കേന്ദ്ര മാനവവിഭവശേഷി വകുപ്പ്, AICTE യുമായി ചേർന്ന് നടത്തുന്ന ഇൻസ്റ്റിട്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ (IIC) സംസ്ഥാന തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ എറണാകുളം മൂവാറ്റുപുഴ എംജിഎം കോളേജിൽ വച്ച് നിർവഹിച്ചു. AICTE ദക്ഷിണേന്ത്യാ ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ സ്വാഗതപ്രസംഗം നിർവഹിച്ചു. ചടങ്ങിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ അബ്രഹാം, പിറവം എംഎൽഎ അനൂപ് ജേക്കബ്, ഹയർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഐഎഎസ്, MHRD ചീഫ് ഇന്നോവേഷൻ ഓഫീസർ അഭയ് ജെറെ, C-APT മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി ഇന്ദിരാദേവി, SAGY സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ, എംജിഎം കോളേജ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ തുടങ്ങിയവർ സംബന്ധിച്ചു.

Minister KT Jaleele Inaugurating Institutions Innovation Council at MGM COllege NowNext
Minister KT Jaleele Inaugurating Institutions Innovation Council at MGM COllege NowNext

രാജ്യമെമ്പാടുമുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ ഇന്നൊവേറ്റീവായ ആശയങ്ങൾ വികസിപ്പിക്കാനും, അവ പ്രാവർത്തികമാക്കി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ദേശീയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇൻസ്റ്റിട്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ. തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ കൗൺസിലിൻ്റെ പ്രവർത്തങ്ങൾ പ്രാവർത്തികമാക്കി, വിദ്യാർത്ഥികളിൽ നിന്ന് ഇന്നൊവേറ്റീവ് ആശയങ്ങൾ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഉയർത്തിക്കൊണ്ടു വരാൻ സഹായകരമാകുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൗൺസിലിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം തന്നെ എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് നടപ്പിലാക്കുന്ന Social Internship ആയ MGM Rehab ന്റെ ഉദ്ഘാടനം, ARIIA റാങ്കിങ്, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ എന്നിവയുടെ പരിചയപ്പെടുത്തൽ തുടങ്ങിയവയും ഉണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ ഇന്നൊവേഷൻ വിദ്യാർത്ഥികളിൽ നിന്ന് തന്നെ തുടങ്ങേണ്ട ആവശ്യകതയെപ്പറ്റി മന്ത്രി കെടി ജലീൽ ഉദ്‌ബോധിപ്പിച്ചു. പഠിക്കുന്ന വിഷയങ്ങളിൽ പ്രായോഗിക ജ്ഞാനം കരസ്ഥമാക്കാത്തിടത്തോളം വിദ്യാഭ്യാസം കൊണ്ടുള്ള കർത്തവ്യം നിറവേറ്റപ്പെടുന്നില്ല. നിലവിൽ വൈദ്യശാസ്ത്ര രംഗത്തെ വിദ്യാർത്ഥികൾക്ക് കോഴ്സിന്റെ ഭാഗമായി ഹൗസ് സർജൻസി നിർബന്ധമാക്കിയത് പോലെ, കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കുറഞ്ഞത് ആറുമാസ കാലയളവിൽ സർക്കാർ സ്ഥാപനങ്ങളിൽ തന്നെ ഇന്റേൺഷിപ് നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഐഐടി പോലുള്ള മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ സർക്കാർ സർവീസുകളിൽ പ്രവേശിക്കാൻ താല്പര്യം കാണിക്കാത്തത് എന്താണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കൂടുതൽ വിദ്യാർത്ഥികളെ സർക്കാർ സർവീസുകളിലേക്ക് കൊണ്ടുവന്ന് നാടിനു അവരുടെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്ക് ശക്തി പകരുന്നതാണ് ഇന്നൊവേഷൻ കൗൺസിൽ, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ മുതലായവ എന്ന് മന്ത്രി NowNext-നോട് പറഞ്ഞു.

C-APT Abdul Rahman
C-APT Abdul Rahman

ഹയർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഐഎഎസ് തുടർന്ന് സദസ്സിനെ അഭിമുഖീകരിച്ചു സംസാരിച്ചു. സാങ്കേതികവിദ്യ പതിറ്റാണ്ടുകളായി ലോകത്തിനു സമ്മാനിച്ച മാറ്റങ്ങൾ, സംഭാവനകൾ ചെറുതല്ല എന്നിരിക്കെ ഇനിയുള്ള കാലത്തു സാമൂഹ്യ നന്മക്കായി ടെക്നോളജി ഉപയോഗപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അവർ പറഞ്ഞു. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്ങ്ങൾക്ക് ചിലവുകുറഞ്ഞ, കാര്യക്ഷമമായ പ്രതിവിധികൾ ആവശ്യമാണ്. അതിനായി രാജ്യത്തെ ഭൂരിഭാഗം വരുന്ന യുവതലമുറയുടെ സഹായമാണ് ഈ നാടിനാവശ്യം. അതോടൊപ്പം തന്നെ സംരംഭകത്വം നമ്മുടെ നാടിന്റെ സംസ്കാരമായി വളർത്തിയെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൂടുതൽ വിദ്യാർത്ഥികളെ സംരംഭകത്വ മേഖലയിലേക്ക് ആകർഷിക്കാനാവൂ.

ഔദ്യോഗിക ചടങ്ങിന് പിന്നാലെ നൂറിലധികം കോളേജ് പ്രിൻസിപ്പൽമാർക്ക് വേണ്ടി ARIIA റാങ്കിങ്ങിനെക്കുറിച്ചും സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിനെക്കുറിച്ചും കേന്ദ മാനവ വിഭവ ശേഷി വകുപ്പ് ചീഫ് ഇന്നോവേഷൻ ഓഫീസർ ഡോ. അഭയ് ജെറെ നയിച്ച വർക്ക് ഷോപ്പും നടന്നു.

ഇൻസ്റ്റിട്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ

പരമ്പരാഗത എഞ്ചിനീയറിംഗ് വിദ്യാഭ്യാസം വിദ്യാർത്ഥികളെ സമൂഹത്തിനുപകരിക്കുന്ന രീതിയിൽ വാർത്തെടുക്കുന്നില്ല എന്ന ആക്ഷേപം പാടെ ഇല്ലാതാക്കാൻ AICTE നടപ്പിലാക്കുന്ന ഇന്നോവേഷൻ കൗൺസിൽ, ഇന്ത്യയിലെ AICTE അംഗീകൃത കോളേജുകളിൽ നടപ്പിൽ വരുത്താവുന്നതാണ് നിലവിൽ കേരളത്തിൽ നിന്നും എഴുപതിൽപ്പരം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് IIC യിൽ ഉൾപെട്ടിട്ടുള്ളത്. കോളേജ് തലത്തിൽ കൗൺസിലിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുക വഴി അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് തന്നെ തങ്ങളുടെ ഇന്നൊവേറ്റീവ് ആശയങ്ങൾ സ്റ്റാർട്ട്അപ്പുകളായി മാറ്റാൻ സാധിക്കും. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഫണ്ടും ഇൻസ്റ്റിട്യൂഷൻസ് ഇന്നോവേഷൻ കൗൺസിലിന്റെ ഭാഗമായി നൽകും.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ

ഇൻസ്ടിടുഷൻസ് ഇന്നോവേഷൻ കൗൺസിൽ കൂടാതെ തന്നെ രാജ്യത്താകമാനം ഉള്ള 75 ലക്ഷത്തോളം വരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ലക്‌ഷ്യം വെച്ചുള്ള സോഫ്റ്റ്‌വെയർ – ഹാർഡ്‌വെയർ മത്സരം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ. നിരവധി പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ പ്രസിദ്ധപ്പെടുത്തി, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ നിന്നും സൊല്യൂഷനുകൾ തേടുകയാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽക്കൂടി ലക്ഷ്യമിടുന്നത്.

“ഒരു വശത്തു ഒരുകൂട്ടം പ്രശ്നങ്ങളും, മറുവശത്ത് രാജ്യത്തെ ഭൂരിഭാഗം വരുന്ന പ്രബുദ്ധരായ യുവ തലമുറയും നിൽക്കുമ്പോൾ അവരുടെ കഴിവുകളെ സാമൂഹ്യ നന്മക്കായും, രാജ്യം നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനും ഉപയോഗിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അത് തന്നെയാണ് ഹാക്കത്തോണിലൂടെ ഉദ്ദേശിക്കുന്നത്,” AICTE ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ NowNext-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2017 ൽ കേന്ദ്ര സർക്കാർ സമാരംഭം കുറിച്ച സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, ആദ്യ വർഷം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഈ വർഷം മാർച്ച് മാസത്തിൽ നടത്താനിരിക്കുന്ന, 36 മണിക്കൂർ നീണ്ടു നിൽക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, ഇത്തവണ സ്വകാര്യ കമ്പനികളിൽ നിന്ന് കൂടിയാണ് പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ക്ഷണിച്ചിട്ടുള്ളത്. മാർച്ച് മാസത്തിലെ ആദ്യ വാരങ്ങളിൽ തന്നെ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ഹാക്കത്തോണുകൾ രാജ്യമെമ്പാടുമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഉള്ള നോഡൽ സെന്ററുകളിൽ വച്ച് സംഘടിപ്പിക്കും.

ARIIA റാങ്കിങ്

Atal Ranking of Institutions on Innovation Achievement എന്ന ARIIA റാങ്കിങ്, ഇന്നോവേഷന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവ വിഭശേഷി വകുപ്പാണ് നടപ്പിൽ വരുത്തിയിട്ടുള്ളത്. എറണാകുളം എംജിഎം കോളേജിൽ വെച്ച് തന്നെ വിവിധ കോളേജുകളുടെ പ്രിൻസിപ്പൽമാർക്ക് ARIIA റാങ്കിങ്ങിനെക്കുറിച്ച് പരിചയപ്പെടുത്തി. കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് വിദ്യാർത്ഥികളിൽ ഇന്നോവേഷൻ വളർത്താൻ ഉപകരിക്കുന്ന പ്രവർത്തനങ്ങൾ, കോളേജ് വഴി ഉയർന്നു വരുന്ന വിദ്യാർത്ഥി സംരംഭകരുടെ എണ്ണം, ഇതിലേക്കായി മൊത്തം ചെലവഴിച്ച ഫണ്ട്, ഇതിലേക്കായി വിവിധ സ്രോതസ്സുകളിൽ നിന്നായി ലഭിക്കുന്ന ഫണ്ടുകൾ തുടങ്ങിയവ കണക്കാക്കിയാകും റാങ്കിങ് നിശ്ചയിക്കുക. അത് കൂടാതെ ഓരോ 15-30 ദിവസങ്ങളുടെ ഇടവേളകളിൽ ടാസ്കുകൾ നൽകി അവയിലെ മികവും കൂടി പരിഗണിക്കുന്നതായിരിക്കും. ജനുവരി 31 ആയിരിക്കും അടൽ റാങ്കിങിനായി കോളേജുകൾക്ക് അപേക്ഷിക്കാവുന്ന അവസാന തീയതി.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!