഏറ്റവും വലിയ ഫ്രാഗ്രൻസ് സ്ഥാപനങ്ങളിലൊന്നായ എസ് എൻ കേൽക്കാറിന്റെ ട്രസ്റ്റായ ജി വാസ് കോളേജ് ഓഫ് ആർട്സ്, സയൻസ്, ആൻഡ് കൊമേഴ്‌സ്, പെർഫ്യൂമറി ആൻഡ് കോസ്‌മെറ്റിക് മാനേജ്‌മന്റ് ബിരുദാനന്തര ബിരുദം നൽകുന്നു.

മണപ്പിക്കാൻ തയ്യാറായിക്കോളു!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!