ഡെന്റിസ്റ്റ് എന്ന ഒറ്റവാക്കിൽ നമ്മൾ വിളിക്കുമെങ്കിലും ഓരോ സ്പെഷ്യലൈസേഷൻ തിരഞ്ഞെടുത്തവരുടെയും ജോലി പലതാണ് എന്ന് വ്യക്തമാണല്ലോ. പല്ലുകളുടെ ഘടനാപരമായ ക്രമക്കേടുകൾക്ക് പരിഹാരം കണ്ടെത്തുന്നവരാണ് ഓർത്തോഡോന്റിസ്റ്റുമാർ. പല്ലിൽ കമ്പിയിടുക എന്നതാണ് ഇതിനു ഏറ്റവും സാധാരണയായി ഉപയോഗിച്ച് വരുന്ന പ്രതിവിധി.

ഓർത്ത് എന്നാൽ നേരെ എന്നും, ഓഡന്റ് എന്നാൽ പല്ലുകൾ എന്നുമാണ് അർത്ഥം. അതിൽ നിന്നാണ് ഈ പേരുണ്ടായത്. പല്ലുകൾ, താടിയെല്ല്, എന്നിവയുടെ ക്രമരഹിതമായ ഘടനയെയാണ് ഇവർ ചികിത്സിക്കുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് തന്നെ, മനുഷ്യൻ ലോഹത്തിന്റെ കഷ്ണങ്ങൾ കൊണ്ട് പല്ലുകൾ നേരെയാക്കുവാൻ ശ്രമിച്ചിരുന്നതായി ചരിത്രപരമായ തെളിവുകളുണ്ട്. 400 ബി സി മുതലുള്ള കൃതികളിൽ ഇതിനെ പറ്റിയുള്ള പരാമര്ശങ്ങളുമുണ്ട്. എന്നാൽ 1800കളോടെയാണ് ഇതൊരു വൈദ്യശാസ്ത്ര ശാഖയായി പരിണമിച്ചത്. 1880ൽ പ്രസിദ്ധീകരിച്ച ട്രീറ്റിസ് ഓൺ ഡെന്റൽ ഡിഫോർമിറ്റിസ് എഴുതിയ നോർമൻ കിംഗ്സ്ലിയാണ് ഓർത്തോഡോന്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്.

വിടവുകളുള്ളതോ അല്ലെങ്കിൽ ക്രമാതീതമായി വളർന്നതോ ആയ പല്ലുകളെ വരിയിലാക്കുക എന്നതാണ് പ്രധാനമായും ജോലിയിൽ ചെയ്യേണ്ടത്. ഈ ഘടനാപരമായ പ്രശ്നങ്ങൾ, ശരിയായ സംസാരശേഷിക്കു പോലും ഒരു തടസ്സമായി മാറിയേക്കാം. മാത്രമല്ല ഇവയെ വൃത്തിയാക്കാൻ പലപ്പോഴും കഠിനമായതിനാൽ ഇവ നശിച്ചു പോകാനുള്ള സാധ്യതകളും ഏറെയാണ്. മോഡലുകളും കാസ്റ്റുകളും എക്സ് റേ മെഷീനുകളുമെല്ലാം ഉപയോഗിച്ചാണ് ചികിത്സാ നിർണ്ണയങ്ങളെടുക്കുന്നത്. വ്യക്തിയുടെ ചിരിയുടെ ഒരു ഫോട്ടോ ചികിത്സയ്ക്ക് മുന്നേയും പിന്നെയും എടുത്ത് വിശകലനം ചെയ്ത് ചികിത്സയുടെ നിലവാരം വിലയിരുത്താറുണ്ട്.

ഡെന്റിസ്‌ട്രിയിൽ ആഴത്തിലുള്ള അറിവാണ് ആദ്യമായി ഒരു ഓർത്തോഡോന്റിസ്റ്റിനു വേണ്ടത്. ക്ഷമ, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ, ആശയവിനിമയ മികവ്, ആധുനികമായ യന്ത്രങ്ങളെ ഉപയോഗിക്കാനുള്ള മിടുക്ക് എന്നിവയെല്ലാം ഈ മേഖലയിലേക്ക് കടന്നുവരാൻ വളരെ ആവശ്യമായ ഗുണങ്ങളാണ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ആദിപരാശക്തി ഡെന്റൽ കോളേജ്, ഉത്തർ പ്രദേശിലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവ ഈ കോഴ്സ് ലഭ്യമായ പ്രധാന സ്ഥാപനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!