Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

അനന്തമായ ഈ പ്രപഞ്ചത്തെ അടുത്തറിയുവാനും ആഴത്തില്‍ ഗവേഷണം നടത്തുവാനും താല്‍പ്പര്യമുണ്ടോ? അന്തര്‍ദേശീയ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുവാനും മികവുണ്ടെങ്കില്‍ അമേരിക്കയിലെ നാസയില്‍ വരെ എത്തിപ്പെടുവാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി ബഹിരാകാശ ശാസ്ത്രത്തിന്‍റേതാണ്.

ബഹിരാകാശശാസ്ത്രം ഇന്ന് വളരെ വികാസം പ്രാപിച്ച ഒരു പഠനമേഖലയാണ്. അസ്ട്രോ ഫിസിക്സ്, ഗലാറ്റിക്സ് സയന്‍സ്, അസ്ട്രോനോട്ടിക്സ്സ് ആന്‍ഡ് സ്പെയ്സ് ട്രാവല്‍, സ്പെയ്സ് ഡിഫന്‍സ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഗാലക്സികള്‍, നക്ഷത്രങ്ങള്‍, അവയുടെ ഭ്രമണപഥം, ഭാവി തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് അസ്ടോഫിസിക്സ്.

എങ്ങനെ പഠിക്കാം?

ബഹിരാകാശ ശാസ്ത്രവും അസ്ട്രോഫിസിക്സും പ്രത്യേകമായി പഠിക്കുവാന്‍ ഇന്ന് അവസരമുണ്ട്.
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയില്‍ (IIST). ബഹിരാകാശ സയൻസിൽ ഡിഗ്രി തലം മുതൽ പോസ്റ്റ് ഡോക്ട്രേറ്റ് തലം വരെ പഠനം നടത്താം.
ബി ടെക്, എം ടെക്, എം എസ്, പി എച്ച് ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോ എന്നീ തലങ്ങളിലാണ് ഇവിടുത്തെ കോഴ്സുകൾ. സ്പെയ്സ് സയൻസിൽ 3 ബി ടെക് കോഴ്സുകളാണിവിടെയുള്ളത്.

1. ബി ടെക് ഏവിയോണിക്സ് (60 സീറ്റ്)

ഡിജിറ്റൽ ഇലക്ട്രോണിക്സ്, കൺട്രോൾ സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

2. ബി ടെക് എയറോസ്പേസ് എഞ്ചിനിയറിങ്ങ് (60 സീറ്റ്)

ഫ്ലൈറ്റ് ഡൈനാമിക്സ്, എയറോസ്പേസ് സ്ട്രക്ചർ, മെഷിൻ ഡിസൈൻ ആൻഡ് മാനുഫാക്ച്വറിങ്ങ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

3. ബി ടെക് ഫിസിക്കൽ സയൻസ് (38 സീറ്റ്)

അസ്ട്രോണമി, എർത്ത് സിസ്റ്റം സയൻസ്, അസ്ട്രോ ഫിസിക്സ്, പ്ലാനറ്ററി സയൻസ് ആൻഡ് റിമോട്ട് സെൻസിങ്ങ് എന്നീ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

+2 സയൻസ് ആണു യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവക്ക് 70 ശതമാനം മാർക്ക് വേണം. നിയമാനുസൃതമായ സംവരണം വേണം. ഐ ഐ ടികൾ നടത്തുന്ന ജെ ഇി ഇ (അഡ്വാൻസഡ്) യുടെ റാങ്ക് ലിസ്റ്റിൽ നിന്നാണു ബി ടെക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അസ്ട്രോഫിസിക്സ് പഠിക്കാന്‍ ഫിസിക്സില്‍ ബി എസ്സ് സി എടുത്തതിന് ശേഷം അസ്ട്രോഫിസിക്സ് സ്പെഷ്യലൈസ് ചെയ്ത് എം എസ് സി എടുക്കണം. തുടര്‍ന്ന് ഗവേഷണത്തിലേക്ക് കടക്കാം. താല്‍പ്പര്യമുള്ളവര്‍ +2 സയൻസ് എടുത്താണ് പഠനം തുടരേണ്ടത്.

വ്യക്തിപരമായ സവിശേഷതകള്‍

ഈ മേഖലയിലേക്ക് തിരിയേണ്ടവര്‍ക്ക് നല്ല ഗണിതശാസ്ത്രപരിജ്ഞാനം ആവശ്യമാണ്. എം എസ് സിക്ക് ശേഷം ഗവേഷണമേഖലയിലേക്ക് കടക്കുമ്പോൾ മാത്രമേ അസ്ട്രോഫിസിക്സ്റ്റ് ആയി മാറുകയുള്ളുവെന്നതിനാല്‍ ഗവേഷണാഭിരുചിയുള്ളവര്‍ മാത്രം ഈ മേഖല തിരഞ്ഞെടുത്താല്‍ മതിയാകും. പെട്ടെന്ന് ജോലി വേണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്കിണങ്ങുന്ന മേഖലയല്ലായിതെന്നര്‍ത്ഥം.

എവിടെ പഠിക്കാം?

അസ്ട്രോഫിസിക്സ് ഒരു ഇലക്ടീവ് സബ്ജക്ട് ആയി കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ കഴിയും. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഒരു പ്രധാനപ്പെട്ട ഒന്നാണ്. ബാഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (http://www.iiap.res.in/), ഭൂവനേശ്വറിലെ ഇന്‍സ്റ്റി്റ്റ്യൂട്ട് ഓഫ് ഫിസിക്സ് (http://www.iopb.res.in), പൂനയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ് (http://www.iucaa.ernet.in/), ബാംഗ്ലൂരിലെ രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.rri.res.in/), അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറി (http://www.prl.res.in/), ഗുജറാത്തിലെ അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാസ്മാ റിസേര്‍ച്ച് (http://www.ipr.res.in/), ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (http://www.iisc.ernet.in/) തുടങ്ങിയവ ഈ രംഗത്തെ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണ്.

തൊഴില്‍ സാധ്യതകള്‍

ഈ മേഖലയില്‍ ഗവേഷണം തന്നെയാണ് കരിയര്‍. വ്യത്യസ്തമായ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇന്‍ഡ്യയില്‍ തന്നെയുണ്ട്. എം എസ് സിയും നെറ്റും ഉണ്ടെങ്കില്‍ സര്‍വകലാശാലകളില്‍ പ്രൊഫസറാകുവാന്‍ കഴിയും. അമേരിക്കയിലെ നാസ വരെ നീളുന്നതാണ് ഇതിന്‍റെ തൊഴില്‍ മേഖല.

Leave a Reply