Muralee Thummarukudy
– Chief of Disaster Risk Reduction in the UN Environment Programme.
Neeraja Janaki –  
Career Planner & Psychologist

ആളുകൾ അവരുടെ സാമ്പത്തികനില അറിഞ്ഞു വേണം വിദേശപഠനം തീരുമാനിക്കാൻ എന്ന് പറഞ്ഞല്ലോ. വിദേശത്ത് നിന്നുള്ള സ്കോളർഷിപ്പുകൾ, ഇന്ത്യയിൽ ലഭ്യമായ സ്കോളർഷിപ്പുകൾ, സ്വന്തമായി സമ്പാദിച്ച പണം, മാതാപിതാക്കളുടെ പണം, സ്വദേശത്തോ വിദേശത്തോ ഉള്ള ബന്ധുക്കൾ നൽകുന്ന സ്പോൺസർഷിപ്പ്, ബാങ്ക് ലോൺ എന്നിങ്ങനെ വിദേശ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ മാർഗ്ഗങ്ങൾ പലതുണ്ട്.
വിദേശത്ത് പഠിക്കാനാവശ്യമായ സാമ്പത്തികഭദ്രതയുണ്ടെന്ന് മനസ്സിലാക്കിയാൽ പിന്നെ വേണ്ടത് അതിനുള്ള തയ്യാറെടുപ്പുകളാണ്. അതിൽ ഒന്നാമത്തേതാണ് ആവശ്യമായ പ്രവേശന പരീക്ഷകൾ പാസ്സാകുക എന്നത്.

ഓരോ യൂണിവേഴ്സിറ്റിക്കും ഓരോ പ്രവേശന പരീക്ഷ എന്ന ഇന്ത്യയിലെ രീതിയല്ല ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും നിലവിലുള്ളത്. പ്രത്യേകിച്ചും അന്യരാജ്യത്തു നിന്ന് പഠിക്കാൻ വരുന്നവർക്ക്. ഓരോ രാജ്യത്തേക്കും പൊതുവായി ചില പരീക്ഷകളുണ്ട്. ഈ പരീക്ഷയിലെ റാങ്കല്ല അഡ്മിഷന്റെ മാനദണ്ഡം. അഡ്മിഷന് വേണ്ട പല നിബന്ധനകളിൽ ഒന്നു മാത്രമാണ് ഈ പരീക്ഷകൾ.
പ്രധാനമായും മൂന്നു തരം പരീക്ഷകളാണ് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരോട് എഴുതാൻ ആവശ്യപ്പെടുന്നത്.

  1. ഭാഷയിലെ പ്രാവീണ്യം തെളിയിക്കാനുള്ള പരീക്ഷ.
  2. പൊതുവിൽ ഉപരിപഠനത്തിനുള്ള കഴിവും അഭിരുചിയും അളക്കാനുള്ള പരീക്ഷ.
  3. പ്രത്യേക വിഷയങ്ങളിലെ അറിവ് അളക്കാനുള്ള പരീക്ഷ.

നമ്മൾ പോകുന്ന നാടിനനുസരിച്ചാണ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടത്. പ്രധാനമായും ഇന്ത്യയിൽ നിന്നു പോകുന്നത് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കായതിനാൽ ഇംഗ്ലീഷ് ഭാഷയിലെ അറിവ് അളക്കുന്ന പരീക്ഷകളാണ് കൂടുതൽ. ഇംഗ്ലീഷ് അടിസ്ഥാനഭാഷ അല്ലാത്ത രാജ്യങ്ങളും അവിടെ ഇംഗ്ലീഷ് ഭാഷയിൽ കോഴ്സുകൾ നടത്തുന്പോൾ ഇംഗ്ലീഷ് പ്രാവീണ്യം കാണിക്കാനുള്ള പരീക്ഷയുടെ സ്കോർ ആവശ്യപ്പെടാറുണ്ട് (ഉദാഹരണം – ജർമ്മനി).

ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS)

വിദേശത്തേക്ക് പോകാനായി ശ്രമിക്കുന്നവർ ഒരുപക്ഷെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ടെസ്റ്റാകും IELTS. എന്താണിത്? ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങൾക്കോ, ജോലിക്കായോ പോകാനുദ്ദേശിക്കുന്നവർക്കാണ് IELTS പ്രയോജനപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അളക്കുക എന്നതാണ് ഈ ടെസ്റ്റിന്റെ ഉദ്ദേശം. ഒന്നുമുതൽ (നോൺ-യൂസർ 1) ഒന്പതുവരെ (എക്സ്പെർട്ട് യൂസർ 9) സ്കോറുകൾ ലഭിക്കാവുന്ന ഒരു 9-ബാൻഡ് സ്കെയിൽ സിസ്റ്റമാണ് IELTS നുള്ളത്.
അക്കാദമിക്, ജനറൽ ട്രെയിനിങ് എന്നിങ്ങനെ IELTS രണ്ടു തരമുണ്ട്. വിദേശത്ത് പ്രൊഫഷണൽ രജിസ്ട്രേഷനു വേണ്ടിയോ ഹയർ സ്റ്റഡീസിനോ പോകാനുദ്ദേശിക്കുന്നവർ IELTS ‘അക്കാഡമിക് സ്ട്രീം’ തിരഞ്ഞെടുക്കണം. ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്കോ ഇംഗ്ലീഷ് പ്രധാന ഭാഷയായുള്ള ഒരു രാജ്യത്ത് സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിനോ, ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനോ, ജോലിക്കായോ ‘ജനറൽ ട്രെയിനിങ്’ ആവശ്യമാണ്.
ടെസ്റ്റിന്റെ ഘടന പരിശോധിച്ചാൽ, റീഡിങ്ങ്, റൈറ്റിംഗ്, ലിസണിങ്ങ്, സ്പീക്കിങ്ങ് എന്നിങ്ങനെ നാല് മോഡ്യൂളുകളുണ്ടാവും. ലിസണിങ്ങ്, സ്പീക്കിങ്ങ് ടെസ്റ്റ് മോഡ്യൂളുകൾ അക്കാഡമിക്കിനും ജനറൽ ട്രെയിനിങ്ങിനും ഒരുപോലെയാണ്. എന്നാൽ റൈറ്റിംഗ്, റീഡിങ്ങ് മോഡ്യൂളുകൾ രണ്ടിലും വ്യത്യാസപ്പെട്ടിരിക്കും.
IELTS ടെസ്റ്റ് പൂർത്തിയാക്കാൻ രണ്ടുമണിക്കൂർ നാല്പത്തിയഞ്ചു മിനിറ്റ് വേണ്ടിവരും. രണ്ടു വർഷമായിരിക്കും ടെസ്റ്റ് സ്കോറിന്റെ സാധുത.
കൂടുതൽ വിവരങ്ങൾക്ക് https://www.ielts.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ് (TOEFL)

അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിന് ഇംഗ്ലീഷിലുള്ള പ്രാവീണ്യം അളക്കുന്ന ടെസ്റ്റ് ആണ് TOEFL. പ്രധാനമായും യൂണിവേഴ്സിറ്റി അഡ്മിഷനും, സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും TOEFL ആവശ്യമായി വരാം. ഒരുതവണ ടെസ്റ്റ് ചെയ്താൽ രണ്ടുവർഷത്തേക്കു മാത്രമേ സാധുത ഉണ്ടാകൂ.
TOEFL iBT എന്ന ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റ് ആണ് ലോകത്ത് കൂടുതൽ പ്രചാരത്തിലുള്ളത്. പേപ്പർ ബേസ്ഡ് ടെസ്റ്റും (TOEFL PBT) ലഭ്യമാണ്. ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റിൽ റീഡിങ്ങ്, ലിസണിങ്ങ്, സ്പീക്കിങ്ങ്, റൈറ്റിംങ്ങ് എന്നിങ്ങനെ നാല് സെക്ഷനുകളാണുള്ളത്. നാലുമണിക്കൂറാണ് ടെസ്റ്റ് സമയം. പൂജ്യം മുതൽ നൂറ്റി ഇരുപതുവരെയാണ് (0 to 120) സ്കോർ സ്കെയിൽ. നാലു സെക്ഷനുകൾക്കും 0 മുതൽ 30 വരെ സ്കോറുകളാണുള്ളത്. ഓരോന്നിനും ലഭിച്ച സ്കോറുകൾ കൂട്ടി ആകെ കിട്ടിയ മാർക്കാണ് ഫൈനൽ സ്കോറായി കണക്കാക്കുന്നത്. പേപ്പർ ബേസ്ഡ് ടെസ്റ്റിൽ ചില വ്യത്യാസങ്ങളുണ്ട്. ഇതിൽ ലിസണിങ്ങ്, സ്ട്രക്ച്ചർ ആൻഡ് റിട്ടൺ എക്സ്പ്രഷൻ, റീഡിങ്ങ് കോംപ്രിഹൻഷൻ, റൈറ്റിംഗ് എന്നിങ്ങനെ നാല് സബ് ടെസ്റ്റുകളുണ്ട്. എന്നാൽ റൈറ്റിങ്ങ് ടെസ്റ്റിന്റെ സ്കോർ ടോട്ടൽ സ്കോറിൽ ചേർക്കില്ല. ഇത് 0–6 എന്ന സ്കെയിലിൽ പ്രത്യേകം റിപ്പോർട്ടു ചെയ്യും. എക്സ്ട്രീംലി ലിമിറ്റഡ്/ ഇന്റർമിറ്റെന്റ്/നോൺ-യൂസർ (TOEFL iBT 0-31, TOEFL PBT 400 – 449) മുതൽ എക്സ്പെർട്ട് യൂസർ (TOEFL iBT 118-120, TOEFL PBT ≥ 645) വരെയുള്ള ബാന്റുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് https://www.ets.org/toefl എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മറ്റു ഭാഷകളിലെ പരീക്ഷകൾ


സാധാരണയായി മലയാളികൾ പോകുന്ന രാജ്യങ്ങളിൽ ജർമ്മനിയും ഫ്രാൻസുമാണ് അവരുടെ ഭാഷകളിൽ അടിസ്ഥാന പരീക്ഷ പാസ്സാകാൻ നിബന്ധന വെക്കാറുള്ളത്. റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ പരീക്ഷ മുൻകൂർ പാസ്സാകണമെന്ന് നിർബന്ധിക്കാതെ പഠനത്തിന്റെ ആദ്യ വർഷം ഭാഷാപഠനത്തിനായി ഉപയോഗിക്കുന്നു.

അന്താരാഷ്ട്രമായി വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള മത്സരം കടുത്തതോടെ പല രാജ്യങ്ങളും അവരുടെ രാജ്യത്ത് തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിൽ കോഴ്സുകൾ നടത്തുന്ന രീതി തുടങ്ങിയിട്ടുണ്ട്. എന്നാലും ജർമ്മനോ ഫ്രഞ്ചോ ജാപ്പനീസൊ ചൈനീസൊ അറിയാമെങ്കിൽ നമുക്ക് പ്രാപ്യമായ യൂണിവേഴ്സിറ്റികളുടെ എണ്ണം വർദ്ധിക്കും, മത്സരം കുറയുകയും ചെയ്യും.

അഭിരുചി പരീക്ഷകൾ:

സ്കോളാസ്റ്റിക് അസസ്സ്മെൻറ് ടെസ്റ്റ് (SAT)

മുൻപ് സ്കോളാസ്റ്റിക് ആപ്റ്റിട്യൂഡ് ടെസ്റ്റ് എന്നറിയപ്പെട്ടിരുന്ന SAT, അമേരിക്കൻ നോൺ-പ്രോഫിറ്റ് സംഘടനയായ കോളേജ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള അസ്സസ്സ്മെൻറ് ടെസ്റ്റാണ്. യു.എസ്, കാനഡ എന്നിവിടങ്ങളിൽ ബിരുദ പഠനത്തിനായി അഡ്മിഷൻ നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരീക്ഷയാണിത്. യു.കെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളും ചില ഇന്ത്യൻ യൂണിവേഴ്സിറ്റികളും ഇപ്പോൾ സ്കോളാസ്റ്റിക് അസ്സസ്സ്മെൻറ് ടെസ്റ്റ് അംഗീകരിക്കുന്നുണ്ട്. സ്കോളാസ്റ്റിക് അസ്സസ്സ്മെൻറ് ടെസ്റ്റ്, SAT 1, SAT 2 എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. വിദ്യാർത്ഥികളിലെ എഴുതാനും വാചികവുമായ കഴിവുകൾ, ഗണിത പരിജ്ഞാനം എന്നിവ പരിശോധിക്കുവാനുള്ള ജനറൽ ടെസ്റ്റ് ആണ് SAT 1. അതേസമയം SAT 2, കൂടുതൽ വിഷയ കേന്ദ്രീകൃതമാണ്. അതായത്, ഏതെങ്കിലും പ്രത്യേക വിഷയത്തിൽ നിങ്ങൾക്കുള്ള അറിവ് പരിശോധിക്കപ്പെടുന്നു. സയൻസ്, ലിറ്ററേച്ചർ, ഹിസ്റ്ററി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളും, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ജർമൻ, മോഡേൺ ഹീബ്രൂ, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷമാണ് സ്കോളാസ്റ്റിക് അസ്സസ്സ്മെൻറ് ടെസ്റ്റിന്റെ സാധുത.
കൂടുതൽ വിവരങ്ങൾക്ക് https://collegereadiness.collegeboard.org/sat എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഗ്രാജുവേറ്റ് റെക്കോർഡ് എക്സാമിനേഷൻ (GRE)

പ്രധാനമായും യു.എസ്, കാനഡ, എന്നീ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ ഗ്രാജുവേറ്റ് അഡ്മിഷനുവേണ്ടി ശ്രമിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ടെസ്റ്റാണ് GRE.
മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾക്കായി ലോകമെന്പാടുമുള്ള ആയിരക്കണക്കിന് ബിരുദ പ്രോഗ്രാമുകളിൽ GRE സ്കോർ ആവശ്യമാണ്. SAT പോലെത്തന്നെ GRE യിലും ജനറൽ ടെസ്റ്റും സബ്ജക്ട് ടെസ്റ്റുമുണ്ട്. അനാലിറ്റിക്കൽ റൈറ്റിംഗ്, വെർബൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ കഴിവുകളാണ് GRE ജനറൽ ടെസ്റ്റിൽ പരിശോധിക്കുന്നത്. സബ്ജക്ട് ടെസ്റ്റുകൾ വിഷയാധിഷ്ഠിതമാണ്. മാസ്റ്റേഴ്സ് പഠനത്തിനാഗ്രഹിക്കുന്നവർ, പ്രത്യേകിച്ച് എം.ബി.എ, നിയമവിഷയങ്ങളിലുള്ള ജെ.ഡി (J.D) അഥവാ ഡോക്ടർ ഓഫ് ജൂറിസ്പ്രൂഡെൻസ്, മറ്റു ഡോക്ടറൽ ഡിഗ്രികൾ എന്നിവ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് GRE ജനറൽ ടെസ്റ്റെഴുതുന്നത്. ജനറൽ ടെസ്റ്റിൽ, കന്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റും പേപ്പർ ബേസ്ഡ് ടെസ്റ്റും സാധ്യമാണ്. ഏതെങ്കിലും പ്രത്യേക മേഖലയിലുള്ള വിദ്യാർത്ഥികളുടെ കഴിവുകൾ അളക്കുന്നതിനാണ് സബ്ജക്ട് ടെസ്റ്റുകൾ. ബിയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് ലിറ്ററേച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ സബ്ജക്ട് ടെസ്റ്റുകൾ സാധ്യമാണ്. സബ്ജക്ട് ടെസ്റ്റുകൾ പേപ്പർ ബേസ്ഡാണ്. അഞ്ചുവർഷമാണ് GRE ടെസ്റ്റ് സ്കോറിന്റെ കാലാവധി.
കൂടുതൽ വിവരങ്ങൾക്ക് https://www.ets.org/gre എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഗ്രാജുവേറ്റ് മാനേജ്മന്റ് അഡ്മിഷൻ ടെസ്റ്റ് (GMAT)

ഗ്രാജുവേറ്റ് മാനേജ്മന്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ നേടുന്നതിനുള്ള കന്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണ് ഗ്രാജുവേറ്റ് മാനേജ്മന്റ് അഡ്മിഷൻ ടെസ്റ്റ്. ലോകമെന്പാടുമുള്ള രണ്ടായിരത്തിലധികം ബിസിനസ് സ്കൂളുകളിൽ എം.ബി.എ, മാസ്റ്റർ ഓഫ് ഫിനാൻസ്, അക്കൗണ്ടൻസി തുടങ്ങി വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ മാനദണ്ഡങ്ങളിലൊന്നാണ് GMAT. അനാലിറ്റിക്കൽ റൈറ്റിങ് അസ്സസ്സ്മെന്റ്റ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, വെർബൽ റീസണിങ്, ഇന്റഗ്രേറ്റഡ് റീസണിങ് എന്നിങ്ങനെ മാനേജ്മന്റ് വിദ്യാർത്ഥികൾക്കാവശ്യമായ നാല് വ്യത്യസ്ത സ്കില്ലുകളാണ് GMAT ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് സെക്ഷനുകളും ഏത് ക്രമത്തിൽ എഴുതണം എന്നത് പരീക്ഷ എഴുതുന്ന ആളിന് തിരഞ്ഞെടുക്കാവുന്നതാണ്.
മേൽപ്പറഞ്ഞിരിക്കുന്നവയിൽ ക്വാണ്ടിറ്റേറ്റീവ് റീസണിങ്ങും വെർബൽ റീസണിങ്ങും കന്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റുകളാണ്.

എന്താണ് കന്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റുകൾ?

ഓരോ ചോദ്യങ്ങൾക്കു ശേഷവും എഴുതുന്നയാളുടെ നിലവാരം മനസിലാക്കി അതിനനുസരിച്ചുള്ള ചോദ്യങ്ങളാവും ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ലഭിക്കുന്ന ആദ്യ ചോദ്യത്തിന്റെ കാഠിന്യം ഇടത്തരം നിലവാരമുള്ളതാവാം. ആദ്യ ചോദ്യത്തിന് നിങ്ങൾ ശരിയായി ഉത്തരം നൽകുകയാണെങ്കിൽ, കന്പ്യൂട്ടർ സാധാരണയായി നിങ്ങൾക്ക് ഒരു കഠിനമായ ചോദ്യം നൽകും. മറിച്ചാണെങ്കിൽ നിങ്ങളുടെ അടുത്ത ചോദ്യം കുറച്ചുകൂടി എളുപ്പമുള്ളതായിരിക്കും.
GMATൽ ടോട്ടൽ സ്കോറിനൊപ്പം മറ്റു നാല് സെക്ഷനുകളുടെയും ഒറ്റക്കുള്ള സ്കോറുകളും പ്രധാനമാണ്. കൂടാതെ എട്ടു തവണയിൽക്കൂടുതൽ ഒരാൾക്ക് GMAT എഴുതാൻ സാധിക്കില്ല. അഞ്ചുവർഷമാണ് GMAT ടെസ്റ്റ് സ്കോറിന്റെ കാലാവധി.
കൂടുതൽ വിവരങ്ങൾക്ക് https://www.mba.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡോക്ടർമാർക്കുള്ള പരീക്ഷകൾ

വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന ഡോക്ടർമാർക്ക് പ്രത്യേക പരീക്ഷകളുണ്ട്. അമേരിക്കയിൽ United States Medical Licensing Examination (USMLE, https://www.usmle.org/) യു കെ യിൽ Professional and Linguistic Assessment Board (PLAB) ഇവയാണ് ആ പരീക്ഷകൾ Visit Website. USMLE മൂന്നു ഘട്ടമായിട്ടും PLAB രണ്ടു ഘട്ടമായിട്ടുമാണ് പരീക്ഷകൾ നടത്തുന്നത്. USMLE, PLAB പരീക്ഷകളുടെ ആദ്യഘട്ടങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എഴുതാവുന്നതാണ്.

Read വിദേശ പഠനം: ചിന്തിക്കേണ്ട കാര്യങ്ങൾ – Career Series 1 | വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം – Career Series 2

Leave a Reply