Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

കുറഞ്ഞ ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് ചെന്ന് നിൽക്കുന്നത് റോബോട്ടിലാണ്. മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം തന്നെ അല്ലായെങ്കിൽ മനുഷ്യനു ചെയ്യുവാൻ ദുഷ്കരമായ ജോലികളെല്ലാം തന്നെ ഫലപ്രദമായി ചെയ്യുവാൻ ഇന്ന് വ്യാവസായിക മേഖലകളിലും, ഗവേഷണ മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളാണിതിൽ മുൻപിൽ. പ്രത്യേകിച്ചും ജപ്പാനും കാനഡയും. കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ വലിപ്പം, ഘനം രൂപം, താപനില, മാർദ്ദവം, നിറം എന്നിവയൊക്കെ ഇവക്ക് തിരിച്ചറിയുവാൻ കഴിയും.

ഉരുക്ക് നിർമ്മാണം, എണ്ണ ശുദ്ധീകരണം, മാലിന്യ സംസ്കരണം, അണുനിരീക്ഷണം, പ്രതിരോധം, സമുദ്രപര്യവേഷണം എന്നിവിടെയെല്ലാം ഇന്ന് റോബോട്ടുകളുടെ സേവനം അനിവാര്യമാണ്. ശമ്പളം വേണ്ട, ചുരുങ്ങിയ ചിലവ്, വർദ്ധിച്ച ഉൽപ്പാദനം, ഗുണ നിലവാരമുള്ള ഉൽപ്പന്നം തുടങ്ങിയ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ റോബോട്ടുകളുടെ പ്രസക്തി ഇനി കൂടി വരുമെന്ന് തീർച്ച. ആയതിനാല്‍ത്തന്നെ നാളെയുടെ വ്യവസായിക വിപ്ലവത്തില്‍ അഗ്രഗണ്യമായ സ്ഥാനമുണ്ടാവുന്നയൊന്നാണ് റോബോട്ടിക്സ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും.

എന്താണ് റോബോട്ട്

റോബോട്ട് എന്നാല്‍ നമ്മുടെ സഹായി ആയി വര്‍ത്തിക്കുന്ന ഒരു ‘മെക്കാനിക്കല്‍ സ്ട്രക്ചര്‍’ ആണ്. നമുക്ക് റോബോട്ടിനെ പല രൂപത്തിലും ഉണ്ടാക്കാം, അത് നമ്മുടെ ഇഷ്ടമാണ്. പക്ഷെ നാം രൂപകല്‍പ്പന നല്‍കുന്ന ഓരോ ഭാഗത്തിനും പ്രവര്‍ത്തി ചെയ്യുന്നതിനാവശ്യമായ ആകൃതിയും അതിനുള്ള മെക്കാനിസവും അതിനെ നിയന്ത്രിക്കുവാനുള്ള കഴിവും റോബോട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. റോബോട്ടുകളെ യന്ത്രമനുഷ്യന്‍ എന്ന് പറയാറണ്ടെങ്കിലും ഇതിന് മനുഷ്യരൂപം വേണമെന്ന് നിര്‍ബന്ധമില്ല. മനുഷ്യരൂപത്തില്‍ നിര്‍മ്മിക്കപ്പെടുന്ന റോബോട്ടുകളെ ആൻഡ്രോയ്‌ഡ്‌സ് (Androids) എന്ന് വിളിക്കുന്നു.

ഇന്ന് റോബോട്ടുകള്‍ വളര്‍ച്ചയുടെ പാതയിലാണ്. കൃത്രിമ ബുദ്ധിയും വയര്‍ലെസ്സ് സങ്കേതങ്ങളും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് മുന്‍കാലങ്ങളില്‍ ചിന്തിക്കുവാന്‍ പോലും കഴിയാതിരുന്ന സിദ്ധികളുള്ള റോബോട്ടുകളാണിന്ന് രൂപം കൊള്ളുന്നത്.

വിവധ തരം റോബോട്ടുകള്‍

മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് റോബോട്ടുകളുടെ രൂപകല്‍പ്പന. റോബോട്ടുകളുടെ നിയന്ത്രണ സംവിധാനങ്ങളെയും യാന്ത്രിക രൂപ വിന്യാസങ്ങളേയും അടിസ്ഥാനമാക്കിയാണ് അവയെ പല വിഭാഗങ്ങളായി തിരിക്കുന്നത്. മെക്കാനിക്കല്‍ കോണ്‍ഫിഗറേഷന്‍ അടിസ്ഥാനമാക്കി അവയെ പോളാര്‍, സിലിണ്ട്രിക്കല്‍, കാര്‍ട്ടീഷ്യന്‍, ജോയിന്‍റഡ് ആം എന്നിങ്ങനെ തിരിക്കാം. മനുഷ്യന്‍റെ കൈത്തണ്ട പോലെ ലംബമായും തിരശ്ചീനമായുമുള്ള പ്രവര്‍ത്തനമുള്ള യന്ത്രക്കൈയ്യുള്ളവയാണ് പോളാര്‍ വിഭാഗത്തില്‍ വരുന്നത്. ലംബമായി മുകളിലേക്കും താഴേക്കും മാത്രം ചലിക്കുന്നവയാണ് സിലിണ്ട്രിക്കല്‍ റോബാട്ടുകള്‍. പരസ്പരം ലംബമായ മൂന്ന് അക്ഷങ്ങളിലൂടെ ചലനം സാധ്യമാക്കുന്ന റോബോട്ടുകളാണ് കാര്‍ട്ടീഷ്യന്‍ ഇനത്തില്‍ വരുന്നത്. ഏറെക്കുറെ ഒരു മനുഷ്യന്‍റെ കൈ പോലെ ചലന സ്വാതന്ത്ര്യമുള്ളവയാണ് ജോയിന്‍റഡ് ആം റോബോട്ടുകള്‍.

നിയന്ത്രണ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയും റോബോട്ടുകളെ തരം തിരിക്കാറുണ്ട്. പരിമിതമായ നിയന്ത്രണ സ്വാതന്ത്ര്യമുള്ളവയെ ലിമിറ്റഡ് സീക്വന്‍സ് റോബോട്ട് എന്ന് പറയുന്നു. ഉയര്‍ന്ന പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളവയെ സര്‍വോ കണ്‍ട്രോള്‍ റോബോട്ടുകള്‍ എന്ന് പറയുന്നു. ആധുനിക റോബാട്ടുകളെ അവയുടെ പ്രവര്‍ത്തന രീതിയെ അടിസ്ഥാനമാക്കിയും തരം തിരിക്കാറുണ്ട്. ഇന്‍റര്‍നെറ്റിലൂടെ നിയന്ത്രിക്കുവാന്‍ കഴിയുന്ന റോബോട്ടുകളുണ്ട്. ഇവയെ ടെലി ഓപ്പറേറ്റഡ് എന്ന് പറയുന്നു. അനേക ജോലികള്‍ നിശ്ചിത ക്രമത്തില്‍ ഒരു പ്രോഗ്രാമായി നല്‍കിയാല്‍ അവയനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് പ്രോഗ്രാമബിള്‍ റോബോട്ടുകൾ. സ്വയം പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ കഴിവുള്ളവയാണ് ഓട്ടോണമസ് റോബോട്ടുകള്‍. ചില പ്രവര്‍ത്തനങ്ങളെ യന്ത്രം നിയന്ത്രിക്കുമ്പോള്‍ ചിലവയെ മനുഷ്യന്‍ നിയന്ത്രിക്കുന്ന തരം റോബോട്ടുകളാണ് ലിമിറ്റഡ് അഥോറിറ്റി റിമോട്ട് കണ്‍ട്രോള്‍ റോബോട്ടുകള്‍.

വ്യാവസായിക മാറ്റങ്ങള്‍

മനുഷ്യ മസ്തിഷ്ക്കത്തിലെ എല്ലാ കഴിവുകളേയും യന്ത്രത്തിലേക്ക് പകരുവാന്‍ ശാസ്ത്ര സമൂഹം തീവ്രയജ്ഞം നടത്തുന്ന ഈ വേളയില്‍ നമ്മുടെ തൊഴില്‍ മേഖലകളില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

ആരോഗ്യമേഖല

മനുഷ്യ ശരീരത്തിനുള്ളില്‍ കടന്ന് ചികിത്സ നടത്തുവാന്‍ കഴിവുള്ള റോബോട്ടുകള്‍ പിറവിയെടുക്കും. ശരീരത്തില്‍ കത്തി തൊടാതെ ശസ്ത്രക്രിയ നടത്തുവാന്‍ കഴിവുള്ള അക്രോബാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഒരു റോബോട്ട് ജന്‍മമെടുത്തു കഴിഞ്ഞു. വിദൂരങ്ങളിലിരുന്ന് രോഗിയെ പരിശോധിക്കാവുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും.

പ്രതിരോധം

യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന റോബോട്ടുകളുണ്ട്. കുഴിബോംബുകളുടെ സാന്നിധ്യമറിയുവാനും ചാരപ്പണി നടത്തുവാനും കഴിവുള്ള ഒരു റോബോട്ട് മൂട്ടയെ വാന്‍റര്‍ മില്‍ട്ട് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.

റോബോട്ടുകള്‍ വീടുകളില്‍

അനതി വിദൂരഭാവിയില്‍ വീട്ടുജോലിക്കാരുടെ സ്ഥാനം റോബോട്ടുകള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. അതിനാല്‍ത്തന്നെ വരും നാളുകളില്‍ ഇന്നത്തെ മൊബൈല്‍ വില്‍പ്പനയും സര്‍വീസിങ്ങും പോലെ റോബോട്ട് വില്‍പ്പനയും സര്‍വീസിങ്ങും ഒരു വ്യവസായ മേഖലയായി വളര്‍ന്നു വരും.

റോബോട്ടും കൃഷിയും അനുബന്ധമേഖലകളും

 

കൃഷിയില്‍ റോബോട്ടിനെ പ്രയോജനപ്പെടുത്താവാന്‍ കഴിയും. CNC (Computer Numerical Control) മെഷീന്‍ ഉപയോഗിച്ച് ഒരു പ്രോഗ്രാം സെറ്റ് ചെയ്തിട്ട് ആകെയുള്ള സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം കണക്ക് കൂട്ടി നല്‍കിയാല്‍ നിലം ഉഴുതുന്നതും വിത്ത് വിതയ്ക്കുന്നതും റോബോട്ടിനാല്‍ നിയന്ത്രിതമായ ഒരു യന്ത്രത്താല്‍ നടത്തുവാന്‍ കഴിയും. വിളവെടുപ്പാണ് റോബോട്ടിനെ ഉപയോഗിക്കാവുന്ന മറ്റൊരു മേഖല. ക്ഷീരോല്‍പ്പാദനത്തില്‍ റോബോട്ടുകളുടെ സഹായം വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.

കളിപ്പാട്ട വിപണിയും റോബോട്ടും

അടുത്തകാലത്തായി വിപണി കൈയ്യടക്കിയ ഒരു രംഗമാണ് കളിപ്പാട്ടങ്ങളുടേത്. റോബോട്ടിനാല്‍ നിയന്ത്രിതമായ കളിപ്പാട്ടങ്ങള്‍ക്ക് വന്‍ വിപണിയുണ്ട്.

റോബോട്ട് ക്ലസ്റ്റര്‍

റോബാട്ടിനും ക്ലസ്റ്ററോ എന്ന് ചോദിക്കാന്‍ വരട്ടെ, റോബാട്ടുകളുടെ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനം നിലവിലുണ്ട്. വളരെ ലളിതമായ ആയിരക്കണക്കിന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാങ്കേതിക വിദ്യകളാണവ. ഈ യന്ത്രസമുച്ചയത്തില്‍ ഏതാനും റോബോട്ടുകളുടെ പ്രവര്‍ത്തനം നിന്നു പോയാലും അത് പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കും. ഒരു ചെറു റോബോട്ട് പോയാല്‍ അത് നന്നാക്കിയെടുക്കുവാനുള്ള സംവിധാനം അതിന്‍റെ അയല്‍പക്കത്തിരിക്കുന്ന റോബോട്ടില്‍ ഒരുക്കിയിരിക്കും. ഇങ്ങനെ പരസ്പരം റിപ്പയര്‍ ചെയ്ത് സഹായിക്കുന്നതിനാല്‍ ബാഹ്യാകാശ പേടകങ്ങളിലും മറ്റും ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

അപകടകരമായ സാധ്യതകള്‍

പല്ലികളുടേയും പൂമ്പാറ്റകളുടേയും രൂപത്തില്‍ മനുഷ്യന്‍റെ സ്വകാര്യത കവരുന്ന റോബോട്ടുകള്‍ ഒരു സ്വപ്നമല്ല. നാട്ടിലെങ്ങും പറന്ന് നടന്ന് മനുഷ്യന്‍ അറിയാതെ അവരുടെ ചിത്രങ്ങളെടുക്കുവാന്‍ കഴിവുള്ള പക്ഷികളുടെ രൂപത്തിലുള്ള റോബോട്ടുകള്‍ കാലിഫോര്‍ണിയായിലെ അഡ്വാന്‍സ്ഡ് ഓട്ടോമേഷന്‍ സെന്‍ററില്‍ ഗവേഷണ വിഷയമാണ്. ഇവയെടുക്കുന്ന നമ്മുടെ ചിത്രങ്ങള്‍ നാമറിയാതെ മറ്റൊരാള്‍ വിദൂരത്തിലിരുന്ന് ശേഖരിക്കുന്നത് ചിന്തിച്ചു നോക്കു. തലക്ക് മുകളില്‍ പറന്ന് നടക്കുന്ന ചിത്രശലഭങ്ങള്‍ കൃത്രിമമോ യഥാര്‍ഥമോയെന്ന് നാം സംശയിക്കേണ്ടതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

നാമെന്ത് ചെയ്യണം

പേഴ്സണല്‍ കമ്പ്യൂട്ടര്‍ പോലെ ഹോം റോബോട്ടുകള്‍ എല്ലാ വീട്ടിലും എത്തിത്തുടങ്ങുന്നതോടെ ഇതൊരു വന്‍ വിപണിയായി മാറും. സുരക്ഷാഭടന്‍മാരായും അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരായും കുട്ടികളുടെ ട്യൂഷന്‍ മാസ്റ്ററുമായെല്ലാം റോബോട്ടുകള്‍ അവതരിക്കുന്നതോടെ മനുഷ്യന്‍ ചെയ്ത് കൊണ്ടിരിക്കുന്ന പല ജോലികളും ഇന്ന് രോബോട്ടുകളുടെ ചുമലിലാകും. ഇത് മുന്നില്‍ കണ്ട് റോബോട്ടുകളെ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഇന്‍റര്‍നെറ്റിലൂടെ റോബോട്ടിന്‍റെ വിവിധ ഭാഗങ്ങള്‍ വാങ്ങി കൂട്ടി യോജിപ്പിക്കുവാന്‍ കഴിയും. www.robotshop.com ഇത്തരത്തിലുള്ള ഒരു സൈറ്റാണ്.

റോബോട്ടധിഷ്ഠിതമായ കളിപ്പാട്ടങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലെന്ന പോലെ ഇവിടെയും പ്രചാരം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഇവ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞാല്‍ ഇതൊരു വന്‍ വ്യവസായമാക്കി മാറ്റാം. വിദേശ രാജ്യങ്ങളിലേക്ക് കയറ്റ്മതി ചെയ്യുന്നതും ആലോചിക്കാവുന്നതാണ്. ആധുനിക റോബോട്ടുകളില്‍ എംബഡഡ് സോഫ്റ്റ്വെയറുകള്‍ ധാരാളമായി വേണ്ടി വരും. സോഫ്റ്റ്വെയര്‍ നിര്‍മ്മാണ മേഖലയ്ക്ക് ഈ സാധ്യത ഉപയോഗിക്കാവുന്നതാണ്. റോബോട്ടുകളില്‍ ഉപയോഗിക്കുവാന്‍ അതി സങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ധാരാളമായി വേണ്ടി വരും. ഇവയുടെ നിര്‍മ്മാണം ആരംഭിക്കാവുന്നതാണ്.

റോബോട്ട് ടെക്നോളജിയിലെ ഗവേഷങ്ങള്‍ക്കും തുടര്‍ന്നുള്ള ഉല്‍പ്പാദനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്നിന്ത്യയിലും വിദേശത്തുമുള്ളതിനാല്‍ യുവാക്കള്‍ക്ക് റോബോട്ടിക്‌സ് ഗവേഷണം ഒരു കരിയര്‍ ആക്കാവുന്നതാണ്.

ഭീഷണികള്‍ കാണാതിരുന്നു കൂടാ

വിദേശ വ്യവസായശാലകളില്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനാല്‍ അവര്‍ക്ക് വരും കാലങ്ങളില്‍ കുറഞ്ഞവിലക്ക് ഇന്ത്യന്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ കഴിയും. ഇത് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ഭീഷണിയായി മാറാം. നിലനില്‍പ്പിനായി നാമും റോബോട്ടുകളുപയോഗിക്കുവാന്‍ തുടങ്ങിയാല്‍ തൊഴിലില്ലായ്മ രൂക്ഷമാവാന്‍ തുടങ്ങും. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടയൊന്നാണ്. തന്ത്രപ്പധാനമായ മേഖലകളില്‍ നമുക്ക് റോബോട്ട് ഉപയോഗിക്കേണ്ടതായി വരും. അപ്പോള്‍ നഷ്ടമാവുന്ന തൊഴിലവസരങ്ങള്‍ റോബോട്ട് നിര്‍മ്മാണത്തിലേക്കോ അനുബന്ധ സേവനങ്ങളിലേക്കോ മാറ്റി വിന്യസിക്കേണ്ടി വരും. ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ വിപണിയില്‍ പ്രതിഫലിക്കും.

Leave a Reply