അഭിലാഷ് കൊച്ചുമൂലയിൽ
ഐ ടി വിദഗ്ധന്‍
ഇന്നത്തെ ലോകം സോഷ്യൽ മീഡിയയുടെ കൈകളിലാണ്. സോഷ്യൽ മീഡിയയുടെ പങ്കും ഇന്നത്തെ സമൂഹത്തിൽ വളരെ വലുതാണ്. ആ സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ കരിയർ മെച്ചപ്പെട്ടാലോ?.
അതെ, സോഷ്യൽ മീഡിയയിലൂടെ വരുമാനം ഉണ്ടാക്കാം. ദിനംപ്രതി ഈ രംഗത്ത് തൊഴിൽ അവസരങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് അതൊരു മുതൽക്കൂട്ടാകും. കണ്ടന്‍റ് റൈറ്റർ, പേജ് മാനേജർ, കണ്ടന്‍റ് മാനേജർ, സോഷ്യൽ മീഡിയ അനലിസ്റ്റ് എന്നിങ്ങനെ ഈ മേഖലയില്‍ ഒരുപാട് തൊഴിൽ അവസരങ്ങളുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ്, ഭാവിയിൽ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയേക്കും എന്ന് വിദഗ്ധർ പറയുമ്പോൾ സോഷ്യൽ മീഡിയയെ തള്ളി കളയാനാവില്ല.
കണ്ടന്‍റ് റൈറ്റർ
വീട്ടിൽ ഇരുന്നു തന്നെ വരുമാനം ഉണ്ടാക്കാൻ കഴിയുന്നതും, പുതുമുഖങ്ങള്‍ക്ക് ഏറ്റവും കൂടുതൽ അവസരം ഒരുക്കുന്നതുമായ ഒരു മേഖലയാണിത്. വെബ്‌സൈറ്റിന് വേണ്ടിയും ബ്ലോഗിംഗിന് വേണ്ടിയുമുള്ള കണ്ടന്‍റുകളാണ് കൂടുതലായും കണ്ടന്‍റ് റൈറ്റേഴ്‌സ് തിരഞ്ഞെടുക്കുന്നത്.

വിഷയത്തിലെ അറിവുണ്ടാകുന്നതിനോടൊപ്പം വായനക്കാരുടെ മനസ്സറിഞ്ഞ്, മികച്ച ശൈലിയില്‍ എഴുതാന്‍ കഴിയുന്ന ഭാവനാസമ്പന്നര്‍ക്ക് ഈ രംഗത്ത് തിളങ്ങാന്‍ സാധിക്കും. ഇംഗ്ലീഷ് ഭാഷ മാത്രമല്ല, പ്രാദേശിക ഭാഷകളും കൈകാര്യം ചെയ്യുന്ന കണ്ടന്‍റ് റൈറ്റേഴ്സിനെ കമ്പനികള്‍ തിരയുന്നുണ്ട് എന്നത് ഈ മേഖലയിലെ വളർച്ചയെ സൂചിപ്പിക്കുന്നു.
പേജ് മാനേജർ
സോഷ്യൽ മീഡിയ പേജ് മാനേജ് ചെയ്യുക എന്നതാവും പേജ് മാനേജരുടെ ചുമതല. പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യുക. ചെക്ക് ചെയ്യുക എന്നിവയൊക്കെ ഇതിൽ പെടും. കൃത്യമായി പേജുകള്‍ നിരീക്ഷിക്കുകയും ആവശ്യമായ അപ്ഡേറ്റുകള്‍ വരുത്തി പേജിന്‍റെ സോഷ്യല്‍മീഡിയ സാന്നിധ്യം ഉയര്‍ത്തുക എന്നത് പേജ് മാനേജരുടെ കര്‍ത്തവ്യമാണ്. താരതമ്യേന ആയാസം കുറഞ്ഞ പണി എന്ന് വേണമെങ്കില്‍ പറയാം.
കണ്ടന്‍റ് മാനേജർ
പേര് പോലെ തന്നെ വെബ്‌സെറ്റുകൾ, ബ്ലോഗ്ഗുകൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലെ കണ്ടന്‍റുകൾ മാനേജ് ചെയ്യുക എന്ന ചുമലതലയാണ് ഇക്കൂട്ടര്‍ക്ക്. കണ്ടന്‍റുകൾ എഡിറ്റ് ചെയ്യുക, അപ്ഡേറ്റ് ചെയ്യുക, അവയെല്ലാം നിലവാരമുള്ളവയാണെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ കണ്ടന്‍റ് മാനേജര്‍മാരുടേതാണ്.
സോഷ്യൽ മീഡിയ അനലിസ്റ്റ്
ഒരു കമ്പനിയുടെ അല്ലെങ്കില്‍ ബ്രാന്‍ഡിന്‍റെ ഓൺലൈൻ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിന് സോഷ്യൽ മീഡിയ അനലിസ്റ്റുകൾ സഹായിക്കുന്നു. വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ ഔട്ട്ലെറ്റുകളിലൂടെ ഓൺലൈൻ ട്രാഫിക്കും പേജ് റീച്ചും ബ്രാൻഡ് എക്സ്പോഷറും വർദ്ധിപ്പിക്കുക എന്നതാണ് ഈ പ്രൊഫഷണലുകളുടെ ലക്ഷ്യം.

ഡിജിറ്റൽ മാർക്കറ്റിംഗ് പരിചയം ഇല്ലാത്തവർക്ക് അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി പഠിക്കാൻ ഒരുപാട് കോഴ്സുകൾ ഓൺലൈൻ ആയും അല്ലാതെയും നിലവിൽ ഉണ്ട്. ഇതിനായുള്ള സെന്‍ററുകൾ ഇന്ന് കേരളത്തിലും സുലഭമാണ്. സോഷ്യൽ മീഡിയയിലൂടെ കരിയർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് SEO (Search Engine Optimization), കണ്ടന്‍റ് മാർക്കറ്റിംഗ്, ഇമെയിൽ മാർക്കറ്റിംഗ്, മൊബൈൽ മാർക്കറ്റിംഗ്, ഡിജിറ്റൽ അനലിറ്റിക്സ് എന്നിവയില്‍ നിരവധി കോഴ്സുകള്‍ ഇന്ന് ലഭ്യമാണ്.
വിവര സാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ച്, ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നൂതനമായ ആശയങ്ങളും തന്ത്രങ്ങളും ആവിഷ്ക്കരിക്കാന്‍ കഴിവുള്ളവര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു.