Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
Facebook.com/ravi.mohan.12

ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്സ് എന്നത്. ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യരുണ്ടോ? ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഈ അവസ്ഥ നീണ്ടു നിന്നാൽ പ്രശ്നം തന്നെയാണ്. അത് നിങ്ങളെ ഡിപ്രഷനിലേക്ക് തള്ളി വിട്ടേക്കാം. ഡിപ്രഷന്‍ എന്നത് പല രോഗങ്ങളുടെയും സഹയാത്രികനാണ്. നമ്മുടെ മനസ്സിന്റെ അനാരോഗ്യം നാം അത്രയ്ക്കങ്ങു ശ്രദ്ധിക്കാറില്ല. പലരും തങ്ങളുടെ മനസ്സിലുള്ള വിഷാദത്തെ പറ്റി മറ്റുള്ളവരോട് പറയാതെ, എല്ലാം ഉള്ളില്‍ തന്നെ കൊണ്ട് നടക്കും. വലിയ ഒരു വിപത്തിനെയാണ് അക്കൂട്ടര്‍ വരവേല്‍ക്കുന്നത്.

ഇന്ന് വിഷാദ രോഗം അഥവാ ഡിപ്രഷന്‍ ലിംഗ വിത്യാസമില്ലാതെ നമുക്കിടയില്‍ ഏറി വരുന്നുണ്ട്. തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്ഥയിലുണ്ടാകുന്ന ക്രമക്കേടുകളുടെ ആകെത്തുകയാണ്  ഡിപ്രെഷൻ. ദുഖവും, ആകാംഷയുമൊക്കെ കാരണമുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥയാണ് ഡിപ്രെഷൻ എന്ന രോഗാവസ്ഥയെ വിളിച്ചു വരുത്തുന്നത്. വിദ്യാര്‍ഥികളുടെ പഠനഭാരം, സാമ്പത്തിക പ്രയാസങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍, ദാമ്പത്യ ജീവിതത്തിലെ ക്രമക്കേടുകള്‍, ഒറ്റപ്പെടലുകള്‍ എന്നിവയൊക്കെയാണ് ഡിപ്രഷനുകളിലെക്ക് നമ്മെ നയിക്കുന്ന പ്രധാന വിഷയങ്ങള്‍.   അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്, ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക എന്നതൊക്കെ ഡിപ്രഷന്‍റെ ലക്ഷണങ്ങളാണ്.

നമുക്ക് നിയന്ത്രിക്കാം ഈ വില്ലനെ

ജീവിതത്തിന്  ചില ചിട്ടകൾ കൊടുക്കുക. നടത്തം, ജോഗിംഗ്, നീന്തൽ ഇവയിലേതെങ്കിലും ദിവസവും കുറഞ്ഞത് 30 മിനിറ്റ് ചെയ്യുക. മനസ്സില്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളില്‍, ഒന്ന് സ്വസ്ഥമായി ഇരുന്നു കണ്ണുകള്‍ അടച്ചു അല്പം നേരം റിലാക്സ് ചെയ്യുക. നന്നായി ഉറങ്ങണം. ശരീരത്തിന്‍റെ മനസ്സിന്‍റെയും വിശ്രമമാണ് ഉറക്കമെന്നത്. ഉറക്കത്തിനു ശല്യമാകുന്ന കാര്യങ്ങള്‍ ബെഡ് റൂമിൽ നിന്ന് ഒഴിവാക്കണം. നമ്മുടെ പ്രവര്‍ത്തികളില്‍ മത്സര ബുദ്ധി കുറയ്ക്കുക. നമ്മുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായെങ്കില്‍ ക്ഷമ ചോദിക്കാന്‍ മടിക്കരുത്. സൌഹൃദം മുറിയാതെ നോക്കണം എന്നാല്‍ ആരെങ്കിലുമായി യോജിച്ചു പോകാന്‍ തീരെ പറ്റുന്നില്ലയെല്ലെങ്കില്‍  ആ സാഹചര്യം ഉപേക്ഷിക്കുന്നതാണ് ഉചിതം. നാം ചെയ്യേണ്ടുന്ന ജോലികളില്‍ എല്ലാത്തിനും അതിന്‍റെതായ സമയം അനുവദിച്ചു കൊടുക്കുക. തോഴിലിടങ്ങളിലെ തിരക്കുകള്‍ക്ക് ശേഷം നിര്‍ബന്ധമായി മനസിന്‌ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം. ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് നമ്മുടെ മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവ് സമ്മാനിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്  ഇവ  ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.

മേല്‍പ്പറഞ്ഞവ നമ്മുടെ ജീവിതത്തില്‍ ശീലമാക്കുക.  മനസ്സിന്‍റെ ആരോഗ്യം സംരക്ഷിക്കാനും അത് വഴി മികച്ചതും സന്തോഷകരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനും സാധ്യമാകും.

ഡിപ്രഷനും കോവിഡും

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിക്കൂടിയ കാലമാണിത്. ദൈനംദിന തിരക്കുകളുമായി ഓടിക്കൊണ്ടിരുന്ന മനുഷ്യന്‍ പെട്ടെന്ന് നാല് ചുവരുകള്‍ക്കുള്ളിലേക്ക് നിയന്ത്രിക്കപ്പെട്ട സാഹചര്യം. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതത്ര സുഖകരമായ അവസ്ഥയല്ല എന്ന് എല്ലാപേരും തിരിച്ചറിയുന്നുണ്ട്. അക്കാദമിക് കാര്യങ്ങള്‍, ജോലി സംബന്ധിയായ വിഷയങ്ങള്‍, സാമ്പത്തിക വിഷയങ്ങള്‍ എല്ലാം പലരേയും വലിയൊരു മാനസിക പിരി മുറുക്കത്തിലേക്ക് നയിച്ചേക്കാം. അത് പോലെ തന്നെ, രോഗം നമ്മെ ബാധിക്കുമോ എന്ന ആശങ്കയും പലരിലും കണ്ടു വരുന്നുണ്ട്. സാഹചര്യങ്ങളെ മനസ്സിലാക്കി സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക. പുസ്തക വായന, ചിത്ര രചന, എഴുത്ത്, ഓണ്‍ലൈന്‍ പഠനം, പാചകം, വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കുക, കുടുംബത്തോടോത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താവുന്നതാണ്. ദിവസങ്ങളോളം സ്വന്തം കുടുംബത്തേയും പ്രിയപ്പെട്ടവരെയും കാണാനാകാതെ, ആരോഗ്യത്തെ തന്നെ തുലാസില്‍ വച്ച് അല്‍പ്പം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഫയര്‍ ഫോഴ്സും ഒക്കെ മാനസിക പിരിമുറുക്കത്തില്‍ പെടാനുള്ള സാധ്യത തള്ളികളയാനാകില്ല. ഈ അവസ്ഥയെ അതിജീവിച്ചേ മതിയാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!