Dr Neetu Sona IIS
Deputy Director – Press Information Bureau, Government of India 

സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും മുമ്പേ എഴുതാനും അപേക്ഷിക്കാനും ഒരുങ്ങാം

പണ്ടുമുതലേ മലയാളിയുടെ കരിയർ സ്വപ്നങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് സിവിൽ സർവീസസ്. കാലം മാറിയിട്ടും ന്യൂജൻ കോഴ്സുകളും തൊഴിലുകളുമൊക്കെ നിലവിൽ വന്നിട്ടും സിവിൽ സർവീസസിനോടുള്ള അഭിനിവേശത്തിനുമാത്രം മാറ്റം സംഭവിച്ചില്ല. മുമ്പ് അതൊരു സ്വപ്നമായിരുന്നെങ്കിൽ, ഇന്ന് തങ്ങളുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനംകൊണ്ടും സിവിൽ സർവീസസ് എന്നത് യാഥാർത്ഥ്യം ആണെന്ന് തെളിയിക്കാൻ നമ്മുടെ യുവതിയുവാക്കൾക്ക് കഴിഞ്ഞു. ഈ അടുത്തകാലത്തായി നിരവധി മലയാളികളാണ് ഓരോ വർഷവും സിവിൽ സർവീസസ് പരീക്ഷ വിജയിക്കുന്നത്.

വൈവിധ്യമാർന്ന 24 സർവീസുകൾ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ് എന്നിവ ഉൾപ്പെടെ ആകർഷണീയമായ 24 സർവീസുകൾ അടങ്ങുന്നതാണ് ഇന്ത്യൻ സർവീസ് സിവിൽ സർവീസസ്.

പൊതുഭരണമാണ് ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥൻറെ കർത്തവ്യമെങ്കിൽ നിയമം പരിപാലനവും ആഭ്യന്തരസുരക്ഷയുമെല്ലാം ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥൻറെ ദൗത്യങ്ങളിൽ പെടും. അതുപോലെ തന്നെ സുപ്രധാനമായവയാണ് ഇന്ത്യൻ ഫോറിൻ സർവീസും ഇന്ത്യൻ റവന്യൂ സർവീസും. രാജ്യത്തിൻറെ നയതന്ത്രതാല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥൻ ചെയ്യുന്നതെങ്കിൽ ഭരണനിർവഹണത്തിനും വികസനത്തിനും വേണ്ട വരുമാനവും നികുതിയുമെല്ലാം പിരിച്ചെടുക്കുന്നത് റവന്യൂ സർവീസ് ഉദ്യോഗസ്ഥരാണ്.

കൂടാതെ കേന്ദ്ര സർക്കാരിൻറെ പദ്ധതികളും പരിപാടികളും മാധ്യമങ്ങൾ വഴി ജനങ്ങളിലേക്കെത്തിക്കുന്ന ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥരും റെയിൽവേ പേഴ്സണൽ സർവീസ് ഉദ്യോഗസ്ഥരുമെല്ലാം സിവിൽ സർവീസ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ ട്രേഡ് സർവീസ് അങ്ങനെ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന നിരവധി സർവ്വീസുകൾ സർക്കാരിനെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥരാണ്.

കമ്പനീസ് ആക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ് ഉദ്യോഗസ്ഥർക്കാണ് നൽകിയിട്ടുള്ളത്. കോർപ്പറേറ്റ് മേഖലയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഇവരാണ്. ഇതുകൂടാതെ ചില സുപ്രധാന ഗ്രൂപ്പ് ബി സർവീസുകളിലേക്കും ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നത് സിവിൽ സർവീസ് പരീക്ഷ വഴിയാണ്.

തിരഞ്ഞെടുപ്പ് എങ്ങനെ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വർഷംതോറും നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമുള്ള 21 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 32 വയസ്. ഒബിസി / എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ഇത് യഥാക്രമം 35ഉം 37ഉം വയസ്സാണ്. ജനറൽ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥിക്ക് ആറുതവണ പരീക്ഷയ്ക്ക് എഴുതാമെങ്കിൽ ഒബിസി വിഭാഗക്കാർക്ക് ഒമ്പത് തവണ പരീക്ഷയെഴുതാം. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ പ്രായപരിധിക്കുള്ളിൽ നിന്നുകൊണ്ട് എത്രതവണ വേണമെങ്കിലും പരീക്ഷയെഴുതാം. ഏകദേശം 4.5 ലക്ഷം മുതൽ അഞ്ച് ലക്ഷംവരെ പേർ എഴുതുന്ന പരീക്ഷയിൽ തെരഞ്ഞെടുക്കുന്നത് 700 മുതൽ 1000 പേരെയാണ്. ഈ പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാർഥിക്ക് നേരിടേണ്ടിവരുന്ന കടുത്ത മത്സരത്തിലാണ് ഇത് വിരൽചൂണ്ടുന്നതെങ്കിലും കഠിന യത്നവും ചിട്ടയായ പഠനവും ഉണ്ടെങ്കിൽ ഒരു ശരാശരി ഉദ്യോഗാർത്ഥിക്ക് നേടിയെടുക്കാവുന്ന ഒന്നാണ് സിവിൽ സർവീസ്. ഈവർഷത്തെ പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഫെബ്രുവരിയിൽ യു പി എസ് സി പുറപ്പെടുവിക്കും. പ്രിലിമിനറി, മെയിൻ(എഴുത്തുപരീക്ഷ, ഇൻറർവ്യൂ) എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് ഈ പരീക്ഷ നടത്തുന്നത്.

ഡൽഹിയിൽ പോകാതെയും സിവിൽ സർവീസസ് നേടാം.

സിവിൽ സർവീസസ് പരീക്ഷ വിജയിക്കണമെങ്കിൽ ഡൽഹിയിൽ പോയി പരിശീലനം നേടേണ്ട ഒരു അവസ്ഥ മുമ്പുണ്ടായിരുന്നു. എന്നാൽ, ഇന്ന് അത് മാറി. കേരള സർക്കാരിൻറെ സിവിൽ സർവീസസ് അക്കാദമിയടക്കം നിരവധി കോച്ചിംഗ് സെൻററുകൾ ഈ പരീക്ഷയ്ക്ക് വേണ്ട പരിശീലനം നമ്മുടെ സംസ്ഥാനത്ത് നൽകുന്നുണ്ട്. കൂടാതെ ഇൻറർ നെറ്റിലൂടെയും മറ്റും ഒരു ഉദ്യോഗാർഥിക്ക് വേണ്ട എന്ത് വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാണ്. ഡൽഹിയിലെ തന്നെ പല പ്രശസ്തമായ കോച്ചിംഗ് സെൻററുകളുടെയും സ്റ്റഡി മെറ്റീരിയലുകൾ ഓൺലൈനായി ലഭിക്കുന്നതാണ്.

നേരത്തെ തയ്യാറെടുക്കാം

ബിരുദമാണ് പരീക്ഷയെഴുതാനുള്ള അടിസ്ഥാനയോഗ്യതയെങ്കിലും സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ബിരുദം കരസ്ഥമാക്കുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. കൃത്യമായി പറഞ്ഞാൽ രണ്ടുവർഷത്തെയെങ്കിലും ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഡിഗ്രി ഒന്നാം വർഷത്തോടെത്തന്നെ ഇത് ആരംഭിക്കാവുന്നതാണ്. സ്കൂൾ പഠനകാലംതൊട്ടെ പത്രവായന ശീലമാക്കുകയും ഡിബേറ്റുകളിലും ക്വിസ് മത്സരങ്ങളിലും മറ്റും പങ്കെടുത്തും ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിച്ചും ഒരു വൈജ്ഞാനിക അടിത്തറ ഉണ്ടാക്കിയെടുക്കുന്നത് സിവിൽ സർവീസ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കും. സിവിൽ സർവീസസ് പരീക്ഷാ തയ്യാറെടുപ്പിന് സഹായകമാകുന്ന നിരവധി പുസ്തകങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

കടപ്പാട്: ദേശാഭിമാനി 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!