അബ്ദുള്ള ബിൻ മുബാറക്

ഇന്ന് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ബസ്സ്‌വേർഡുകളിൽ (Buzzword) ഒന്നാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അഥവാ കൃത്രിമബുദ്ധി. പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും അനുസൃതമായി പ്രവർത്തിക്കാൻ കെൽപ്പുള്ള കംപ്യൂട്ടറുകളെക്കുറിച്ചു ഗവേഷണം തുടങ്ങിയിരുന്നു. ഇന്നതിന്റെ ഉന്നതിയിലെത്തിയില്ലെങ്കിലും ഒട്ടുമിക്ക മേഖലകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ പതിപ്പുകൾ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ മേഖല മുതൽ ബഹുരാഷ്ട്ര ഫാക്ടറികളിൽ വരെ എങ്ങനെയൊക്കെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് ജോലികൾ എളുപ്പമാക്കാം എന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രലോകം മുഴുവനും.
വിദ്യാഭ്യാസ മേഖലയെന്നാൽ കേവലം അധ്യാപക-വിദ്യാർത്ഥി ക്ലാസ്‌റൂം പഠനങ്ങൾക്കുമപ്പുറം ഓരോ വിദ്യാർത്ഥിയെയും അതാത് തലങ്ങളിൽ തിരിച്ചറിഞ്ഞു വ്യക്ത്യാധിഷ്ഠിത പഠനത്തിൽ ഊന്നിയുള്ളതാകണം എന്ന കാര്യം തർക്കാതീതമാണല്ലോ. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കാൻ ടെക്നോളോജിയെ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടുള്ള പരിഷ്കരണങ്ങൾ ഒട്ടുമിക്ക വികസിത രാജ്യങ്ങളും നടപ്പിലാക്കി വരികയാണ്. 2021 ഓടു കൂടി അമേരിക്കയിലെ 47.5% വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവിധാനങ്ങളും കൃത്രിമബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനത്തിലേക്ക് ചുവടുമാറുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു അധ്യാപകന്റെ ചുമതല മുഴുവനായി വഹിക്കാനാവും വിധം ടെക്നോളോജി വളർന്നിട്ടില്ല എന്നാണു പൊതുവെ ഉയർന്നു വരുന്ന ഒരു വാദമെങ്കിലും, വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉണ്ടാക്കാൻ പോകുന്ന തരംഗം ചില്ലറയല്ല.
 
വ്യക്ത്യാധിഷ്ഠിത പഠനം (Personalized Learning)
ഒരു ക്ലാസ് മുറിയിലിരിക്കുന്ന നാല്പതോ അൻപതോ വരുന്ന കുട്ടികളിൽ ഓരോരുത്തരും വ്യത്യസ്ത അഭിരുചികളും കഴിവുകളും ഉള്ളവരായിരിക്കാം. എന്നാൽ, എല്ലാവർക്കും ഒരേ രീതിയിൽ ഒരേ വിഷയങ്ങൾ തന്നെ പഠിപ്പിച്ചു കൊടുക്കുമ്പോൾ വ്യത്യസ്ത രീതിയിലുള്ള ഫലങ്ങളായിരിക്കും ലഭിക്കുക. അവിടെയാണ് വ്യക്ത്യാധിഷ്ഠിത പഠനം, അഥവാ Personalized Learning-ന്റെ പ്രസക്തി. ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞു അവരവർക്കിണങ്ങുന്ന ടോപ്പിക്കുകൾ തനതായ രീതിയിൽ അവതരിപ്പിച്ചു കൊടുക്കാൻ ഒരു പക്ഷെ അധ്യാപകർക്ക്  സമയത്തിനുള്ളിൽ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ഓരോരുത്തർക്കും മനസ്സിനിണങ്ങുന്ന രീതിയിൽ പഠനം മുന്നോട്ടു കൊണ്ട് പോകാനും, സംശയനിവാരണം നടത്താനും സാധിക്കുമെന്നത് തീർച്ചയാണ്.
 
അധ്യാപകർക്കുള്ള പരിശീലനം
വിദ്യാർത്ഥികൾക്ക് മാത്രമല്ല, അധ്യാപകരെക്കൂടി പാഠ്യക്രമങ്ങൾ പരിശീലിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൊണ്ട് സാധിക്കും. സാധാരണഗതിയിലുള്ള ട്രെയിനിങ് ക്ലാസ്സുകൾക്ക് പുറമെ ഓരോ അധ്യാപകനും അതാതു വിഷയങ്ങളിൽ കൂടുതൽ ഗ്രാഹ്യം നേടാനും, ചോദ്യങ്ങൾ തയ്യാറാക്കാനും ഇത്തരം സാങ്കേതിക വിദ്യ കൊണ്ട് സാധിക്കുമെന്നത് വലിയൊരു നേട്ടമാണ്. പുതുതായി പരിഷ്കരിക്കപ്പെടുന്ന സിലബസുകൾക്കനുസൃതമായി മാറാൻ അധ്യാപകരെ വലിയതോതിൽ സഹായിക്കാനാകുംവിധം രൂപകൽപ്പന ചെയ്ത ഒട്ടേറെ  പ്ലാറ്റ്ഫോമുകൾ നിലവിൽ ലഭ്യമാണ്.
കോഴ്സ് പരിഷ്കരണം
എല്ലായ്‌പോഴും അധ്യാപകർ പഠിപ്പിക്കുന്ന വിവരങ്ങൾ നൂറുശതമാനം ശരിയായിക്കൊള്ളണമെന്നില്ല. ഒരുപാട് വിദ്യാർത്ഥികൾ തെറ്റായി ധരിക്കാനിടയുള്ള പാഠഭാഗങ്ങൾ ചിലപ്പോൾ അധ്യാപകർ സാധാരണഗതിയിൽ പഠിപ്പിച്ചുപോയേക്കാം. എന്നാൽ, മൂല്യനിർണ്ണയം നടത്തുമ്പോൾ കൂടുതൽ പേർ പ്രസ്തുത ഭാഗം തെറ്റിച്ചിട്ടുണ്ടെങ്കിൽ അധ്യാപകർക്ക് സൂചന നൽകി എങ്ങനെയൊക്കെ കോഴ്സ് പരിഷ്കരിക്കാം എന്നുള്ള കാര്യങ്ങളിൽ കൃത്യമായ അവബോധം നൽകാൻ കൃത്രിമബുദ്ധി ഉപയോഗിക്കാം. പാഠ്യക്രമത്തിൽ വന്നിട്ടുള്ള പിശകുകൾ, ന്യൂനതകൾ, തെറ്റിധാരണകൾ എന്നിവ ഒരു വലിയ പരിധി വരെയൊക്കെ ഒഴിവാക്കാൻ സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ട് സാധിക്കും.
മൂല്യനിർണയം സ്മാർട്ട് ആക്കാം 
ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമേറിയ ടാസ്കുകളിൽ ഒന്നാണ് മൂല്യനിർണയം നടത്തുക എന്നത് . ഓരോരുത്തരും തങ്ങളുടേതായ ശൈലിയിൽ പാരഗ്രാഫുകളിൽ ഉത്തരങ്ങൾ എഴുതുമ്പോൾ നൂറുശതമാനം കുറ്റമറ്റ മൂല്യനിർണയം നടത്തുക എന്നത് പൂർണമായും സാധ്യമല്ല. മൾട്ടിപ്പിൾ ചോയ്സ് തരത്തിലുള്ള ചോദ്യങ്ങൾ എളുപ്പം കടന്നുപോകുമെങ്കിലും ഖണ്ഡികകളായുള്ള ഉത്തരങ്ങളിൽ ശരിയായ പോയിന്റുകൾ കണ്ടെത്തി മാർക്ക് നൽകാനും, കോപ്പിയടി കണ്ടുപിടിക്കാനും സാധിച്ചെന്നു വരില്ല. എന്നാൽ, വരുംകാലങ്ങളിൽ വലിയ ഖണ്ഡികകൾ പോലും വിശകലനം ചെയ്തു കൃത്യമായ സ്‌കോറുകൾ നൽകാനും കോപ്പി ചെയ്യൽ എളുപ്പം കണ്ടുപിടിക്കാനും ഉതകുന്ന രീതിയിലേക്കാണ് ടെക്നോളജിയുടെ വളർച്ച.
ഭാഷാവരമ്പുകളെ ഭേദിക്കാം
വിദ്യാഭ്യാസത്തിന്റെ പൊതുവായ ഭാഷ ഇംഗ്ലീഷ് എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. എന്നാൽ, മാതൃഭാഷ അല്ലാതെ മറ്റൊന്നും വശമില്ലാത്തവർക്കു കൂടി ആധുനിക വിദ്യാഭ്യാസം അനായാസമാക്കാൻ ഭാഷാവരമ്പുകൾ ഭേദിച്ചേ മതിയാകൂ. ഓരോ ഭാഷയിലേക്കും മുഴുവൻ സിലബസ് പരിഭാഷപ്പെടുത്തുക എന്നത് ഒരു ബാലികേറാമല തന്നെയാണ്. എന്നാൽ, ഒട്ടുമിക്ക ഓൺലൈൻ ട്രാൻസ്ലേഷൻ പ്ലാറ്റ്ഫോമുകളും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും, മെഷീൻ ലേർണിങ്ങും സമന്വയിപ്പിച്ചു കൊണ്ടുള്ള അൽഗോരിതങ്ങളാണ് പ്രയോഗത്തിൽ കൊണ്ട് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഏറെക്കുറെ കൃത്യമായ, മനുഷ്യസഹജമായ തർജ്ജമകൾ ഏതൊരു ഭാഷയിൽ നിന്നും നമുക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!