Mubasheer CK

 

Mubasheer C K
Designer. Developer. Entreprenuer.

 

പണ്ട്… സ്കൂളില്‍ പഠിക്കുമ്പോഴാണ് പുസ്തകങ്ങള്‍ മുഴുവനായി വായിച്ചു തീര്‍ത്തിട്ടുള്ളത്. മിക്കതും ചിത്ര കഥകളോ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചെറിയ പുസ്തകങ്ങളോ ഒക്കെയാണ്. സ്കൂള്‍ പഠനശേഷം ഇപ്പൊ വരെ ഒരു പുസ്തകം പോലും മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ പറ്റിയിട്ടില്ല. എഞ്ചിനീയറിംഗ് പഠന കാലത്ത് ആകെ വായിച്ചിട്ടുള്ളത് ടെക്സ്റ്റ്‌ ബുക്കുകള്‍ മാത്രമാണ്. എങ്കിലും കുറേ വായിക്കണം എന്ന മോഹത്തിന് ഒട്ടും കുറവില്ലതാനും.

അങ്ങനെ ഇരിക്കെയാണ്, വായന ശീലം വീണ്ടെടുക്കാനുള്ള നല്ല കിടിലം ഐഡിയയുമായി രവി ഏട്ടന്‍ വരുന്നത്, തന്‍റെ ശേഖരത്തില്‍ നിന്നും മൂന്നു പുസ്തകങ്ങള്‍, ഞങ്ങള്‍ മൂന്നു പേര്‍ക്കും ഓരോ പുസ്തകം തിരഞ്ഞെടുക്കാം, മുഴുവന്‍ വായിക്കണം. ഞാന്‍, യാസര്‍, രവി ഏട്ടന്‍. ശെരി, വായിച്ചിട്ട് തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു, പുസ്തകമെടുത്തു.

നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ ഇന്ത്യ പുറത്തിറക്കുന്ന, ശ്രീ അന്‍വര്‍ അലി, പരിഭാഷപ്പെടുത്തിയ ടോട്ടോ-ചാന്‍: ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന ജപ്പാനീസ് പുസ്തകമാണ് എനിക്ക് കിട്ടിയത്. തെത് സുകോ കുറോയാനഗി എന്ന ടോട്ടോ ചാന്‍ തന്‍റെ സ്കൂളിനെയും കുട്ടിക്കാലത്തെയും വിശേഷിപ്പിച്ച് അതി മനോഹരമായി എഴുതിയിരിക്കുന്ന ഒരു പുസ്തകമാണിത്. ഏതു കാര്യത്തിലും എന്ന പോലെ തുടക്കത്തില്‍ വല്ലാത്ത ആത്മാര്‍ത്ഥത കാണിച്ചില്ലെങ്കില്‍ അല്ലെ അതിശയമുള്ളൂ… ഇവിടെയും അത് തന്നെ സംഭവിച്ചു. സമയം ക്രമീകരിക്കാന്‍ വേണ്ടി രാവിലെ നേരത്തെ തന്നെ എണീറ്റ്‌ പുസ്തകം വായന. അത്ഭുതം എന്ന് പറയട്ടെ, എല്ലാ പ്രാവശ്യവും സംഭവിക്കുന്ന പോലെ, ഒരു പുതിയ കാര്യം കിട്ടിയിട്ട് കുറച്ചു നാള് കഴിയുമ്പോ ഈ ആവേശമൊക്കെയങ്ങ് പോവും എന്നാണു ഞാന്‍ പോലും കരുതിയത് പക്ഷെ, ടോട്ടോ അങ്ങനെ അങ്ങ് വിട്ടു തന്നില്ല. വായിക്കും തോറും വീണ്ടും വീണ്ടും വായിക്കാനുള്ള താല്പര്യം കൂടി വന്നു.

സാധാരണ ഒരു പുസ്തകം കിട്ടിയാല്‍ ഇതില്‍ എന്തെല്ലാം പടങ്ങളുണ്ട് എന്ന് നോക്കിക്കൊണ്ടിരുന്ന ഞാനാണെന്ന് ഓര്‍ക്കണം, ഇതെന്തൊരു മാജിക് എന്ന് കരുതി ഗൂഗിളില്‍ പുസ്തകത്തെ പറ്റി തിരഞ്ഞപ്പോ, മൂപ്പര് കാണിച്ചു തന്ന ഓരോ ലിങ്കുകളും അതിനുള്ള ഉത്തരമായിരുന്നു. ലോകത്തിലെ മിക്ക ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടിട്ടുള്ള, കോടിക്കണക്കിനു പ്രതികള്‍ ലോകമെങ്ങും വിറ്റ് പോയിട്ടുള്ള, റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരു അത്ഭുത കൃതി. ഇതെല്ലാം കൂടെ കണ്ടപ്പോ മനസ്സിലായി വൈകിപ്പോയെന്നു, മുമ്പേ വായിക്കേണ്ടിയിരുന്നു എന്ന്. പിന്നെ ആവേശം കൂടിയതെയുള്ളൂ.

വായിക്കുന്ന അത്രേം നേരത്തേക്ക് നമ്മളൊരു പ്രൈമറി സ്കൂള്‍  വിദ്യാര്‍ഥിയായിമാറും എന്ന് മാത്രമല്ല, പിന്നീട് മുഴുവന്‍ സ്കൂളിലെ ഓര്‍മകളുമായിരിക്കും. ആ തീവണ്ടി പള്ളിക്കൂടത്തില്‍ ഒന്ന് പഠിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പല തവണ ആഗ്രഹിച്ചു പോയി. ഹിരോഷിമ നാഗസാകിക്ക് തൊട്ടു മുമ്പുള്ള കാലഘട്ടത്തിലെ കഥയാണ്‌ ടോട്ടോയുടേത്. കഥാവസാനം തനിക്ക് പ്രിയപ്പെട്ടവര്‍ യുദ്ധത്തിനു തയ്യാറെടുത്തു പോവുന്നതിനെ പറ്റി പറയുന്ന ഭാഗം ഒരല്‍പം ദുഃഖകരം തന്നെയായിരുന്നു.

പുസ്തകത്തിലേക്ക് വരാം, അച്ഛനും അമ്മയും ടോട്ടോയും പിന്നെ റോക്കി കുട്ടന്‍ എന്ന പട്ടിക്കുട്ടിയും അടങ്ങുന്ന കൊച്ചു കുടുംബം. ടോട്ടോ എന്ന സുന്ദരിക്കുട്ടി ഒന്നാം ക്ലാസ്സുകാരിയാണ്, അല്പം കുറുമ്പും വികൃതിയും ഒക്കെയുള്ള ഒരു വായാടി പെണ്‍കുട്ടി. ആ ഇടക്ക് സ്കൂളിലെ വികൃതിക്കുട്ടി എന്ന് ആരോപിച്ച് ടോട്ടോയെ സ്കൂളില്‍ നിന്നും പുറത്താക്കി. മെച്ചപ്പെട്ട മറ്റൊരു സ്കൂളില്‍ ചേർക്കുക എന്നത്, ടോട്ടോയുടെ
അമ്മക്ക് വാശിയായിരുന്നു.  ഒന്നാം ക്ലാസ്സില്‍ ആണെന്ന് ഓര്‍ക്കണം, എന്തു കാര്യത്തിലും കൗതുകം കണ്ടിരുന്ന ടോട്ടോയുടെ സര്‍ഗാത്മക അത്രക്ക് രസകരമായിരുന്നു. അത് കൊണ്ടല്ലേ തെരുവ് പാട്ടുകാരെ ക്ലാസ്സിലേക്ക് ക്ഷണിച്ചതും, ഡെസ്കിന്‍റെ അടപ്പ് ടപ്പേന്ന് അടച്ചു കളിച്ചതും. ഈ കാരണം പറഞ്ഞാണ് പുറത്താക്കിയത്, പക്ഷെ ഈ സ്കൂള്‍ ടോട്ടോക്ക് ഇഷ്ടമായിരുന്നു, അവിടുത്തെ അന്തരീക്ഷവും ആ ശബ്ധമുണ്ടാക്കുന്ന ഡസ്കും എല്ലാം. ക്ലാസ്സ്‌ ടീച്ചര്‍ കൈ വിട്ടാല്‍ പിന്നെ വേറെ രക്ഷയില്ലല്ലോ, അങ്ങനെയാണ് അമ്മ ആ തീരുമാനത്തില്‍ എത്തുന്നത്.

Totto Chan Book

ടോട്ടോയെ, റ്റോമോ അഥവാ തീവണ്ടി പള്ളിക്കൂടത്തില്‍ ചേര്‍ക്കാനുള്ള തീരുമാനം. ആ പേരില്‍ തന്നെ നമുക്ക് വ്യത്യസ്ഥത കാണാമല്ലോ. തെത് സുകോ തന്‍റെ സ്കൂളിനെ കുറിച്ച് പറഞ്ഞിട്ടുള്ള  ഓരോ വാക്കും നമുക്ക് മനസ്സിലാക്കി തരും, ആ സ്കൂള്‍ എത്ര മനോഹരമായിരുന്നു എന്ന്. നേരത്തെ തലക്കെട്ടില്‍ സൂചിപ്പിച്ച നമ്മടെ മാഷ്‌ ഉണ്ടല്ലോ, കൊബായാഷി മാസ്റ്റര്‍. കുട്ടികളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അറിവ് ചില്ലറയല്ല. ആദ്യ ദിവസം കൊണ്ട് തന്നെ ടോട്ടോചാന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാള്‍ ആയി നമ്മടെ ഹെഡ് മാസ്റ്റര്‍ മാറിയിരുന്നു. അതിപ്പോ നമ്മള്‍ ആയിരുന്നു എങ്കിലും മാറ്റം ഒന്നും വരാന്‍ സാധ്യതയില്ല.

സ്കൂളിന്‍റെ രൂപത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന പരീക്ഷണമായിരുന്നു അദ്ദേഹം നടത്തിയത്. പഴയ ഒരു തീവണ്ടിയുടെ ബോഗികള്‍ കൊണ്ടുവന്ന് അത് ക്ലാസ്സ്‌ റൂമാക്കുക എന്നത് ചില്ലറ കാര്യമല്ല. അത് പോലൊരു ക്ലാസ്സില്‍ കുട്ടികള്‍ക്ക് ചെന്നിരിക്കാനുള്ള താല്‍പര്യവും അവിടെ ഇരുന്നു പഠിക്കുമ്പോള്‍ ഉണ്ടാവുന്ന റിസള്‍ട്ടും വേറെ തന്നെയാണ് എന്നത് തീര്‍ച്ച.

പഠന കാര്യത്തിലും, ഭക്ഷണ കാര്യത്തിലും ഉണ്ട് ഇതേ വ്യത്യസ്ഥത. കുട്ടികള്‍ക്ക് ഇഷ്ട്ടമുള്ളത് പഠിക്കാം, ബയോളജി ആണോ ഇഷ്ടം അത് പഠിക്കാം, ഇനിയിപ്പോ ഫിസിക്സ്‌ ആണെങ്കില്‍ അത് പഠിക്കാം, അങ്ങനെ എന്തു വേണമെങ്കിലും പഠിക്കാം. ഞാനും എന്‍റെ സുഹൃത്തുക്കളുമൊക്കെ ഡിഗ്രീ ചെയ്യുമ്പോ അവസാനത്തെ സെമെസ്റ്ററുകളില്‍ ആണ് ഇഷ്ടമുള്ള ഒരു സബ്ജെക്റ്റ് തിരഞ്ഞെടുക്കുന്നത് തന്നെ, അതിന്‍റെ പിന്നിലെ കഥകളൊക്കെ ഇതിലും രസകരമാണ് കേട്ടോ… എന്തായാലും റ്റോമോയില്‍ അങ്ങനെയാണ്. ഇനി ഭക്ഷണകാര്യം, ജപ്പാനിലെ ഉച്ച ഭക്ഷണ രീതികള്‍ ലോക പ്രശസ്തമാണ്, കുട്ടിക്കള്‍ തന്നെ പാചകത്തിന് നേതൃത്വം വഹിക്കുക, കൂട്ടുകാര്‍ക്ക് വിളംബികൊടുക്കുക, ഒരുമിച്ചു കഴിക്കുക എന്ന് തുടങ്ങി അങ്ങനെ പോവുന്നു സവിശേഷതകള്‍. ഇവിടെ കുട്ടികള്‍ പാചകം ചെയ്യുന്നില്ലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിന്‍മേല്‍ നിബന്ധനയുണ്ട്, എന്താണെന്നോ “കടലില്‍ നിന്നും ഒരു പങ്ക്, മലകളില്‍ നിന്നും ഒരു പങ്ക്”. കഴിക്കുന്ന ഭക്ഷണത്തില്‍ പോഷണം ഉറപ്പുവരുത്തുകയായിരുന്നു ഇത് വഴി ചെയ്തത്. എല്ലാ ദിവസവും ഉച്ചയൂണിനു മാസ്റ്റര്‍ ഉറക്കെ ചോദിക്കും കടലിലെ പങ്കും’ മലയിലെ പങ്കും ഉണ്ടോ എന്ന്, എവിടെയെങ്കിലും കുറവ് കണ്ടാല്‍ അത് മാസ്റ്റര്‍ പാചകം ചെയ്ത ഭക്ഷണം നല്‍കി നികത്തും, അതിനും കൂടെ വേണ്ടിയാണ് ഈ എടുത്തു ചോദിക്കുന്നത്.

ഇതിനോടകം തന്നെ റ്റോമോ ടോട്ടോയുടെ മനസ്സ് കീഴടക്കി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ… ഓരോ ദിവസവും അവള്‍ ആഘോഷിക്കയായിരുന്നു, അവള്‍ മാത്രമല്ല സ്കൂളിലെ ഓരോ കുട്ടികളും. എങ്ങനെ ഒരു സ്കൂള്‍ നടത്തണം എന്ന് വളരെ വ്യക്തമായി കൊബായാഷി മാസ്റ്റര്‍ ഇവിടെ കാണിച്ചു തരുന്നു. ആ സ്കൂളില്‍ എല്ലാവരും തുല്യരാണ്, എല്ലാവര്‍ക്കും അവരവരുടെ കഴിവിന്  പ്രോത്സാഹനവുമുണ്ട്. കുട്ടികളിലെ നൈസര്‍ഗികമായ കഴിവിനെ പുറത്തെടുക്കാന്‍ കൊയാബാഷി മാസ്റ്ററുടെതിനേക്കാള്‍ മുന്തിയ വിദ്യയൊന്നും ഇല്ലെന്ന് തന്നെ വേണം പറയാന്‍. പാട്ടും, നൃത്തവും, വരയും, കലാ-കായിക പരിപാടികളും എന്ന് വേണ്ട സകലതും ഉണ്ടവിടെ, ഒന്നിനും നിര്‍ബന്ധിക്കില്ലെന്നു മാത്രമല്ല, ഇഷ്ടമുല്ലതെല്ലാം ചെയ്യാം. തികച്ചും പകര്‍ത്താന്‍ പാകത്തിനുള്ള ഒരു മോഡല്‍.

പുസ്തകത്തെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് അതിലെ കഥാപാത്രങ്ങളിലേക്കും മറ്റും തെന്നി നീങ്ങിയത് അവരിലെ മനോഹാരിതകൊണ്ട് തന്നെയാണ്. പറഞ്ഞു തുടങ്ങിയാല്‍ കഥ മുഴുവന്‍ പറഞ്ഞു പോവേണ്ടിവരും എന്നത്കൊണ്ട് മാത്രം സ്കൂളിനെ പറ്റി ഇനി പറയുന്നില്ല, അത് വായിച്ചു തന്നെ അറിയേണ്ട ഒരു അനുഭവമാണ്. പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശൈലിയും, കാര്യങ്ങള്‍  സിമ്പിള്‍ ആയി അവതരിപ്പിച്ചിട്ടുള്ളതും വായനക്കാരെ പുസ്തകത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു.

ഇനി പുസ്തകത്തിന്‍റെ ഇപ്പോഴത്തെ പ്രസക്തി, നല്‍കുന്ന വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിര്‍ബന്ധമായും മനസ്സിലാക്കി തന്നെ കുട്ടികളെ സ്കൂളുകളിലേക്ക് പറഞ്ഞയക്കേണ്ട ഈ കാലഘട്ടത്തില്‍ ഈ പുസ്തകം നിങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാവും എന്നതില്‍ തര്‍ക്കമില്ല. കുട്ടിക്കള്‍ക്കും, മാതാ പിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും എല്ലാം ഉള്ളത് ഈ പുസ്തകത്തിലുണ്ട്. അത് പോലെ വായന മുടങ്ങിക്കിടക്കുന്നവര്‍ക്ക് വീണ്ടും തുടങ്ങാന്‍ ഈ പുസ്തകം ഒരു നല്ല തുടക്കമായിരിക്കും. വായന വീണ്ടും തുടങ്ങാന്‍ ഈ പുസ്തകം തന്നെ തന്ന   രവിയേട്ടന് സ്പെഷ്യല്‍ താങ്ക്സ്.

എല്ലാവരും വായിക്കണം എന്ന അഭ്യര്‍ത്ഥനയോടെ, ഒന്നേ പറയാനുള്ളൂ, ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു “അസാമാന്യ കൃതി”.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!