AKHIL G

Tech Journalist | Google Hall Of Fame. 

 

കുറേ  കാലങ്ങളായി   കേൾക്കുന്ന ഒരു സംഭവമാണ് ഓൺലൈൻ ട്യൂഷൻ. ഇത് എന്താണെന്നു അറിയാത്തവരും,  എന്താണെന്ന് അറിയാനാഗ്രഹിക്കുന്നവരും ഒരുപാടുപേരാണ്. അതേ സമയം, ഓൺലൈൻ ട്യൂഷനിലൂടെ മാസം നല്ലൊരു വരുമാനമാർഗം കണ്ടെത്തുന്ന ചില മിടുക്കന്മാരും മിടുക്കികളുമുണ്ട്.

പേര് കേൾക്കുന്നപോലെ അത്രയും ടെക്നിക്കൽ ആയ സംഭവം ഒന്നുമല്ല ഈ ഓൺലൈൻ ട്യൂഷൻ. ഒരു നല്ല കമ്പ്യൂട്ടറും നല്ല ഇ‌‍‌ന്‍റർനെറ്റ്  കണക്ഷനും ഉണ്ടെങ്കിൽ നമുക്കെല്ലാവർക്കും ചെയ്യാവുന്നതാണിത്. നമ്മൾ ഓരോരുത്തരും വ്യത്യസ്തമായ കാര്യങ്ങളിൽ വിദഗ്ദ്ധരാണ്. അതിൽ പലർക്കും വിദ്യഭ്യാസ യോഗ്യതകളും സർട്ടിഫിക്കറ്റുകളും ഉണ്ട്. അതേ സമയം, കഴിവുണ്ടായിട്ടും അറിവിണ്ടായിട്ടും സർട്ടിഫിക്കേഷനൊന്നുമില്ലാത്ത ഒരുപാടു മിടുക്കരും നമുക്കിടയിലുണ്ട്. അപ്പോൾ ഞാൻ പറഞ്ഞുവരുന്നത്, ഓൺലൈൻ ട്യൂഷൻ എന്ന് പറയുന്നത് മുകളിൽ പറഞ്ഞ രണ്ടുകൂട്ടർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ഒരു തൊഴിൽ ആണ്.

നമ്മുടെ കയ്യിൽ അറിവുണ്ടെങ്കിൽ അത് നമ്മുടെ കയ്യിൽനിന്നു പിടിച്ചു വാങ്ങാൻ വെമ്പൽ കൊള്ളുന്ന ഒരു ലോകമാണ് ഇന്നുള്ളത്. വിദ്യാഭ്യാസത്തിനും അറിവിനും കൂടുതൽ ഊന്നൽ നൽകുന്ന ഒരു കാലഘട്ടം. അതുകൊണ്ടു തന്നെ നമ്മുടെ കയ്യിലുള്ള അറിവുകൾ പകർന്നുനൽകുന്നതും ഒരു മികച്ച തൊഴിൽ അവസരമാണ്. പക്ഷെ എല്ലാവർക്കും ഒരുപോലെ ട്യൂഷൻ സെന്‍റർ പോലുള്ള സംവിധാനങ്ങൾ തയ്യാറാക്കി ട്യൂഷൻ എടുക്കാൻ സാധിക്കില്ല. അങ്ങനെയുള്ളവർക്കായുള്ള ഒരു പുതിയ വഴിയാണ് ഓൺലൈൻ ട്യൂഷൻ. ഇതിലൂടെ മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നതിൽ മുൻപന്തിയിൽ വീട്ടമ്മമാരും റിട്ടയേർഡ് ആയ ആളുകളും കോളേജ് വിദ്യാർത്ഥികളും ആണെന്നതാണ് മറ്റൊരു അതിശയകരമായ കാര്യം.

 

അപ്പോൾ പറഞ്ഞുവന്നത് എന്തെന്നുവെച്ചാൽ, അറിവുണ്ടെങ്കിൽ ആർക്കും എവിടെ നിന്ന് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ചെയ്യാവുന്ന ഒരു തൊഴിലവസരമാണിത്. പക്ഷെ, എന്തിലും മുൻപിൽ നിൽക്കുന്ന നമ്മൾ മലയാളികൾ ഈ മേഖലയിൽ  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ് എന്ന് പറയാതെ വയ്യ. ചെന്നൈ പോലുള്ള മറ്റു സിറ്റികളിൽ നിന്നും ഒരുപാടുപേരാണ് ഓൺലൈൻ ട്യൂഷൻന്‍റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്.

മുകളിൽ പറഞ്ഞതുപോലെ വളരെയധികം ടെക്നിക്കൽ അറിവ് ആവശ്യമുള്ള കാര്യമല്ല ഇത്. ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നപോലെ വളരെ അനായാസമായി ഓൺലൈൻ ട്യൂഷൻ മേഖലയിലേക്ക് കടന്നു വരാവുന്നതാണ്. നമ്മുടെ കയ്യിൽ നിന്ന് വേണ്ട മുതൽമുടക്ക് നമുക്കുള്ള അറിവും അത് പകർന്നു നൽകുന്നതിനുള്ള കഴിവുമാണ്.

ഇനി പറയുന്നത് ഒരു പുതിയ ആളിന് ഇത് എങ്ങനെ തുടങ്ങാം എന്നാണ്. ഓൺലൈൻ ട്യൂഷൻ എത്രമാത്രം ജനപ്രിയമാണെന്നതിനു തെളിവാണ് ഓൺലൈനിൽ ലഭ്യമായിട്ടുള്ള നൂറുകണക്കിന് ഓൺലൈൻ കോഴ്സ് പോർട്ടലുകൾ. നിരവധി പോർട്ടലുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം സ്വയം തിരഞ്ഞെടുക്കാം. ചില പ്രശസ്തമായ ഓൺലൈൻ ടീച്ചിങ്‌ പോർട്ടലുകൾ ഇനി പറയുന്നവയാണ്:  

  1. SuperProf.co.in
  2. Udemy.com
  3. Vedantu.com
  4. Tutor.com
  5. Skillshare.com
  6. Lynda.com

ഇവയെല്ലാമാണ് ഇൻറർനെറ്റിൽ ഇപ്പോൾ ട്രെൻഡിങ്ങും വിശ്വാസയോഗ്യവുമായ ഓൺലൈൻ ടീച്ചിങ്‌ പോർട്ടലുകൾ. ഇവയിലെല്ലാം നിങ്ങൾക്ക് ഒരു ഇന്‍സ്ട്രക്ടര്‍ അല്ലെങ്കിൽ ടീച്ചർ ആയി ജോയിൻ ചെയ്യാം. ചില പോർട്ടലുകൾ നിങ്ങളുടെ അറിവും സ്കിൽസും മാനദണ്ഡമാക്കി ആണ് നിങ്ങളെ സെലക്ട് ചെയ്യുന്നത്. അതേ സമയം, ചില പോർട്ടലുകൾ പ്രാധാന്യം കൊടുക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾക്കാണ്. ഏറ്റവും രസകരമായ സംഗതി എന്തെന്ന് വെച്ചാൽ, പഠിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾക്കും വേറെ കോഴ്‌സുകളും മറ്റുള്ള ചെറിയ സ്കിൽസും പഠിക്കാം. അതിനുള്ള സൗകര്യവും ഇത്തരം സൈറ്റുകൾ നൽകുന്നുണ്ട്. അതുവഴി നിങ്ങൾ നേടുന്ന അറിവുകൾ വെച്ച് നിങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു. കോഴ്സ് കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ നിന്ന് നേടിയ അറിവുകൾ ഉപയോഗിച്ചുകൊണ്ട് വീണ്ടും ആ മേഖലയിലെ വിദ്യാർത്ഥികളെയും കൂടി പഠിപ്പിക്കാൻ കഴിയും. അതുകൊണ്ടു തന്നെ, തീരെയും ബോറടിപ്പിക്കാത്ത ഒരു തൊഴിൽ മേഖലയാണിത്.

 

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഓൺലൈൻ ടീച്ചിങ്‌ പോർട്ടലുകളും വളരെ സുതാര്യമായി പ്രവർത്തിക്കുന്നവയാണ്. മറ്റുള്ള ഓൺലൈൻ ജോലികളെക്കാളും ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്നതും ഈ മേഖല തന്നെയാണ്. പിന്നീട് വരുന്ന ഏറ്റവും വലിയ സംശയം എത്ര രൂപ മാസം സമ്പാദിക്കാൻ കഴിയും എന്നുള്ളത് തന്നെയാകും, തിരിച്ച് പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലെങ്കിൽ ഒരു ജോലി ചെയ്യുന്നതിൽ അർത്ഥമില്ലല്ലോ. ഓരോ പോർട്ടലുകൾക്കും അവരുടേതായ സാമ്പത്തിക ശൃംഖലയാണുള്ളത്. അതനുസരിച്ചാണ് അവർ പ്രതിഫലം നിശ്ചയിക്കുന്നത്.  കൂടാതെ പഠിപ്പിക്കുന്നയാളുടെ കഴിവും, യോഗ്യതകളും, പ്രവർത്തിപരിചയവും ഒക്കെ ആശ്രയിച്ചാകും പ്രതിഫലം നിശ്ചയിക്കുന്നത്. കൂടാതെ നമ്മൾ തിരഞ്ഞെടുക്കുന്ന കോഴ്‌സിന്‍റെ സ്വഭാവം അനുസരിച്ചും പ്രതിഫലത്തുക മാറും.  

മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ, നിങ്ങൾക്ക് ഓൺലൈൻ ടീച്ചർ ആയി ജോലി തുടങ്ങാൻ ഒരു കമ്പ്യൂട്ടർ വേണമെന്ന് നിർബന്ധമൊന്നുമില്ല. മുകളിൽ പറഞ്ഞിരിക്കുന്ന പോർട്ടലുകളിൽ പലരും ഇപ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള ട്യൂഷനും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.  ഒരു നല്ല മൊബൈൽ ഫോണും വേഗതയുള്ള ഡാറ്റ കണക്ഷനും ഉണ്ടെങ്കിൽ നമുക്ക് തന്നെ ചെയ്ത് തുടങ്ങാവുന്നതേ ഉള്ളു. അപ്പോൾ കയ്യിൽ ഉള്ള അറിവാണ് പ്രധാനം, നമ്മൾ തിരഞ്ഞെടുക്കുന്ന മേഖലയിൽ നമുക്ക് അറിവുണ്ടെങ്കിൽ, ഒട്ടും സാമ്പത്തിക നഷ്ടം വരാതെ നമുക്ക് തൊട്ടടുത്ത ദിവസം മുതൽ തന്നെ ഓൺലൈൻ ട്യൂഷൻ ചെയ്ത് തുടങ്ങാവുന്നതേ ഉള്ളു. അപ്പോൾ ഇന്ന് തന്നെ തുടങ്ങുവല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!