സംസ്ഥാന സര്‍ക്കാരിൻറെ ഹരിതകേരളം, മഹാത്മാ ഗാന്ധി സര്‍വകലാശാല ജൈവം പദ്ധതികളുടെ ഭാഗമായി നവീനാശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സുവർണ്ണാവസരം. ഉല്പന്നമാക്കാന്‍ കഴിയുന്ന ആശയമോ സേവനമേഖലയില്‍ പ്രായോഗികമാക്കാവുന്ന ആശയമോ ഉള്ള കേരളത്തിലെ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ 3 വര്‍ഷത്തിനകം ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്ററും അന്തര്‍ സര്‍വകലാശാലാ സുസ്ഥിര ജൈവ കൃഷി കേന്ദ്രവും നടത്തുന്ന ജൈവ സ്റ്റുഡന്റ്സ് സ്റ്റാര്‍ട്ടപ്പിലേക്ക് അപേക്ഷിക്കാം.

ഹരിതകേരളം മിഷന്റെ കീഴില്‍ വരുന്ന ജൈവ കൃഷി, മാലിന്യനിര്‍മാര്‍ജനം, ജലസംരക്ഷണം ശുചിത്വം എന്നീ മേഖലകളില്‍ നിന്നുള്ള മികച്ച സംരംഭകത്വ ആശയങ്ങള്‍ തെരഞ്ഞെടുത്ത് 10,000 രൂപ വീതം സ്റ്റാര്‍ട്ടപ്പ് ഗ്രാൻറ്റായി നല്‍കും. സുസ്ഥിര കൃഷി മേഖലയിലും മാലിന്യനിര്‍മാര്‍ജ്ജനത്തിനും പുനരുപയോഗത്തിനും ജലവിഭവ സംരക്ഷണത്തിനും ഉപയോഗത്തിനും കരുതലിനും ഉപയോഗിക്കാവുന്ന നവീന ആശയങ്ങള്‍ രൂപീകരിക്കാനും പ്രവര്‍ത്തിപഥത്തിലെത്തിക്കാനുമായാണ് സര്‍വകലാശാല നവസംരംഭകത്വ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജൈവ കാര്‍ഷിക പരിസ്ഥിതി മേഖലകളില്‍ ഉപയോഗിക്കാവുന്ന നവസാങ്കേതിക വിദ്യകള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കാണ് സ്റ്റാര്‍ട്ടപ്പില്‍ രജിസ്ട്രേഷന്‍ നല്‍കുക.

ആശയരൂപീകരണം, ഗവേഷണം/ ഉല്‍പ്പന്ന വികസനം, മാതൃകാ നിര്‍മാണം, വാണിജ്യാടിസ്ഥാന ഉല്‍പ്പാദനം എന്നിവയ്ക്കായി പരമാവധി 12 മാസമാണ് അനുവദിക്കുക. നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശാസ്ത്ര സാങ്കേതിക, ബിസിനസ് മാനേജ്മെന്റ്, ധനകാര്യ ആസൂത്രണം, വിപണനം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ നേരിട്ടുള്ള മേല്‍നോട്ടവും മാര്‍ഗനിര്‍ദേശങ്ങളും ഇതിലൂടെ ലഭിക്കും.

www.biic.org.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. വിശദവിവരങ്ങള്‍ക്ക് 7012608667 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!