ഇന്ത്യയിൽ വർഷങ്ങളായി ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് നീണ്ടുനിൽക്കുന്ന വായനാവാരം ആചരിച്ചു വരികയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എൻ. പണിക്കരുടെ സ്മരണാർത്ഥം കേരളസർക്കാർ പതിറ്റാണ്ടുകളായി ആചരിച്ചുവരുന്ന വായനാദിനം രാജ്യമൊട്ടുക്കും ഇപ്പോൾ പിന്തുടരുന്നു. കേരളത്തിലെ ഗ്രന്ഥശാലകൾക്ക് പുതുജീവൻ നൽകിയ വ്യക്തിത്വം എന്ന നിലക്ക് നമ്മൾ മലയാളികൾക്ക് എന്നും അഭിമാനമാണ് പി.എൻ.പണിക്കർ. അതിനാൽ തന്നെ, ഈ വായനാവാരത്തിൽ നല്ലൊരു വായനക്കാരനാകാനുള്ള കുറഞ്ഞപക്ഷം ശ്രമമെങ്കിലും നടത്തുക എന്നത് നമ്മളോരോരുത്തരുടേയും കടമ കൂടിയാണ്.

ഈ വായനാവാരത്തിൽ വായിച്ചു തുടങ്ങാൻ പറ്റിയ കുറച്ചു മികവുറ്റ കൃതികളെ പരിചയപ്പെടുത്തുകയാണ് NowNext ഇത്തവണ. കോവിഡ് കാലത്തു തുടങ്ങിവെക്കുന്ന വളരെ മികച്ചൊരു ഹോബി കൂടിയാകട്ടെ വായനാശീലം.

ധാരാളം പ്രമുഖരുടെ ആത്മകഥകൾ കണ്ടും കേട്ടും വായിച്ചും വളർന്നവരാണ് നമ്മൾ. ഗാന്ധിജിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ”, നെഹ്രുവിന്റെ “ഇന്ത്യയെ കണ്ടെത്തൽ” തുടങ്ങിയവ അതിൽ പ്രധാനമാണ്. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോയ, അറിയാതിരിക്കാൻ ഇടയുള്ള ഒരുപാട് മനോഹരങ്ങളായ കൃതികൾ നമുക്ക് ചുറ്റുമുണ്ട്. ഒരുപക്ഷെ നിങ്ങൾ ഒരുവട്ടം വായിക്കാൻ തുനിഞ്ഞവയോ, വേണ്ടെന്നു വച്ചതോ ആവാം. അത്തരത്തിലുള്ള 5 ആത്മകഥാരൂപത്തിലുള്ള പുസ്തകങ്ങളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

5 best autobiography books in malayalam to read this week

  1. ടോട്ടോ ചാൻ: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി
  2. ഞാൻ മലാല
  3. എൻ്റെ കഥ (ആമി)
  4. അഗ്നിച്ചിറകുകൾ
  5. നനഞ്ഞു തീർത്ത മഴകൾ

ടോട്ടോ ചാൻ: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി

ടോട്ടോ ചാൻ. ആ പേര് തന്നെ എത്ര കുട്ടിത്തം നിറഞ്ഞതാണല്ലേ? ജാപ്പനീസ് നടിയും ടെലിവിഷൻ അവതാരിക്കുകയുമായിരുന്ന തെത്സുകോ കുറോയാനഗിയുടെ ആത്മകഥാംശമാണ് ടോട്ടോ ചാൻ എന്ന ഈ മനോഹരകൃതി. തൻ്റെ കുട്ടിക്കാല ഓർമ്മകൾ ഒരു കുട്ടിക്കഥ പറയുന്ന രീതിയിൽ, സരളമായ ഭാഷയിൽ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് എഴുത്തുകാരി. വികൃതിക്കുട്ടിയായ ടോട്ടോ ചാൻ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നതും പിന്നീട് കൊബായാഷി മാസ്റ്ററുടെ സ്കൂളിൽ ചേർന്ന് പഠിക്കുന്നതുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. കുട്ടികളെ വളരെ അടുത്തറിഞ്ഞ, അവരെ തന്റെ ഉറ്റ സുഹൃത്തുക്കളായി കാണുന്ന കൊബായാഷി മാസ്റ്ററും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും നിങ്ങളുടെ മനം കവർക്കും. തീർച്ച.

ഒറിജിനൽ പതിപ്പായ Totto-Chan: The Little Girl At the Window യുടെ നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ ഇന്ത്യ പുറത്തിറക്കുന്ന, ശ്രീ അന്‍വര്‍ അലി, പരിഭാഷപ്പെടുത്തിയ ടോട്ടോ-ചാന്‍: ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന കൃതി ഒട്ടുമിക്ക ബുക്ക്സ്റ്റാളുകളിലും ലഭിക്കുന്നതാണ്.

വായിക്കാം: ടോട്ടോച്ചാൻ ബുക്ക് റിവ്യൂ

Buy: Mathrubhumi Books

ഞാൻ മലാല

മലാലയെ ഓർമയില്ലേ? അതേ.. 2012-ൽ പാകിസ്ഥാനിലെ താലിബാൻ ഭീകരരുടെ എതിർപ്പിനെ മറികടന്നു വിദ്യാഭ്യാസം നേടാൻ പോരാടി ഒടുവിൽ വെടിയേറ്റ് വീഴേണ്ടി വന്ന അതേ മലാല യൂസഫ്സായുടെ ആത്മകഥയാണ് I Am Malala അഥവാ ഞാൻ മലാല. ബ്രിട്ടീഷ് പത്രപ്രവർത്തക ക്രിസ്റ്റിന ലാമ്പ് ആണ് സഹരചയിതാവ് ആയി മലാലയുടെ കൂടെ പ്രവർത്തിച്ചത്. പെൺകുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രചോദിപ്പിക്കുന്ന വരികളാണ് “ഞാൻ മലാല”യുടേത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനെക്കുറിച്ചുള്ള പൊതുബോധത്തെ ചോദ്യം ചെയ്യുന്ന, വളരെ ശക്തമായ ഒരു കൃതിയായാണ് നിരൂപകർ ഇതിനെ വിലയിരുത്തുന്നത്.

Buy: Mathrubhumi Books

എൻ്റെ കഥ (ആമി)

മാധവിക്കുട്ടിയുടെ (കമല സുരയ്യ) ആത്മകഥാപുസ്തകമായ മൈ സ്റ്റോറി (എന്റെ കഥ) ഒരുപാട് ചർച്ചകൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയ ശ്രദ്ധേയമായ ഒരു കൃതിയാണ്. യാഥാർഥ്യ ശൈലിയിൽ എഴുതിയിരിക്കുന്ന “എൻ്റെ കഥ” ഒരുകാലത്തു ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള വനിതാ ആത്മകഥാപുസ്തകം എന്ന ഖ്യാതിയും നേടിയിരുന്നു. പ്രക്ഷുബ്ധതകൾ നിറഞ്ഞ തന്റെ ഭൂതകാലത്തെ വരച്ചിട്ടതിലൂടെ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും വർത്തമാനകാല ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടേണ്ട ചൂടേറിയ വിഷയങ്ങൾ തന്നെയാണ് ആമി കുറിച്ചിട്ടിരുന്നത്.

Buy: DC Books

അഗ്നിച്ചിറകുകൾ

ഒരു ആമുഖം പോലും ആവശ്യമില്ലാത്ത തലക്കെട്ട്. മുൻ രാഷ്ട്രപതിയും രാജ്യം കണ്ട മഹാന്മാരായ മനുഷ്യരിൽ ഒരാളുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ ഏറ്റവും ഖ്യാതി നേടിയ രചന, തൻ്റെ ആത്മകഥയായ The Wings of Fire അഥവാ അഗ്നിച്ചിറകുകൾ. ഇന്ത്യൻ യുവതയ്ക്ക് അഗ്നിച്ചിറകുകളേകുന്ന വാക്കുകളാണ് കലാം സാർ തന്റെ രചനയിലൂടെ രാജ്യത്തിന് സമർപ്പിച്ചത്.

Buy: DC Books

നനഞ്ഞു തീർത്ത മഴകൾ

തൃശൂർ കേരളവർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസർ ആയ ദീപാ നിഷാന്തിൻ്റെ ആത്മകഥയാണ്. സാഹിത്യത്തിന്റെ അതിപ്രസരമില്ലാതെ നിഷ്കളങ്കമായ തൃശൂർ ഭാഷയിൽ കുറിച്ചിട്ട വരികൾ ആരെയും ഹഠാദാകർഷിക്കും. സംവിധായകൻ കമലിന്റെ വരികൾ കടമെടുത്താൽ “കോളേജ് അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവര്‍ ഒരേ സമയം വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും ആകുന്നു. ബ്ലാക്ക്‌ബോര്‍ഡിനു മുന്‍പിലും പിന്‍ബഞ്ചിലും നമ്മള്‍ ദീപയുടെ സാന്നിദ്ധ്യമറിയുന്നു. വീട്ടിലെത്തുമ്പോള്‍ സ്‌നേഹമയിയും കൗശലക്കാരിയുമായ അമ്മയാകുന്നു… കുസൃതിക്കാരിയായ മകളോ ഭാര്യയോ സുഹൃത്തോ ആകുന്നു.” മനസിന് അല്പം അയവു വരുത്തി സരസമായി വായിച്ചു തീർക്കാവുന്ന രചനയാണ്‌ ദീപ ടീച്ചറുടെ നനഞ്ഞു തീർത്ത മഴകൾ.

Buy: Mathrubhumi Books

Leave a Reply