കേരള സ്റ്റാർട്ടപ്പ് മിഷൻ, Department of Industries & Commerce എന്നിവരുടെ സഹകരണത്തോടെ കേന്ദ്രഗവൺമെന്റിന്റെ MSME – Development Institute നടത്തുന്ന “ഉദ്യം സമാഗം- UDYAM SAMAAGAM” മാർച്ച് 19 , 20 തീയതികളിൽ തിരുവനന്തപുരം അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്നു. ഉദ്യം സമാഗത്തിന്റെ മൂന്നാമത്തെ എഡിഷനാണ് ഇത്തവണ തിരുവന്തപുരത്തു നടക്കുന്നത്.

സെമിനാറിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്ക് അതിനുവേണ്ടിയുള്ള ഫോം ഉദ്ധ്യം സമാഗത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പങ്കെടുക്കാൻ അവസരം.  പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷൻ ഇല്ലാതെ പങ്കെടുക്കാൻ കഴിയുന്നതല്ല. സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങളും ആശയങ്ങളും പ്രദർശിപ്പിക്കാനുള്ള സ്റ്റാൾ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. Rs. 4,000 , Rs. 5,000  എന്നിങ്ങനെയാണ് സ്റ്റാളുകൾക്കുള്ള ഫീ.

രണ്ടുദിവസങ്ങളായി നടക്കുന്ന കോൺക്ലേവിൽ വ്യവസായ പ്രദര്‍ശനവും, സ്റ്റാർട്ടപ്പുകൾക്കുവേണ്ടിയുള്ള സെമിനാറുകളും, വിവിധ സ്റ്റാർട്ടപ്പ് മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളും ഉണ്ടാകും. ടെക്നോളോജിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയും സംരംഭകരെയും ഉയർത്തിക്കൊണ്ടുവരാനായിട്ടാണ് ഈ കോൺക്ലേവ് കേന്ദ്രഗവണ്മെന്റ് നടത്തുന്നത്. തുടർന്ന്, പരിപാടിയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും സ്റ്റാർട്ടപ്പ് പ്രതിനിധികൾക്കും, മറ്റുള്ളവർക്കും പരസ്പരം സംവദിക്കാനും മീറ്റിംഗുകൾ നടത്താനുമുള്ള സൗകര്യവും ഈ കോൺക്ലേവിന്റെ ഒരു പ്രത്യേകതയാണ്.

19 നും 20 നുമായി 4 സെഷനുകളാണ് കോൺക്ലേവിൽ തയാറാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കോൺക്ലേവിന്റെ രജിസ്‌ട്രേഷൻ ആരംഭിക്കും. തുടർന്നുണ്ടാകുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം രാവിലെ 11 .30 മണിയോടെ ആദ്യത്തെ സെഷൻ ആരംഭിക്കും. വിവിധമേഖലകളിലുള്ള സ്റ്റാർട്ടപ്പുകൾക്കുവേണ്ടിയുള്ള വിഷയങ്ങളാകും ഈ സെഷനിൽ പ്രതിപാദിക്കുന്നത്. സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സ്റ്റാർട്ടപ്പ് നടത്തുന്നവർക്കും ഒരുപോലെ ഗുണപ്പെടുന്നരീതിയിലാണ് സെഷനിലെ വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അതേദിവസം ഉച്ചക്കുശേഷമുള്ള രണ്ടാമത്തെ സെഷനിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ടെക്നോളജി സാധ്യതകളും അവയുടെ ഉന്നതകാര്യങ്ങളുമൊക്കെയായിരിക്കും ചർച്ച ചെയ്യുന്നത്. കൂടാതെ അതിനോടൊപ്പം ബിസിനെസ്സുകൾക്കുവേണ്ടിയുള്ള മാർക്കറ്റിംഗ് മാർഗ്ഗങ്ങളുമൊക്കെ ഈ സെഷനിൽ ഉൾപ്പെടുത്തും. രണ്ടാം ദിവസം രണ്ട് പ്രധാന സെഷനുകളാകും ഉണ്ടാവുക, ആദ്യത്തേതിൽ ടെക്നോളോജിയെ ആശ്രയിച്ചിട്ടുള്ള സ്റ്റാർട്ടപ്പുകൾക്കുവേണ്ടിയുള്ള ബിസിനസ് സാധ്യതകളും മറ്റുമാണ് പ്രതിപാദിക്കുന്നത്. ഉച്ചക്കുശേഷമുള്ള സെഷനിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സ്റ്റാർട്ടപ്പ് പോളിസികളും DIC, FI എന്നിവക്കുള്ള പ്രാധാന്യം എന്നിവയായിരിക്കും പ്രധാനമായും ഉൾക്കൊള്ളിക്കുന്നത്.

മികച്ച സ്റ്റാർട്ടപ്പ് ആശയങ്ങളും അത് പ്രാവർത്തികമാക്കാനുള്ള പ്രാവീണ്യവുമുള്ള മിടുക്കർക്കും സംരംഭകർക്കും വളരെയധികം ഗുണപ്പെടുന്ന ഒരു കോൺക്ലേവ് ആണ് ഉദ്യം സമാഗം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!