ആശയവിനിമയം എന്നും പരിണമിച്ച് കൊണ്ടിരിക്കും. ശബ്ദങ്ങളിലൂടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കാലം പിന്നീട് വരയും എഴുത്തുമൊക്കെയായി, ഇന്ന് നവമാധ്യമങ്ങളുടെ ലോകസമൂഹത്തിൽ വന്നു നിൽക്കുന്നു. ഇന്ന് നമുക്ക് വ്യക്തമായ ഭാഷകളും ലിപികളും വാക്കുകളും എല്ലാമുണ്ട്. ലോകത്തെ ആരോട് പോലും സംസാരിക്കാൻ ആഗോള ഭാഷയായ ഇംഗ്ലീഷ് ഉണ്ട്. പക്ഷെ, ആശയവിനിമയം കേവലം വാക്കുകളിലൂടെയല്ലല്ലോ.
വാങ്മയമല്ലാത്ത, ആംഗ്യങ്ങളിലൂടെയും, ശബ്ദത്തിന്റെ ഉയർച്ച-താഴ്ചയിൽ നിന്നും, മുഖഭാവങ്ങളിൽ നിന്നുമൊക്കെയാണ് നമുക്ക് ഓരോ വാക്കിന്റെയും സന്ദർഭവും അർത്ഥവും ഗ്രഹിക്കാൻ സാധിക്കുക. പരീക്ഷക്ക് നല്ല മാർക്ക് വാങ്ങി വരുന്ന മകനെ സ്നേഹത്തോടെ ‘മോനേ!’ എന്ന് വിളിക്കുന്നതും, താഴോട്ടു വന്നു ഭക്ഷണം കഴിക്കാനായി മകനെ വിളിക്കാൻ ‘മോനേ?’ എന്ന് വിളിക്കുന്നതും, അനുസരണക്കേടിനു പരാതികൾ സ്‌കൂളിൽ നിന്ന് കിട്ടിയതിനു ശേഷം ശകാരിക്കാനായൊരുങ്ങി വിളിക്കുന്ന ‘മോനേ!’ എന്നതിനുമൊക്കെ വ്യത്യാസങ്ങളുണ്ടെന്നു പറയേണ്ടതില്ലല്ലോ. അപ്പോൾ ഇന്ന് മെസേജുകളിലൂടെയും ലിഖിത സന്ദേശ മുഖാന്തരവും മാത്രം വിനിമയം നടക്കുന്നത് എങ്ങനെയാണ് സാധ്യമാകുക? അവിടെയാണ് ഇമോജികളും ഇമോട്ടിക്കോണുകളും രക്ഷയ്ക്കെത്തുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇവ പരിചയമുള്ള വാക്കുകളാകാം. പക്ഷെ അവരിലെ പലർക്കും ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്നറിയില്ല!
ഇമോട്ടിക്കോണുകളാണ് ആദ്യം ജന്മമെടുക്കുന്നത്. അവ വെറും ചിഹ്നങ്ങളാണ്, അതായത് ആശ്ചര്യചിഹ്നമോ, ചോദ്യചിഹ്നമോ, അക്ഷരങ്ങളോ, അക്കങ്ങളോ ഒക്കെ ഉപയോഗിച്ച് ഒരു ഭാവത്തിന്റെയോ വികാരത്തിന്റെയോ സൂചകമായി ഒരു രൂപം നിർമ്മിക്കുന്നു! : D ഇത്രേയുള്ളൂ സംഗതി ; ) ഇമോഷണൽ ഐക്കൺ എന്നതാണ് ചുരുങ്ങി ഇമോട്ടിക്കോണുകളായത്. കീബോർഡിന്റെ പരിമിതികൾ കൊണ്ട് തന്നെ, പലപ്പോഴും ഇവയെ നെടുങ്ങനെ വച്ച് വായിക്കേണ്ടി വരും :'( : P
ഇമോജികൾ ഒത്തിരി കൂടി പുതുതായി പുരോഗമിച്ചുണ്ടായതാണ്. എന്നാൽ അവയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു ഇവ ചിഹ്നങ്ങളല്ലാ – മറിച്ച് മുഖങ്ങളുടെയും ☺️, ഭാവങ്ങളുടെയും ☹️, വസ്തുക്കളുടേയുമെല്ലാം ♟, ഫോട്ടോഗ്രാഫുകൾ പോലെയുള്ള ഡിജിറ്റൽ രൂപങ്ങളാണ്. 1999ലാണ് ഇവ രൂപംകൊള്ളുന്നത്. എന്നാൽ ഇന്ന്, സന്ദേശവാഹിനികളായ ഏതൊരു ആപ്പ്ലിക്കേഷൻ എടുത്താലും അവയിൽ ഇമോജികൾ ഉണ്ടാകുമെന്നു തീർച്ചയാണ്. ഓരോ ആപ്പിനും അവയുടേതായ ഇമോജികളാണ്! യൂണികോഡിൽ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് തന്നെ പല മൊബൈലുകളിൽ നിന്നായാലും തടസ്സമില്ലാതെ ഇമോജികൾ അയക്കാൻ പറ്റും. സാംസങ് ഗാലക്‌സിയിൽ നിന്ന് ഐഫോണിലേക്ക് അയച്ചാലും നോ പ്രോബ്‌സ്!
<3 ❤️