ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’ മരണമടഞ്ഞ വ്യക്തിയുടെ ശവസംസ്‌കാരത്തിന്റെ ഉൾക്കാഴ്ചകൾ നമ്മൾ കണ്ടുവല്ലോ.

എന്നും നമുക്ക് ചുറ്റും നടക്കുകയും എന്നാൽ നമുക്ക് വേണ്ടപ്പെട്ടവരായ ആർക്കെങ്കിലും സംഭവിച്ചാൽ മാനസികമായി തളർത്തുന്നതുമായ ഒരു സ്വാഭാവികവും അത്യന്താപേക്ഷിതവുമായ പ്രതിഭാസമാണ് മരണം. മരിക്കുന്നവരുടെ ചേതനയറ്റ ശവ ശരീരങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കുക എന്നത് ആരോഗപരമായും പ്രകൃതിപരമായും എല്ലാം ആവശ്യമായ ഒന്നാണ്. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട് മാനസികമായും ശാരീരികമായും വൈകാരികമായും തികച്ചും ദുർബലാരായ സാഹചര്യത്തിൽ പലപ്പോഴും സംസ്ക്കാര ചടങ്ങ് അഥവാ ഫ്യൂണറൽ എന്നതിന് സഹായങ്ങൾ ആവശ്യമായി വരും. ഇത്തരം സമയങ്ങളിലാണ് ഫ്യൂണറൽ സർവീസ് മാനേജർ, ഫ്യൂണറൽ കൗൺസിലർ എന്നിങ്ങനെയൊക്കെ പേരുള്ള ഉദ്യോഗസ്ഥരുടെ സേവനം വേണ്ടാതായി വരുന്നത്.

മരണം സംഭവിച്ച വീട്ടിലെ സാമ്പത്തികശേഷിയും വിഭവങ്ങളും കണക്കിലെടുത്ത് അവിടത്തെ സംസ്കാര ചടങ്ങ് വ്യക്തമായി പ്ലാൻ ചെയ്ത്, ഒരുക്കങ്ങൾ ഒക്കെ ചെയ്ത്, എല്ലാവരെയും സമന്വയിപ്പിച്ച്, അതിന്റെ അവസാനം വരെയും എന്ത് എങ്ങനെ എവിടെ നടക്കണമെന്ന് നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഫ്യൂണറൽ സർവീസ് മാനേജരുടെ ജോലി എന്ന് പറയുന്നത്. മരണവാർത്തയിലെ വാചകങ്ങൾ മുതൽ, ചടങ്ങുകളുടെ കാര്യക്രമം വരെ, കുടുംബാംഗങ്ങളോടും സുഹൃത്ജനങ്ങളോടും ചർച്ച ചെയ്ത് ചടങ്ങ് നടത്തുന്നത് ഇവരാണ്. മരണ സർട്ടിഫിക്കറ്റ് ക്ലാർക്കുമാരോടും മറ്റും ഇടപാടുകൾ നടത്തുക എന്നതും ജോലിയുടെ ഭാഗമാണ്. നിയമങ്ങളെല്ലാം തന്നെ പാലിച്ച്, ചടങ്ങ് ഷെഡ്യൂൾ ചെയ്യുക, ആവശ്യമായി വന്നാൽ ദുഃഖമനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് നൽകി സാന്ത്വനിപ്പിക്കുക എന്നതും ഒരു ഫ്യൂണറൽ മാനേജർ ചെയ്യണം.

ഏകദേശം എല്ലാ ദിവസവും ഫോണിലും മെയിൽ മുഖേനയും അന്വേഷണങ്ങൾ വന്നു കൊണ്ടിരിക്കും എന്നതിനാൽ തന്നെ ഈ മാധ്യമങ്ങൾ ഉപയോഗിക്കാനറിയണം. മറ്റുള്ളവരെ സ്നേഹത്തോടെ സാന്ത്വനിപ്പിക്കാനുള്ള കഴിവ്, ടീം ആയി ജോലി ചെയ്യുവാനുള്ള ശേഷി, സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് അതിന്റെ നിജസ്ഥിതി ഉറപ്പു വരുത്തൽ, ആശയവിനിമയത്തിലുള്ള തികവ്, എന്നിവയൊക്കെ ഈ ജോലിക്ക് അനിവാര്യമായും വേണ്ടതാണ്. കമ്പ്യൂട്ടർ വിജ്ഞാനം, പ്രേരണാത്മകമായി സംസാരിക്കുവാനുള്ള കഴിവ്, എന്നിവയും ജോലിയെ വളരെയധികം സഹായിക്കും. മനുഷ്യരുമായി ഇടപഴകി, അവരുടെ വിഷമത്തിൽ പങ്കാളിയായി, അവരുമായി ഒരു ബന്ധം സ്ഥാപിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക് പൂർണ്ണതയോടെ ഈ ജോലി നിർവ്വഹിക്കുവാൻ സാധിക്കുകയുള്ളു.

മോക്ഷശിൽ പോലത്തെ സ്റ്റാർട്ട്അപ്പുകളിലൂടെ ഇന്ത്യയിലും ഫ്യൂണറൽ സർവീസ് സ്ഥാപനങ്ങൾ വേര് പിടിച്ച് തുടങ്ങിയിരിക്കുമ്പോൾ അതൊരു സാധ്യതകളുടെ വാതിലാണ് തുറക്കുന്നത്. 75 ശതമാനത്തിലേറെ സംതൃപ്തി നൽകുന്നതായി ഈ ജോലിയെ, 65  ശതമാനത്തോളം പേർ, അർത്ഥവത്തായത് എന്നാണ് വിശേഷിപ്പിച്ചത്. ഫ്യൂണറൽ സർവീസ് മാനേജ്‌മന്റ്, മോർച്വറി സയൻസസ് എന്നതൊക്കെയാണ് തിരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ.     യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ, ഹഡ്സൺ കോളേജ്, മുതലായ അന്താരാഷ്ട്ര കോളേജുകളിൽ കോഴ്‌സുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ കോളേജുകളിലും വൈകാതെ ഈ മേഖല പഠന വിഷയമാക്കുമെന്നു തീർച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!