പാരമ്പര്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് ജീനുകൾ എന്ന ഏകകങ്ങൾ. ഡി.എൻ.എകളാൽ ഉണ്ടാക്കപ്പെടുന്ന ഇവ ഘടനപരമായും പ്രവർത്തിപരമായും ജീവന്റെ ആധാരമാണ്. ഇവയുടെ തകരാറുകൾ കാരണമാണ് പലപ്പോഴും പാരമ്പര്യപരമായി തലമുറകൾ കൈമാറി വരുന്ന രോഗങ്ങൾ രൂപമെടുക്കുന്നത്. ആയിരത്തിലൊരു കുട്ടിക്ക് വരെ ഉണ്ടാകുന്ന ഡൌൺ സിൻഡ്രോം മുതൽ ഒരു ബില്യണിൽ ഒരാളെ മാത്രം ബാധിക്കുന്ന ഹൈപ്പർട്രിക്കോസിസ് വരെ, രോഗങ്ങളുടെ നിര നീളുന്നു. ഈ രോഗങ്ങളാൽ ബാധിക്കപ്പെട്ട അല്ലെങ്കിൽ ഉയർന്ന രോഗബാധിതസാധ്യതകളുള്ള വ്യക്തികളെയും കുടുംബങ്ങളെയും, വൈദ്യശാസ്ത്രപരമായും മാനസികമായും ശാരീരികമായും ജീവിതത്തിലേക്ക് പൊരുത്തപ്പെടാൻ സഹായിക്കാനും, അത് വരുത്തുന്ന മാറ്റങ്ങളെയും മറ്റും പരിചയപ്പെടുത്താനുമെല്ലാമായി ജോലി ചെയ്യുന്നവരാണ് ജെനെറ്റിക്കൽ കൗൺസിലർമാർ.

കടുംബത്തിന്റെ ചരിത്രപരമായ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച് സൂക്ഷ്മമായി വിശകലനം ചെയ്ത്, രോഗസാധ്യതകൾ നിർണ്ണയിക്കുക എന്നത് ജോലിയുടെ ഒരു പ്രധാന ഭാഗമാണ്. ഒരു രോഗം ഉണ്ടാകാനുള്ള സാദ്ധ്യതകളും ആവർത്തിക്കാനുള്ള സാധ്യതകളും വിലയിരുത്തേണ്ടി വരാം. പാരമ്പര്യം, രോഗപ്രതിവിധികൾ, മെഡിക്കൽ ക്രമങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അറിവ് പകരുക, കൗൺസലിങ് ആവശ്യമായ സാഹചര്യങ്ങളിൽ നടത്തി അവസ്ഥയുമായി ഒത്തുപോകുവാനും ഉചിതമായ ജീവിത തീരുമാനങ്ങൾ എടുക്കുവാനും അവരെ പ്രാപ്തരാക്കുക എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.

വിഷയത്തിൽ ആഴത്തിലുള്ള അറിവാണ് ആദ്യമായി വേണ്ടത്. എന്നും മാറ്റങ്ങളുണ്ടാകുന്ന ഒരു മേഖലയായതിനാലും ഓരോ ദിവസവും പുതിയ രോഗനിർണ്ണയങ്ങൾ ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നത് കൊണ്ടും വിഷയത്തെ പറ്റിയുള്ള പരന്ന വായനയുണ്ടെങ്കിൽ മാത്രമേ ജോലിയിൽ 100 ശതമാനവും നൽകുവാൻ സാധിക്കുകയുള്ളു. ഇത് കൂടാതെ, മികച്ച ആശയവിനിമയ മികവ്, ക്ഷമ, സഹാനുഭൂതി, സൂക്ഷ്മ നിരീക്ഷണം എന്നിവയെല്ലാം ജോലിക്കനിവാര്യമാണ്.

ജെനറ്റിക് രോഗങ്ങൾ പഠനവിഷയമായി മാറുന്ന ഇന്ന് ഏറ്റവുമധികം ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്ന ഒരു മേഖലയായി ഇത് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ, കൂടുതൽ ഇൻസ്റിറ്റ്യൂട്ടുകൾ വിഷയത്തിൽ കോഴ്‌സുകൾ ലഭ്യമാക്കുകയാണ്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഈ വിഷയത്തിൽ എം.എസ്.സി. നൽകുന്നു. ബംഗളൂരു മണിപ്പാൽ ഹോസ്പിറ്റൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഹൈദരബാദിലെ കമിമേനി ഹോസ്പിറ്റൽസ് പി.ജി. സർട്ടിഫിക്കേഷൻ കോഴ്‌സും നൽകുന്നു. പശ്ചിമ ബംഗാളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജെനറ്റിക്സ്, പുണെയിലെ മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് എന്നിവിടെയും കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!