ദൃശ്യങ്ങൾ കൊണ്ട് കാഴ്ചക്കാരുടെ വികാരവിചാരങ്ങൾ തൊട്ടുണർത്താൻ സാധിക്കുക എന്നത് ഒരു കഴിവുറ്റ, പരിചയ സമ്പന്നനായ സിനിമട്ടോഗ്രാഫർക്കു മാത്രം സാധിക്കുന്ന ഒന്നാണ്. ഇറ്റർണൽ സൺഷൈൻ ഓഫ് ദ സ്‌പോട്ട്‌ലെസ്‌ മൈൻഡ് മുതൽ ആദാമിന്റെ മകൻ അബു വരെ, ചിത്രീകരണ മികവ് കൊണ്ട് കാഴ്ചക്കകാരെ അമ്പരപ്പിച്ച ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഭാഷകൾക്കും വിഭാഗങ്ങൾക്കും പുറമെ, ഏതൊരു ചിത്രത്തിലും മറ്റേത് മേഖലയെക്കാളും പ്രാധാന്യമുള്ളതായ ഒരു മേഖലയാണിത്.

ഡി.ഒ.പി. അഥവാ ഡയറക്ടറർ ഓഫ് ഫോട്ടോഗ്രാഫി എന്നും ഈ വിദഗ്ദ്ധരെ വിളിക്കാറുണ്ട്. സിനിമയുടെയോ, ടി.വി. പ്രോഗ്രാമിന്റെയോ, മറ്റേതെങ്കിലും ദൃശ-ശ്രാവ്യ മാധ്യമത്തിന്റെയോ ചിത്രീകരണം നിർവ്വഹിക്കുക എന്നതാണ് ജോലിയുടെ ഉത്തരവാദിത്വം. ഷോട്ട്, ആംഗിൾ, ഫ്രെയിം, എക്സ്പോഷർ, കളർ എന്നിവയെല്ലാം ശ്രദ്ധിച്ചു വേണം ഈ ജോലി കൈകാര്യം ചെയ്യുവാൻ. ഒരു ദൃശ്യഭാഷ തന്നെ രൂപപ്പെടുത്തിയെടുത്ത ഒരു ആശയം ആ ചിത്രത്തിലെ ഓരോ ഷോട്ടുകളിലൂടെയും സീനുകളിലൂടെയും കാഴ്ചക്കാരനിലേക്കെത്തിക്കുവാൻ സാധിക്കണമെങ്കിൽ അതിനു സാധിക്കുന്ന അനുയോജ്യമായ ദൃശ്യങ്ങൾ സിനിമട്ടോഗ്രാഫർ ക്യാമറയിൽ പകർത്തണം. ചിത്രത്തിന്റെ കലാപരമായ ഭാവം തീരുമാനിക്കുന്നതിലും ഗതി നിയന്ത്രിക്കുന്നതിലും ഇക്കൂട്ടരുടെ പങ്ക് വളരെ വലുതാണ്.

സംവിധായകനൊത്തു ചേർന്ന് ഒരു സ്ക്രിപ്റ്റിന് ജീവൻ നൽകുന്നത് ഇവരാണ്. ക്യാമറയുടെ സ്ഥാനം, ആംഗിളുകൾ, ചലനം എന്നിവയുടെ കൂടെ ലൈറ്റിങ്ങും ഫിൽറ്ററുകളും മറ്റുപാധികളും ഉപയോഗിച്ച് ആവശ്യമായ വികാരമുളവാക്കുവാൻ സാധിക്കണം. കലാപരമായ ജ്ഞാനവും കഴിവും ഈ ജോലിക്കാവശ്യമാണ്. ഉത്തരവാദിത്വബോധം, കാഴ്ച്ചശക്തിയും നിറങ്ങളുടെ ബോധവും, ടീം ആയി ജോലി ചെയ്യുവാനും എന്നാൽ നേതൃത്വ മികവ് ആവശ്യമുള്ളപ്പോൾ പ്രകടിപ്പിക്കുവാനുമുള്ള ശേഷി, ആത്മവിശ്വാസം. ആശയവിനിമയ മികവ്, എന്നിവയെല്ലാം ജോലിക്ക് അത്യന്തം ആവശ്യമാണ്.

പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ടി.ഐ.) ആണ് രാജ്യത്ത് സിനിമട്ടോഗ്രഫി കോഴ്സ് ലഭ്യമാക്കിയിട്ടുള്ളതിൽ ഏറ്റവും പ്രമുഖമായ സ്ഥാപനം. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയത്തെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്, കൊച്ചിയിലെ അമൃത സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ്, ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ, മുംബൈയിലെ വിസ്‌ലിങ്ങ് വുഡ്‌സ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെലിവിഷൻ ആൻഡ് മീഡിയ, നോയിഡയിലെ ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ, ചെന്നൈയിലെ എൽ.വി.പ്രസാദ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമി, വിജയവാഡയിലെ ആന്ധ്ര ലയോള കോളേജ്, ബംഗളുരുവിലെ ഗവണ്മെന്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെയെല്ലാം കോഴ്‌സുകൾ ഇന്ന് രാജ്യത്താകെ ജനശ്രദ്ധയാകർഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!