കൊറോണ കാലം വന്നപ്പോഴാണ് സത്യത്തിൽ കേരളത്തിന്റെ മഹത്വം എന്താണെന്ന് ലോകം മനസ്സിലാക്കുന്നത്. ലോകത്ത് ഇതുപോലെ സുരക്ഷിതമായ മറ്റൊരു സ്ഥലം വേറെ ഇല്ല എന്ന് പറയേണ്ടി വന്നിരിക്കുന്നു.! ആരോഗ്യപരമായ സുരക്ഷിതത്വം, ഭക്ഷണം, ജീവനും സ്വത്തിനും സുരക്ഷിതത്വം എന്നിവയൊക്കെ ഉറപ്പാക്കുന്നതില്‍ കേരളം ഇന്ന് ലോകത്തിന് മാതൃകയാണ്.

കേരളത്തില്‍ നിന്ന് വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഉന്നത വിദ്യാഭ്യാസത്തിനായി ചേക്കാറാറുണ്ട്. നമ്മുടെ സംസ്ഥാനത്തില്‍ നിന്നും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സമ്പത്തിന്‍റെ ഒഴുക്ക് അത്ര ചെറുതല്ല. ഈ കൊറോണക്കാലം ചിന്തനീയമായ ഒത്തിരി കാര്യങ്ങള്‍ നമുക്ക് സമ്മാനിക്കുന്നുണ്ട്. നമ്മുടെ മക്കള്‍ കേരളത്തിനു പുറത്ത് സുരക്ഷിതരാണോ? ഇത്തരം സാഹചര്യങ്ങളില്‍ കേരളത്തില്‍ പുറത്ത് ദൂര ദേശങ്ങളിലേക്ക്  വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിൻറെ പേരിൽ പറഞ്ഞയക്കാൻ രക്ഷകർത്താക്കൾക്ക് സാധിക്കുമോ?

നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് നമ്മുടെ മക്കൾ അന്യ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പഠനത്തിനു വേണ്ടി പോകുമ്പോൾ അനുഭവിക്കുന്നത് എന്നാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ മക്കളുടെ ഉന്നത പഠനം പൂർത്തിയാക്കിയാൽ, അതായിരിക്കും നമുക്കും, നമ്മുടെ കുടുംബത്തിനും ഗുണകരവും  സുരക്ഷിതവും എന്ന കാര്യത്തിൽ തർക്കമില്ല. മലയാളികള്‍ സമ്പത്തിന്റെ വലിയൊരുഭാഗം ചെലവഴിക്കുന്നത് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനാണ്. ഇത് നമ്മുടെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് ഗുണകരമാംവിധം പ്രയോജനപ്പെടുത്തുന്നത് സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാകും എന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ, കൂടുതൽ ആധുനികമായ രീതിയിലുള്ള പഠന മേഖലകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മികച്ച രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി  രക്ഷകര്‍തൃസമൂഹം ശക്തമായ പിന്തുണ നല്‍കേണ്ട സാഹചര്യമാണിത്. നമുക്ക് കേരളത്തിൽ  ഇവരെ പഠിപ്പിക്കാൻ  സർക്കാർ – സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാൽ  കേരളത്തിന്റെ സമ്പദ്ഘടനക്കും ഏറെ ഗുണകരമായിരിക്കും.  ആധുനിക സാങ്കേതിക വിദ്യയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കി കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയരട്ടെ, അതനുസരിച്ച് നമ്മുടെ കുട്ടികൾക്ക് കൂടുതൽ നല്ല നിലവാരത്തിൽ പഠിക്കാൻ കഴിയട്ടെ…

കേരളത്തിലെ സമ്പത്തിനെയും മാനവവിഭവ ശേഷിയും  മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒഴുകാതെ കേരളത്തിൽ തന്നെ ഒഴുകി പരക്കട്ടെ ….

കേരളം ലോകത്തിന്റെ വിദ്യാഭ്യാസ ഹബ് ആയി മാറട്ടെ!

Leave a Reply