അബ്ദുള്ള ബിൻ മുബാറക്
Technology Writer
പലരും ആദ്യമായിട്ടാകും ഇത്തരമൊരു വാക്കു കേൾക്കുന്നത്. സാധാരണ എഞ്ചിനീറിങ് പോലെയുള്ള ഒരു സംഗതിയാണിതെന്നു കരുതിയെങ്കിൽ തെറ്റി. പേരിൽ എഞ്ചിനീയറിങ് ഉണ്ടെന്നേ ഉള്ളു. കണക്കും ഭൗതിക ശാസ്ത്രവും എടുത്താൽ പൊങ്ങാത്ത സാങ്കേതിക വാക്കുകളും ആവശ്യമില്ലാത്ത, ലളിതമായ, എന്നാൽ നേടിയെടുക്കാൻ സ്വല്പം ബുദ്ധിമുട്ടുള്ള ഒരു തൊഴിൽ മേഖലയാണ് ഹാപ്പിനെസ്സ് എഞ്ചിനീയർ എന്നത്.
ആരാണ് ഹാപ്പിനെസ് എഞ്ചിനീയർ?
എല്ലായിടത്തും കണ്ടെത്താൻ പറ്റുന്നതോ, എല്ലാ കമ്പനികളിലും ഉള്ളതോ ആയ ഒരു സാധാരണ പോസ്റ്റല്ല ഹാപ്പിനസ് എഞ്ചിനീയറുടേത്. സർവ്വസമ്മതി നേടിയ വേർഡ്പ്രസ്സ് പ്ലഗിനുകളായ ജെറ്റ്പാക്ക്, വൂ കോമേഴ്‌സ്, അക്കിസ്‌മെറ്റ് തുടങ്ങിയവയുടെ ഉടമകളായ ഓട്ടോമാറ്റിക് (Automattic) തങ്ങളുടെ കമ്പനിയിൽ തുടക്കം കുറിച്ച ഒരു പ്രത്യേക തസ്തിക ആണിത്. കമ്പനിയിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും സാങ്കേതികമായി സഹായിക്കുക എന്നതാണ് ഒരു ഹാപ്പിനെസ്സ് എഞ്ചിനീയറുടെ പ്രാഥമിക കർത്തവ്യം. ഇതിൻ്റെ ചുവടുപിടിച്ചുകൊണ്ട് മറ്റുപല കമ്പനികളും തങ്ങളുടെ സപ്പോർട്ട് ടീമംഗങ്ങളെ ഹാപ്പിനെസ്സ് എഞ്ചിനീയർ എന്ന് നാമകരണം ചെയ്തു തുടങ്ങി.
എന്നിരുന്നാലും, സപ്പോർട്ട് കൊടുക്കുന്നതിലൂടെ തങ്ങളുടെ കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി ഹാപ്പിനെസ്സ് എഞ്ചിനീയർ പോസ്റ്റുകൾ പ്രയോഗത്തിൽ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ഓട്ടോമാറ്റിക്കിനു തന്നെയാണ്. ഹാപ്പിനെസ്സ് എഞ്ചിനീയർമാർ,മെച്ചപ്പെട്ട സപ്പോർട്ട് കൊടുക്കുന്നതിലൂടെ കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിൽ മിടുക്കരായിരിക്കണം. അതിനാൽ തന്നെ ഒട്ടേറെ കടമ്പകളുണ്ട് ഈ കമ്പനിയിൽ ഒരു ഹാപ്പിനെസ്സ് എഞ്ചിനീയർ ആകുന്നതിന്.
ഹാപ്പിനെസ് എഞ്ചിനീയർ എന്നാൽ ഇടപാടുകാർക്കിടയിലും തൊഴിലാളികൾക്കിടയിലും സന്തോഷം നിലനിർത്താൻ സഹായിച്ചു പോരേണ്ട ഒരു സ്ഥാനം ആയതിനാൽ സഹാനുഭൂതി, അനുകമ്പ, മികച്ച രീതിയിൽ എഴുതാനുള്ള കഴിവ്, വേർഡ്പ്രസ്സ് / വെബ് സാങ്കേതിക വിദ്യകളിലുള്ള പരിജ്ഞാനം എന്നിവ അത്യാവശ്യമാണ്. ഇതൊക്കെ ഒത്തു ചേർന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഹാപ്പിനെസ്സ് എഞ്ചിനീയർജോലി നിങ്ങളെയും മറ്റുള്ളവരെയും ഹാപ്പിയാക്കുന്നതായിരിക്കും, തീർച്ച.
ഒരു ഹാപ്പിനെസ്സ് എഞ്ചിനീയറുടെ ചുമതലകൾ
ഓട്ടോമാറ്റിക്കിൻ്റെ പ്രശസ്ത ഉല്പന്നങ്ങളായ വേർഡ്പ്രസ്സ്.കോം, വൂ കോമേഴ്‌സ്, ജെറ്റ്പാക്ക്, അക്കിസ്‌മെറ്റ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങളും പ്രശനങ്ങളും പരിഹരിച്ചു കൊടുക്കേണ്ടതിന്റെ ചുമതലയും നിങ്ങളുടെ പക്കലാണ് ഏൽപ്പിക്കുക.
വെബ് അധിഷ്ഠിതമായിട്ടുള്ള, കമ്പനിയുടെ മറ്റു ഉപോല്പന്നങ്ങളിൽ വരുന്ന തകരാറുകൾ കണ്ടെത്തി സമയാസമയം പരിഹരിക്കുകയും വേണം.
ഇതിനായി വെബ് ഡെവലപ്പ്മെൻ്റ് അറിഞ്ഞിരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കുഴപ്പിക്കുന്ന സാങ്കേതികപദങ്ങളെ വളരെ ലളിതമായി ഉപഭോക്താവിനു മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ വരെ നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.
മറ്റൊരു കാര്യം കൂടി. ആദ്യമേ പറഞ്ഞല്ലോ, ഇത് സാധാരണ ജോലി പോലെ ചെയ്ത് തീർക്കേണ്ടുന്ന ഒന്നല്ല. നിങ്ങളുടെ താല്പര്യവും അഭിനിവേശവും അനുസരിച്ചിരിക്കും ഈ തൊഴിലിൽ നിങ്ങൾക്ക് കൈവരുന്ന മെച്ചവും അഭിവൃദ്ധിയും. ഹാപ്പിനെസ്സ് എഞ്ചിനീയർമാർ ആരും ഉഴപ്പാറില്ലെന്നത് മറ്റൊരു സത്യം. അത്രയ്ക്ക് രസകരമാണീ ജോലി.
എങ്ങനെ ഓട്ടോമാറ്റിക്കിൽ ഒരു ഹാപ്പിനെസ്സ് എഞ്ചിനീയർ ആവാം?
കാരണം അത് നിങ്ങൾ തന്നെ അവരുടെ വെബ്‌പേജിന്റെ സോഴ്സ് കോഡിൽ നിന്നും കണ്ടു പിടിച്ചു വിവരങ്ങൾ പൂരിപ്പിച്ചു അയക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ ഒരു ചെറിയ ഇന്റർവ്യൂ പോലെ, അല്ലേ? എന്തായാലും നിങ്ങളുടെ അപേക്ഷ പരിശോധിച്ചതിനു ശേഷം അവർ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
ലോകത്തെമ്പാടുമുള്ള അനേകായിരം ആളുകൾ ഹാപ്പിനെസ്സ് എഞ്ചിനീയർ ആവാൻ വേണ്ടി അപേക്ഷകൾ അയക്കാറുണ്ട്. അത് കൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും നിങ്ങളെ വേർതിരിച്ചു നിർത്തുന്ന ഒരു ഘടകം അവർ കണ്ടെത്തിയെങ്കിൽ മാത്രമേ രക്ഷയുള്ളൂ. നമ്മുടെ കേരളത്തിൽ നിന്ന് വരെ Automattic – ന് വേണ്ടി ഹാപ്പിനെസ്സ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്നവർ ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ഹരി ശങ്കർ ഇതിനൊരുദാഹരണമാണ്.