രാജ്യത്തെ സുരക്ഷാ സേനകളിലൊന്നാണല്ലോ നാവിക സേന. പ്രതിരോധ തന്ത്രങ്ങളുടെയും ആക്രമണ നയങ്ങളുടെയും മഹാസാഗരമാണ് ഒരു ദേശത്തെ നാവിക സേന. ഈ കപ്പൽവ്യൂഹം 3 വശത്തും കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ ഇന്ത്യയിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഈ സേനയ്ക്ക് കപ്പലുകൾ ഡിസൈൻ ചെയ്തു നിർമ്മിക്കുന്നത് ഒരു നേവൽ ആർക്കിട്ടെക്ടാണ്. പടക്കപ്പലുകൾ മാത്രമല്ല യാത്രാക്കപ്പൽ, ചരക്കുകപ്പൽ, ക്രൂസ് പോലുള്ള വിനോദ കപ്പലുകൾ എന്നിവയൊക്കെ നിർമ്മിക്കുന്നത് നേവൽ ആർക്കിടെക്ടുകൾ തന്നെ. കപ്പലിന്റെ ഓരോ ഭാഗങ്ങളുടെയും ഘടനയും വലിപ്പവും മറ്റ് വിശദശാംശങ്ങളും വിലയിരുത്തുക, അവ നിർമ്മിക്കുവാനായി ഡിസൈനുകൾ രൂപപ്പെടുത്തുക, കപ്പലിന്റെ ഊർജ്ജ സ്രോതസ്സുകളുടെ കാര്യക്ഷമത ഉറപ്പു വരുത്തുക, പ്രോട്ടോടൈപ്പുകൾ നിർമ്മിച്ച് ഏറ്റവും മികവുറ്റ മോഡലുകളേതെന്ന് വിശകലനം ചെയ്ത് അവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുക എന്ന് തുടങ്ങി ഉത്തരവാദിത്വങ്ങൾ നീളുന്നു ഈ ജോലിക്ക്.
കൂടുതലും ഓഫീസിലെ 4 ചുമരുകളുടെ സുഖത്തിനു പുറത്തേക്കിറങ്ങി യാർഡുകളിലും മറ്റുമായി ആയിരിക്കും ജോലി ചെയ്യേണ്ടി വരിക. വിഴിഞ്ഞം തുറമുഖം പോലെ മറ്റ് തുറമുഖങ്ങൾ കേരളത്തിൽ ഉണ്ടാകുമ്പോൾ അത് ആ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ആഗോളവത്കരണത്തിനും മാത്രമല്ല, അനേകമനേകം ജോലി സാധ്യതകൾക്കും അവസരങ്ങൾക്കുമാണ് വഴിയൊരുക്കുന്നത്. രാജ്യാന്തര വിപണിയിൽ വസ്തുക്കൾ അങ്ങോളമിങ്ങോളം കടൽമാർഗം യാത്ര ചെയ്യേണ്ടി വരുമ്പോൾ, അതിനനുയോജ്യമായ കപ്പലുകൾ നിർമ്മിക്കുക എന്നത് ഒരു കടമ്പ തന്നെയാണ്.
ഡിസൈനിങ് കഴിവുകൾ, സൂക്ഷ്മ നിരീക്ഷണം, യുക്തി, ടീം ആയി ജോലി ചെയ്യുവാനുള്ള കഴിവ്, നേതൃത്വ മികവ്, പരിഹാരങ്ങൾ കണ്ടെത്താനുള്ള ശേഷി, മനസ്സാന്നിധ്യം, ആശയവിനിമയ മികവ്, ഗണിത ശാസ്ത്രത്തിൽ പ്രത്യേകിച്ചും ജോമെട്രി, ട്രിഗണോമെട്രി സംബന്ധിയായ വിഷയങ്ങളിലെ പരിജ്ഞാനം എന്നിവയെല്ലാം ഈ ജോലിക്ക് അനിവാര്യമാണ്. ഇത് കൂടാതെ കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ അഥവാ സി.എ.ഡിയിൽ പരിചയ സമ്പത്തും ആവശ്യമായി വന്നേക്കാം. എയ്റോ ഹൈഡ്രോ മൾട്ടീസർഫ്, ഓട്ടോഡെസ്‌ക് ഓട്ടോകാഡ്, സീസേഫ് മറൈൻ സോഫ്ട്‍വെയർ തുടങ്ങിയ സോഫ്ട്‍വെയറുകൾ ഉപയോഗിക്കുവാനുള്ള അറിവും ജോലിക്കാവശ്യമാണ്.
ഡൽഹി, ഖരഗ്‌പുർ, ചെന്നൈ എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), വിശാഖപട്ടണത്തെ ആന്ധ്ര യൂണിവേഴ്സിറ്റി, ചെന്നൈയിലെ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, അക്കാഡമി ഓഫ് മാരിടൈം എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ്, ഇന്റർനാഷണൽ മാരിടൈം അക്കാഡമി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയാണ് വിഷയത്തിൽ കോഴ്‌സുകൾ നൽകുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ.