“ബ്ബ ബ്ബ ബ്ബ ബ്ബ അല്ല! വിതൗട്ട് മാത്തമാറ്റിക്സ് ഭൂമി ഒരു വട്ട പൂജ്യവാ!” -സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഈ ഡയലോഗ് അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. അതെ, ഏറ്റവും പുരാതനവും അടിസ്ഥാനപരവുമായ ശാസ്ത്രമാണ്, ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഗണിതശാസ്ത്രം അഥവാ മാത്തമാറ്റിക്സ്. ദൈനംദിന ജീവിതത്തിൽ, ഒരു സാധാരണ വ്യക്തി പോലും ഒത്തിരിയധികം ഉപയോഗിക്കുന്ന വേറൊരു വിഷയം ചിലപ്പോൾ ഉണ്ടാകില്ല. എല്ലാറ്റിനും അതിന്റേതായ കണക്കുകൾ ഉണ്ടല്ലോ. എന്നാൽ കണക്ക് കൊണ്ട് ജീവിക്കുന്നവരുണ്ടോ?

ഗണിതത്തിന്റെ സിദ്ധാന്തങ്ങളെയും, ടെക്നിക്കുകളെയും, അൽഗോരിതങ്ങളേയും മറ്റും വിനിയോഗിച്ച് ശാസ്ത്ര-സാമ്പത്തിക-എൻജിനീയറിങ്-വാണിജ്യ മേഖലകളിലെ പ്രേശ്നങ്ങളെ ലഘൂകരിച്ച് അതിനൊക്കെ ഒരുത്തരം കണ്ടെത്തുക എന്നതാണ് മാത്തമാറ്റിഷ്യന്മാർ ചെയ്യുന്നത്. മാത്തമാറ്റിഷ്യന്മാരുടെ ജോലിയെ പ്രധാനമായും രണ്ടായി തരാംതിരിക്കുവാൻ സാധിക്കും – സിദ്ധാന്തപരമായ ശാഖയും, പ്രായോഗികപരമായ ശാഖയും. സിദ്ധാന്തങ്ങളുടെ മേഖലയിൽ കൂടുതൽ ശ്രധ്ധ ചെലുത്തുന്ന മാത്തമാറ്റിഷ്യന്മാർ പ്രധാനമായും ചെയ്യുക ശാസ്ത്ര തത്വങ്ങളെ നിരീക്ഷിച്ച്, പരീക്ഷണങ്ങൾ നടത്തി അവയിൽ നിന്നും പുതിയ തത്വങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തിയെടുക്കുക എന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ അടുത്ത തലമുറകൾക്ക് അറിവ് പകർന്നു നൽകാനായി കോളേജുകളിലും മറ്റും പ്രൊഫസ്സർമാരായി ജോലി ചെയ്യുന്നതിന്റെ കൂടെയായിരിക്കും പലരും ഗവേഷണങ്ങളിൽ സമയം ചെലവഴിക്കുന്നത്.

പുത്തൻ ആശയങ്ങൾക്കും, നവീനമായ ആവിഷ്കാരങ്ങൾക്കും പലപ്പോഴും തറക്കല്ലിടുന്നത് ഇത്തരം ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങളുടെ കണ്ടെത്തലുകളാണ്. എന്നാൽ അപ്പ്ലൈഡ്‌ മാത്തമാറ്റിഷ്യന്മാരാണ്, ഈ തത്വങ്ങളെയും ടെക്നിക്കുകളെയും ഉപയോഗിച്ച്, മോഡലിങ്ങും മറ്റും ചെയ്യുക വഴി, ഇത്തരം ആവിഷ്കാരങ്ങൾക്ക് രൂപം കൊടുക്കുന്നത്. ഉദാഹരണത്തിന്, രണ്ടു നഗരങ്ങൾക്കിടയിലൂടെയുള്ള ആകാശ ഗതാഗതം ഏറ്റവും മികച്ചതായി എങ്ങനെ ഷെഡ്യൂൾ ചെയ്യാം, പരീക്ഷണാത്മകമായ നിർമ്മിച്ച ഒരു വാഹനത്തിന്റെ എയ്റോഡൈനാമിക് സവിശേഷതകൾ, പുത്തൻ നിർമ്മാണ പദ്ധതിയുടെ ചെലവ് മുതലായവയെല്ലാം കണക്കുകൂട്ടി ഇത്തരം കഠിനമായ പ്രാവർത്തികപരമായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നതാണ് ഇവരുടെ ജോലി.

ഇനി മറ്റൊരു കൂട്ടരുണ്ട് – ക്രിപ്റ്റനലിസ്റ്റുകൾ. കോഡുഭാഷയെ വിശകലനം ചെയ്ത, അർത്ഥം ഗ്രഹിക്കുവാനും, രഹസ്യ സന്ദേശങ്ങൾ ക്രോഢീകരിച്ച് അയക്കുവാനുമെല്ലാം മികവുറ്റവരാണിവർ. സൈന്യം, രാഷ്ട്രീയം, സാമ്പത്തികം, നിയമ നടപടി മുതലായ മേഖലകളിൽ വളരെയധികം സഹായകവും അത്യാവശ്യവുമാണ് ഇവരുടെ സേവനം.

കമ്പ്യൂട്ടർ അനലിസ്റ്റ്, ഡാറ്റ മാർക്കറ്റിങ് എക്സ്പെർട്, ഓപ്പറേഷൻ റിസർച്ച് അനലിസ്റ്റ്, ചാർട്ടേർഡ് അക്കൗണ്ടന്റ്, പ്രൊഫസർ, സ്റ്റാറ്റിസ്റ്റീഷ്യൻ – ഈ മേഖലകളോടൊക്കെ ഒത്തിരിയധികം ചേർന്നിരിക്കുന്നതിനാൽ തന്നെ ഇവയിലേക്കൊക്കെ പോകുവാനും സാധിക്കുന്ന ഒരു ശാഖയാണിത്. ഏത് ശാഖയിലായാലും, കമ്പ്യൂട്ടർ പ്രോഗ്രാമിങിനെ പറ്റിയുള്ള അടിസ്ഥാനപരമായ അറിവ്, ഗണിതശാസ്ത്ര-ഊർജ്ജശാസ്ത്ര വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും തികവും, ചിന്താശേഷി, യുക്തി, ശക്തമായ റീസണിങ് മികവ്, ആശയവിനിമയ മികവ് എന്നിവ വളരെയധികം ആവശ്യമായി വരും.

ഇപ്പറഞ്ഞതിൽ പല ജോലിക്കും വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ ഗണിതശാസ്ത്രത്തിൽ ബിരുദം വേണമെങ്കിലും, ബിരുദാനന്തര ബിരുദമോ പി.എച്ച്.ഡിയോ ഉണ്ടെങ്കിൽ ജോലി ലഭിക്കുക വളരെ എളുപ്പമാകും. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ചെന്നൈ, കാൺപൂർ, റൂർക്കി ഐ.ഐ.ടികൾ, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസ്, ചെന്നൈയിലെ എസ്.ആ.എം. യൂണിവേഴ്സിറ്റി എന്നിവയാണ് രാജ്യത്ത് ഗണിതശാസ്ത്രത്തിൽ ഏറ്റവും മികച്ച ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള കോളേജുകൾ. വളരെയധികം തൊഴിൽ സാധ്യതകൾ, പുത്തൻ സ്റ്റാർട്ടപ്പുകളുടെ കാലമായതിനാൽ തന്നെ ഈ മേഖലയ്ക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ ഒത്തിരിയധികം കോളേജുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും ഇപ്പോൾ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്യുന്നു.

ചാക്കോ മാഷിന്റെ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നു -“എ പ്ലസ് ബി ദ ഹോൾ സ്‌ക്വെയർ ഈക്വെൽസ്?”

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!