Varun Chandran 
Tech entrepreneur and social volunteer from Kerala. He is the founder and CEO of Corporate360, a fast-growing tech startup with offices in Singapore, India and US.

കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെപ്പറ്റി നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയ്ക്ക് കേരളത്തിലെ എൻജിനീയറിങ് കോളേജുകളുടെ എണ്ണം പത്തിരട്ടിയായി, എഞ്ചിനീയറിങ്ങ് പഠിതാക്കളുടെ എണ്ണവും പല മടങ്ങായി വർദ്ധിച്ചു. കാലഹരണപ്പെട്ട പാഠ്യവിഷയങ്ങളും, നിലവാരമില്ലാത്ത അദ്ധ്യാപന സംവിധാനങ്ങളും, അഭിരുചി സാമർഥ്യം പരിശോധിക്കാതെയുള്ള പ്രവേശന പ്രക്രിയയും കാരണം എഞ്ചിനീയറിങ്ങ് കോളേജുകളിൽ തോൽവി പതിവായി. വർഷാവർഷം പഠിച്ചിറങ്ങുന്നവർക്ക് എഞ്ചിനീയറിങ്ങുമായി ബന്ധമുള്ള ജോലികൾ കിട്ടാൻ ബുദ്ധിമുട്ടായി.

ലോകത്ത് എൻജിനീയർമാരുടെ ആവശ്യത്തിന് ഇപ്പോഴും കുറവൊന്നുമില്ല. പക്ഷെ നമ്മൾ പഠിപ്പിച്ചെടുക്കുന്ന എൻജിനീയർമാർ ലോകത്തെവിടെയും മത്സരിക്കാൻ കഴിവുള്ളവർ ആകണം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിവിധ തൊഴിൽ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന വ്യവസായ മേഖലകൾക്ക് ആവശ്യമാവുന്ന വൈദഗ്ധ്യം വേണം കുട്ടികൾ പഠിക്കാൻ. ആശയ വിനിമയത്തിലും, സർഗാത്മകതയിലും, നേതൃഗുണങ്ങളിലും, ഇംഗ്ലീഷ് ഭാഷയിൽ എഴുത്തിലും പ്രസന്റേഷനിലും ഒക്കെ കൂടുതൽ കഴിവ് നേടാനുള്ള പാഠ്യപദ്ധതികൾ ഉൾപ്പെടുത്തണം.

ഏതെങ്കിലും ഒരു കാലഘട്ടത്തിൽ സ്വീകരിച്ചിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം എക്കാലവും അതെപടി പിന്തുടർന്നല്ല വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസം സമ്പ്രദായം മുന്നേറുന്നത്. മാറി വരുന്ന പുരോഗമന കാലഘട്ടങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾക്ക് തുടർച്ചയായ പരിണാമങ്ങൾ പ്രാവർത്തികമാക്കുന്ന വ്യതസ്ത മാതൃകകൾ പല രാജ്യങ്ങളിലും നടപ്പാക്കുന്നുണ്ട്. ‘സ്കിൽ ബേസ്ഡ് ലേർണിംഗ്’ എന്ന ആശയത്തിന് ഒരു വാർപ്പ് മാതൃകയില്ല.

വളരെ വേഗം മാറ്റങ്ങൾ സംഭവിക്കുന്ന സാമൂഹിക — വ്യവസായ അന്തരീക്ഷങ്ങൾക്കനുസരിച്ച് നിരന്തരം അന്വേഷിച്ച്, പരീക്ഷിച്ച്, പുതുക്കി, വികസിപ്പിച്ചു ശാസ്ത്രീയപരമായി വളർത്തേണ്ടതാണ് പാഠ്യവിഷയങ്ങൾ. പ്രൊഫഷണല്‍ വിദ്യാഭ്യാസം കാലാനുസൃതമാക്കുന്നതിനും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍സജ്ജരാക്കുന്നതിനും സിലബസ് വര്‍ഷം തോറും പരിഷ്‌കരിക്കണം. വിവിധ മേഖലകള്‍ പരസ്പരം സഹകരിച്ച് എല്ലാ മേഖലകളിലും ആശയങ്ങളുടെ സമാഹൃത ശൃംഖലകളുണ്ടാകണം. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലോ നമ്മുടെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയോ വിദ്യാഭ്യാസ വകുപ്പോ ഇതിനെപ്പറ്റി പഠനം നടത്തി നയപരമായി കാര്യങ്ങൾ കൂടുതൽ ശരിയാക്കുമെന്ന് പ്രതീക്ഷിക്കാം.

എന്നിരുന്നാലും ലോകവുമായി ബന്ധപ്പെടാനുള്ള ഇന്റർനെറ്റ് എന്ന സംവിധാനം നമുക്കുള്ളപ്പോൾ മേൽപ്പറഞ്ഞ വെല്ലുവിളികളൊന്നും കുട്ടികൾക്ക് ബാധകമാവേണ്ട കാര്യമില്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി ലഭിക്കുന്ന എൻജിനീയറിങ് വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികൾ ഒരു തലത്തിലേക്ക് ഉയരേണ്ടതിന്റെ അഭിരുചി തിരിച്ചറിഞ്ഞാൽ, നിങ്ങൾക്ക് ആവശ്യമായ കഴിവുകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ ആര്ജ്ജിക്കണം എന്നതും കണ്ടെത്തുകയാണ് അടുത്ത ഘട്ടം. അതിനുവേണ്ടി സ്വയമായി ചെയ്യാവുന്ന ചില കാര്യങ്ങൾ പ്രതിപാദിക്കുന്നു:

  1. ഗൂഗിൾ സെർച്ചിലൂടെ ലോകത്തെ പ്രധാനമായ 25 വ്യവസായ മേഖലകൾ കണ്ടെത്തുക, അതിന്റെ ഒരു പട്ടിക തയ്യാറാക്കുക (ഉദാഹരണം- ബാങ്കിങ്, ഐടി, ഹെൽത്ത്കെയർ etc.).
  2. മേൽപ്പറഞ്ഞ രീതിയിൽ തയ്യാറാക്കിയ പട്ടികയിലുള്ള ഓരോ വ്യവസായ മേഖലയിലെയും Top -10 കമ്പനികൾ ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്തുക.
  3. Top -10 ലിസ്റ്റിലുള്ള ഓരോ കമ്പനിയുടെ പേരിലും പ്രതിവാര ഗൂഗിൾ അലേർട്ടുകൾ നിങ്ങളുടെ ഈമെയിലേക്ക് സൃഷ്ടിക്കുക. (നമുക്ക് താത്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അത് സമാഹരിച്ച് നിരന്തരം ലഭ്യമാക്കുന്ന സൗജന്യ സേവനമാണ് ഗൂഗിൾ അലേർട്). മുഖ്യധാര വ്യവസായങ്ങളിൽ നിന്നുള്ള മികച്ച കമ്പനികളുടെ വാർത്തകൾ സ്ഥിരമായി പിന്തുടരുന്നത് ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, പ്രവണതകൾ, വെല്ലുവിളികൾ, സാധ്യതകൾ എന്നിവ അറിയാൻ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ഇഷ്ടമേഖലയിൽ കരിയർ തിരഞ്ഞെടുക്കാനും, ജോലിക്ക് തയ്യാറെടുക്കാനും നിങ്ങളെ സഹായിക്കുന്നു.
  4. ട്രെൻഡിംഗ് വിഷയങ്ങളിലും, താത്‌പര്യമുള്ള സബ്ജക്ടുകളിലും ഗൂഗിൾ അലേർട്ടുകൾ സൃഷ്ടിക്കുക (ഉദാഹരണം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആൾട്ടർനേറ്റ് എനർജി etc). വായന കർശനമായി പിന്തുടരുക, ഇതുവഴി വിവിധ വ്യവസായ രംഗങ്ങളിലെ നൂതനമായ കാര്യങ്ങൾ പിന്തുടരുക.
  5. ഇന്റർനെറ്റ് ഒരു ലോകോത്തര യൂണിവേഴ്സിറ്റിയായി പ്രയോജനപ്പെടുത്തുക. കൊളേജ് വിദ്യാഭ്യാസ സമയത്തു തന്നെ ഗൂഗിളിലും, യൂടൂബിലുമുള്ള സ്വാദ്ധ്യായ നിർദേശന വിവരങ്ങൾ ഉപയോഗിച്ച് സമാന്തര സ്വയം പഠനവും നടത്തുക. പുതിയ വിഷയങ്ങളിലുള്ള ഓൺലൈൻ ചർച്ചാ ഗ്രൂപ്പുകളിൽ സജീവമായി പങ്കെടുക്കുക.
  6. കഴിവുകളുടെ നിലവാരമുയർത്താനും നൈപുണ്യം നേടാനും ഉതകുന്ന ഓൺലൈൻ കോഴ്സുകൾ പ്രയോജനപ്പെടുത്തുക. MOOC — മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് — പ്ലാറ്റ് ഫോമുകളായ Udemy, Coursera, Udacity, edX തുടങ്ങിയവ പ്രയോജനപ്പെടുത്തി ഭാവി തൊഴിൽ സാധ്യതകളും ആ ജോലികൾക്കു വേണ്ടിയുള്ള സ്കില്ലുകളും നേടാം.

വിവിധ സബ്ജക്ടുകൾ കോളേജിൽ പഠിക്കുന്നതുപോലെ ദിവസവും ഒരു മണിക്കൂർ മേൽപ്പറഞ്ഞ സെൽഫ് ലേർണിംഗ് പ്രവർത്തികൾക്കായി സമയ ക്രമീകരണം നടത്താവുന്നതാണ്. ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യം നേടാനും ഇത് സഹായകമാവും. ക്ഷമ, ദീർഘവീക്ഷണം, അപ്രധാനമായ പ്രലോഭനങ്ങളെ നിരാകരിക്കാനുള്ള മനക്കരുത്ത്, ആത്മസമർപ്പണം, സ്ഥിരത എന്നിവയാണ് പ്രധാനമായും ഇങ്ങിനെയുള്ള പഠനശീലത്തിന് വേണ്ടുന്ന സ്വഭാവഗുണങ്ങൾ. ഇന്നത്തെ തൊഴിൽശക്തിയ്ക്കായി ശരിയായ കഴിവുകൾ നേടുന്നതിനപ്പുറം ഉദ്യോഗാർത്ഥികൾ വളരെ വേഗം മാറി വരുന്ന കരിയർ അനിശ്ചിതത്വങ്ങളേയും മാറ്റങ്ങളെയും, അഭിമുഖീകരിക്കാൻ സന്നദ്ധരാവുകയും വേണം.

എല്ലാവർക്കും പ്രയോജനം

1. വിദ്യാർത്ഥികൾ

  • അവരവരുടെ അഭിലാഷങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനവിഷയം തിരഞ്ഞെടുക്കാം.
  • തൊഴിലുകൾക്കായി അപേക്ഷിക്കുന്നതിന് മുമ്പായി കരിയർ ചോയിസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാം.
  • തൊഴിൽ അപേക്ഷകൾക്കും ഇന്റർവ്യൂകൾക്കും മെച്ചപ്പെട്ട രീതിയിൽ തയ്യാറാകാം.

2. മാതാപിതാക്കൾ, അധ്യാപകർ, കരിയർ കൗൺസിലർമാർ

  • വിവിധ വ്യവസായ മേഖലകളും തൊഴിൽ സാധ്യതകളും മനസ്സിലാക്കാം.
  • തൊഴിലവസരങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ, തൊഴിലുടമകൾ ആവശ്യപ്പെടുന്ന തൊഴിൽ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.
  • ആവശ്യമുള്ള പ്രീ-എംപ്ലോയ്മെന്റ് പരിശീലനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗുണപരമായ ഉപദേശങ്ങൾ നൽകാം.

3. ഉദ്യോഗാർദ്ധികൾ

  • വ്യവസായ മേഖലകൾ, തൊഴിൽ സാധ്യതകൾ, ഉയർന്നു വരുന്ന തൊഴിലവസരങ്ങൾ, ആവശ്യമുള്ള കഴിവുകൾ, എന്നിവ മനസ്സിലാക്കാം.
  • തൊഴിലവസര / ജോലിസാധ്യത, തൊഴിൽ സന്ദർഭം, വിവിധ മേഖലകളിലെ തൊഴിൽ ദാതാവ് ആവശ്യപ്പെടുന്ന തൊഴിൽ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
  • ഒരു കരിയർ തിരഞ്ഞെടുപ്പ് അല്ലെങ്കിൽ തൊഴിൽ മാറ്റം ഉറപ്പിക്കുന്നതിന് മുൻപായി അഭിലാഷവും സാധ്യതകളും, അവസരങ്ങളും വിലയിരുത്തി തീരുമാനമെടുക്കാം.
  • ജോലിയുടെ ഭാവി കണക്കാക്കി തൊഴിൽ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ വിലയിരുത്താം.
  • മാറി വരുന്ന തൊഴിൽ ആവശ്യങ്ങളും നൈപുണ്യവും അടിസ്ഥാനമാക്കി അനുയോജ്യമായ പരിശീലന പരിപാടികൾ കണ്ടെത്താം.

4. പരിശീലനദാതാക്കൾ

  • തൊഴിലുടമകൾക്കും, ഉദ്യോഗാർത്ഥികൾക്കും, പഠിതാക്കൾക്കും പ്രയോജനപ്രദമാവുന്ന പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുകയും പരിശീലന പരിപാടികൾ നവീകരിക്കുകയും ചെയ്യാം.
  • വ്യവസായ മേഖലകളിലെ ട്രെൻഡുകളും, മികച്ച നിലവാരവും, ഉയർന്നുവരുന്ന കഴിവുകളുടെ ആവശ്യകതയും മനസിലാക്കി മെച്ചപ്പെട്ട ഉൾക്കാഴ്ച്ചകൾ നേടാം.
  • കമ്പനികളുടെ ഉൽപ്പാദനക്ഷമതയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള ജോലി പുനർരൂപകൽപ്പന ചെയ്യുന്ന പദ്ധതികൾ പോലെ സമഗ്ര നൈപുണ്യ വികസന പരിശീലന പരിപാടികൾ വികസിപ്പിക്കാം.

Unlearn, Re-learn & Upgrade your skills!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!