സ്‌കൂൾ പ്രായത്തിൽ കൂട്ടുകാരന് അല്ലെങ്കിൽ കൂട്ടുകാരിക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി വരച്ചു കൊടുക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതൊരു ജോലിയായി തിരഞ്ഞെടുക്കുവാൻ സാധിക്കുമോ?

ഇത് ഗൂഗിൾ മാപ്സിന്റെ തലമുറയാണ്. ഏത് പുതിയ സ്ഥലത്ത് പോകണമെങ്കിലും ആദ്യം ചെയ്യുക മാപ്സിൽ അതിന്റെ ലൊക്കേഷൻ വിലയിരുത്തുക എന്നതാണ്. പോരാത്തതിന് ആ സ്ഥലത്തെ പറ്റി കണ്ടവരുടെ അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം ഇപ്പോൾ വിരൽത്തുമ്പുകളിൽ ലഭ്യമാണ്. എന്നാൽ, കേവലം സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് പുറമെ, ജീവിതത്തിൽ ഈ ഭൂപടങ്ങളുടെ ആവശ്യമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മാപ്പുകൾ കൈ കൊണ്ട് വരച്ചുണ്ടാക്കിയിരുന്ന ഒരു സമയം വരെയുണ്ടായിരുന്നു. അതാണ് ഒരു കാർട്ടോഗ്രാഫറുടെ ജോലി – ഭൂപടങ്ങൾ തയ്യാറാക്കുക. ഈ 21-ാം നൂറ്റാണ്ടിലും, ലോകം മൊത്തം ഒരു കൈപ്പത്തിയിലൊതുങ്ങുന്ന ഈ കാലത്തും ഈ ജോലിക്ക് പ്രസക്തിയുണ്ടോ?

കപ്പൽ യാത്രക്കാർക്കും ലോക പര്യവേഷണത്തിനു പുറപ്പെട്ടവർക്കും പണ്ട് ഏക ആശ്രയം ഇത്തരം ഭൂപടങ്ങളായിരുന്നു. എന്നാൽ അവയുടെ രൂപവും ഭാവവും മാറിയെങ്കിലും അടിസ്ഥാന ഘടകങ്ങളെല്ലാം ഒന്ന് തന്നെ – സമതുലനാവസ്ഥ, പൊരുത്തം, വ്യക്തത. ഇന്നും സാമാന്യം ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയാണ് കാർട്ടോഗ്രാഫറുടേത്. ഇപ്പോൾ ജാവസ്ക്രിപ്റ്റ്, വെബ് ജി.എൽ. മുതലായ സാങ്കേതികവിദ്യകളും പ്രോഗ്രാമിങ് ഭാഷകളും മറ്റും ഉപയോഗിച്ചാണ് പ്രവർത്തനം നടക്കുന്നത്. കളർ തിയറിയും മറ്റ് കാർട്ടോഗ്രാഫിക് സിദ്ധാന്തങ്ങളും അറിഞ്ഞിരിക്കണം. അളന്നു മുറിച്ച്, കയറ്റിറക്കങ്ങളെല്ലാം സൂക്ഷ്മമായി പകർത്തി, കോർഡിനേറ്റ് സിസ്റ്റങ്ങൾ അറിഞ്ഞ് ചെയ്യണമെന്നത് ഈ ജോലിയുടെ ഭാഗമാണ്. ലഭ്യമായ വിവരങ്ങളെല്ലാം ശേഖരിച്ച്, സൂക്ഷിച്ച്, തരംതിരിച്ച്, വിനിയോഗിച്ച് ഭൂമിശാസ്ത്രപരമായ അറിവും ജ്ഞാനവും കൊണ്ട് പൂർണ്ണതയോടെയുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുക എന്നതാണ് ജോലി എന്ന് പറയാം.

ഭൂമിശാസ്ത്രത്തിലെ വ്യക്തമായ അറിവിന് പുറമെ പ്രോഗ്രാമിങ് കഴിവ്, ഡേറ്റാബേസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി, വിശകലനം ചെയ്യാനും നിരീക്ഷിക്കാനുമുള്ള പാടവം, സൂക്ഷ്മദൃഷ്‌ടി എന്നിവയെല്ലാം ജോലിക്കാവശ്യമാണ്. ഭൂപടങ്ങൾ കേവലം സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണയിക്കുക എന്നതിലുപരി ആഗോളവത്കരണത്തിന്റെ ഫലമായ വസ്തുക്കളുടെ യാത്രയുടെ പാത, ആഗോള താപനത്തിന്റെയും കാലാവസ്ഥയുടെയും താപനിലയുടെയും സ്ഥിതി എന്നിവയൊക്കെ സൂചിപ്പിക്കുവാനും ഉപയോഗിക്കാൻ സാധിക്കുമെന്നത് ഇതിന്റെ വളരെ വലിയ സവിശേഷതയാണ്. ഇതൊരു ദൃശ്യ-വിനിമയ മാധ്യമമാണ്. പലതവണ ഇത് മാറ്റങ്ങൾക്കും രൂപാന്തരത്തിനും വിധേയമാകും.

കലയുടെയും, ശാസ്ത്രത്തിന്റെയും, സാങ്കേതികതയുടെയും ത്രിവേണി സംഗമമാണ് കാർട്ടോഗ്രഫിയെന്നു പറയാം. കാർട്ടോഗ്രാഫർ എന്ന പദവി ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും ലോകരാജ്യങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള, ഒട്ടേറെ വിവരങ്ങൾ ഒറ്റ താളിൽ കാണിക്കുവാൻ കഴിയുന്ന ഭൂപടങ്ങൾ നിർമ്മിക്കുന്ന കാർട്ടോഗ്രാഫർമാർക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ ജോഗ്രഫിക്കൽ കാർട്ടോഗ്രഫിയിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സുകൾ ലഭ്യമാണ്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി, വിശാഖപട്ടണത്തെ ആന്ധ്ര യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് എന്നീ സ്ഥാപനങ്ങൾ ജിയോ ഇൻഫോർമാറ്റിക്സ് കോഴ്‌സുകൾ നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!