joel martin

ഈ വർഷത്തെ വായനാവാരത്തിൽ വായിക്കാനായി ഇതാ മലയാളത്തിലെ മികച്ച അഞ്ചു ത്രില്ലെർ നോവലുകൾ.

Thriller Novel NowNext

  1. മിസ്റ്റിക് മൌണ്ടന്‍
  2. കോഫീ ഹൌസ്
  3. ഹൈഡ്രേഞ്ചിയ
  4. ഫ്രാന്‍സിസ് ഇട്ടിക്കോര
  5. ഓജോ ബോർഡ്

മിസ്റ്റിക് മൌണ്ടന്‍

പേരിലെ നിഗൂഢത തന്നെയാണ് വായനക്കാരെ പുസ്തകത്തിലേക്കടുപ്പിക്കുന്ന ആദ്യത്തെ ഘടകം. താര, ആഗ്നസ്സ് എന്നിവരുടെ അസാധാരണമായ പ്രണയവും അതിജീവനവും ചിത്രീകരിച്ചുകൊണ്ട് വ്യത്യസ്ഥമായ ഒരു തുടക്കം കുറിക്കുന്ന ഈ കൃതി പിന്നീട് സഞ്ചരിക്കുന്ന വഴികള്‍ തീര്‍ത്തൂം നിഗൂഢവും ഭയം ജനിപ്പിക്കുന്നതുമാണ്. സ്ത്രീകള്‍ മാത്രം ഉള്ള “എലോപ്പ്” എന്ന ട്രാവല്‍ ഗ്രൂപ്പ് വഴി ആഗ്നസ്സ് ഉള്‍പ്പെടുന്ന എട്ട് പേരുടെ യാത്ര,തണുപ്പിൻ്റെയും ഇരുട്ടിൻ്റെയ്യും അതിപ്രസരം പുസ്തകത്തിൻ്റെ മുന്‍പോട്ടുള്ള വായനക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. നിരോധിത മേഖലയായ “ദി ചര്‍ച്ച് ഓഫ് ഇന്‍സാനിറ്റി” എന്ന ഭ്രാന്തന്‍ പള്ളിയെ കുറിച്ചുള്ള ആഗ്നസ്സിൻ്റെ അടങ്ങാത്ത ജിജ്ഞാസയും അവിടെക്കുള്ള കടന്നു ചെല്ലലും അവരുടെ ജീവിതങ്ങളെ കീഴ്മേല്‍ മറക്കുന്ന കാഴ്ച നമുക്ക് കാണാം. ചരിത്രവും നിഗൂഢതകളും “ശ്രീപാര്‍വതി” എന്ന എഴുത്തുകാരിയുടെ ശക്തമായ വിവരണവും പുസ്തകത്തെ ആകാംക്ഷയുടെ ഉച്ചിയില്‍ എത്തിക്കുന്നുണ്ട്.തീര്‍ത്തും പ്രണയത്തിൻ്റെയും ഭയത്തിൻ്റെയും ആനന്ദം അനുഭവിപ്പിക്കുന്ന ഒരു ക്രൈം നോവല്‍ ആണ് “മിസ്റ്റിക് മൌണ്ടന്‍ ”

Buy: Mathrubhumi Books

കോഫീ ഹൌസ്

കോഫീ ഹൌസ് എന്ന പുസ്തകം വായനക്കാര്‍ക്ക് നല്‍കുന്ന ആകാംക്ഷാഭരിതമായ കുറ്റാന്വേഷണ നോവൽ അനുഭവത്തിനപ്പുറം ഇതുവരെ നിലനിന്നിരുന്ന എഴുത്തിൻ്റെ ശൈലിയെ അപ്പാടെ തിരുത്തി എഴുതുന്ന ഒരു കൃതി കൂടെയാണ്. തീർത്തും ദുരൂഹമായ ഒരു കൂട്ടകൊലപാതകത്തിൻ്റെ വികാരഭരിതവും ആകാംക്ഷാഭരിതവുമായ ഒരു തുടര്‍ക്കഥയാണ് “കോഫീ ഹൌസ്”. സംശയത്തിന്‍റെയും സാക്ഷികളുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാരനായി വധശിക്ഷക്ക് വിധിക്കപ്പെട്ട “ബെഞ്ചമിന് ” വേണ്ടിയുള്ള എസ്തര്‍ എന്ന പത്രപ്രവര്‍ത്തകയുടെ ഉദ്വേഗഭരിതമായ അന്വേഷണം ആണ് പുസ്തകത്തിൻ്റെ ആത്മാവ്. ഇനിയെന്ത് എന്ന ഒരു ചോദ്യം വായിക്കുന്നവരുടെ മനസ്സില്‍ ബാക്കി നിര്‍ത്തികൊണ്ടാണ് ഓരോ അധ്യയങ്ങളും അവസാനിക്കുന്നത്.അന്വേഷണത്തിൻ്റെ പരിസമാപ്തിയില്‍ അവിശ്വസനീയവും വിസ്മയകരവുമായ ഒരു സംഭവത്തിൻ്റെ യാഥാർഥ്യം വെളിപ്പെടുന്നു. ഒരിക്കല്‍ പോലും പുസ്തകം താഴെ വെക്കാന്‍ സമ്മതിക്കാതെ ഉദ്വേഗഭരിതമായ രീതിയില്‍ മുന്‍പോട്ട് പോവുന്ന ഈ നോവല്‍ മൂന്നാംപതിപ്പിലേക്ക് കയറിയത് “ലജോ ജോസ്” എന്ന എഴുത്തുകാരൻ്റെ നിരീക്ഷണ പാടവവും എഴുതിഫലിപ്പിക്കാനുള്ള കഴിവും കൊണ്ട് തന്നെയാണ്.

ഹൈഡ്രേഞ്ചിയ

ലജോ ജോസിൻ്റെ കോഫീ ഹൌസ് എന്ന പ്രശസ്തമായ നോവലിലെ “എസ്തേര്‍” എന്ന കഥാപാത്രത്തിൻ്റെ തുടര്‍ച്ചയില്‍ തന്നെ എന്നാല്‍ കുറെ കൂടി ആഴത്തില്‍ പരമര്‍ശിക്കപ്പെടുന്ന ഒരു കഥാപാത്രം ആണ് ഹൈഡ്രേഞ്ചിയയിലെ എസ്തേര്‍.
കോട്ടയം പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പിലൂടെയാണ് നോവലിൻ്റെ തുടക്കം. ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു,ടിവി കാണുന്നു,ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെയുള്ള ദൃശ്യങ്ങള്‍. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടു കിടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും വായനക്കാരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ആകാംക്ഷയുടെ ഒരു വിസ്മയം തീര്‍ക്കുകയാണ് കൃതി. നല്ല രീതിയില്‍ അലങ്കരിക്കപ്പെട്ട മുറിയില്‍ കത്തിതീര്‍ന്ന മെഴുകുതിരികളുടെ സാന്നിധ്യത്തില്‍ പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കള്‍ കൊണ്ട് വിതറപ്പെട്ട നിലയില്‍ കണ്ടെത്തുന്ന മൃതദേഹങ്ങളും തുടര്‍ കൊലപാതകങ്ങളും അതിൻ്റെ അന്വേഷണങ്ങളും. ഒരു സീരിയല്‍ കില്ലിങ് ക്രൈം നോവല്‍ അതിൻ്റെ പരിപൂര്‍ണ്ണതയില്‍ നമുക്ക് മുന്പില്‍ എത്തപ്പെടുമ്പോള്‍ എഴുത്തിൻ്റെ വ്യക്തവും ലാളിത്യവും ആയ അവതരണം വായിക്കുന്നവര്‍ക്ക് നല്ലൊരു ത്രിലര്‍ അനുഭവം സമ്മാനിക്കുന്നുണ്ട്.

Buy: Mathrubhumi Books

ഫ്രാന്‍സിസ് ഇട്ടിക്കോര

അവതരണത്തിലെയും ആശയത്തിലെയും നൂതനത്വം, വിഷയത്തിൻ്റെ ഗാംഭീര്യം, അസാധാരണ ധൈര്യം ആവശ്യപ്പെടുന്ന വിഷയവും അതിനെ അതിൻ്റെ മൂർദ്ധന്യത്തിലെത്തിക്കുന്ന ശൈലിയും. ഭീതിയും ഞെട്ടലും തണുപ്പുപോലെ ഉള്ളിലരിച്ചിറങ്ങുമ്പോഴും ഒരു തവണ പോലും അടച്ചുവെക്കാൻ തോന്നിപ്പിക്കാതെ മുഴുവിക്കാൻ കെൽപ്പുന്ന കൃതി. വ്യാഖ്യാനിക്കപ്പെടുമ്പോൾ രണ്ട് വശങ്ങൾ നമുക്ക് കാണാനാവും. എഴുത്തിൻ്റെയും വിഷയത്തിൻ്റെയും വിസ്മയത്തിൽ വാചാലനാവുമ്പോഴും കാമവും ക്രൂരതയും അട്ടിയിലെ കറപോലെ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. ഫ്രാൻസിസ് ഇട്ടിക്കൊര എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് ആഷാ മേനോൻ നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട് ” ധർമ്മപുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല.”
ഈ ഒരു പ്രസ്താവന തീർത്തും അർത്ഥവത്തായ് നമുക്ക് കാണാനാവും. ദൈവം, പിശാച് എന്നിങ്ങനെ മനുഷ്യൻ തന്നെ കാണാത്ത ശക്തികളെ വേർതിരിക്കുമ്പോൾ “മാനവൻ്റെ ദൈവവും പിശാചും മനുഷ്യരിൽ തന്നെയാണുള്ളത്.” ഇതായിരുന്നു ഫ്രാൻസിസ് ഇട്ടിക്കോര. നാം ചരിത്രമെന്ന് വിശേഷിപ്പിക്കുന്ന നമ്പൂതിരിമാരുടെ വാഴ്ത്തുപാട്ടുകളിൽ എന്നോ മറഞ്ഞു പോയ ഫ്യൂഡൽ മാടമ്പി. കോര കുടുംബത്തിൻ്റെ ചെയ്തികൾ ഒരു പക്ഷെ യാഥാർഥ്യമാണെങ്കിൽ ,അതൊക്കെ നിലനിന്നിരുന്നു എന്ന് തെളിവുസഹിതം കണ്ടെത്താൻ കഴിഞ്ഞാൽ വായനക്കാരെ ഇത്രയധികം ത്രസിപ്പിക്കാൻ കോര കുടുംബത്തിൻ്റെ കഥയെ വെല്ലുന്ന മറ്റൊരു സൃഷ്ടി നിങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. എഴുത്തിൻ്റെ വൈഭവം കൊണ്ട് ലോകത്തെ പലയിടങ്ങളിലുമായ് പല സംസാകാരികതയിലും ഒപ്പിപോവുന്നുണ്ട് ഇട്ടിക്കോര. പുറത്തിറങ്ങി രണ്ടാംമാസത്തിൽ തന്നെ രണ്ടാംപതിപ്പിലേക്ക് കുതിച്ച ടി .ഡി രാമകൃഷ്ണൻ്റെ ഫ്രാന്‍സിസ് ഇട്ടിക്കോര ഇപ്പോഴും ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

Buy: DC Books

ഓജോ ബോർഡ്

മലയാള സാഹിത്യത്തിലെ നീണ്ടയൊരു ഇടവേളയ്ക്കു ശേഷം വായനക്കാരെ ത്രസിപ്പിച്ച അടുത്തിടെ ഇറങ്ങിയ ഹൊറർ ത്രില്ലർ നോവലുകളിൽ ഒന്ന്. അഖിൽ പി. ധർമജൻ്റെ പ്രഥമ കൃതിയായ ഓജോ ബോർഡ് പുസ്തകരൂപത്തിൽ വരുന്നതിനു മുൻപ് ഫേസ്ബുക് വായനക്കാർ ഇരുകൈകളും നീട്ടി സ്വീകരിച്ച നോവലാണ്. പ്രേതങ്ങളെക്കുറിച്ചു ഗവേഷണം നടത്താൻ കാനഡയിൽ നിന്നും ആലപ്പുഴയിലെ ഒരു ഒറ്റപെട്ട വീട്ടിൽ താമസത്തിനു എത്തുന്ന അലെക്സും നാട്ടിലെ കുറച്ചു സുഹൃത്തുക്കളിലൂടെയും ആണ് കഥ മുന്നോട്ട് പോകുന്നത്. തുടർന്നുണ്ടാകുന്ന നിരവധി ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. നോവലിൻ്റെ തുടർച്ചയായി ‘എലിസബത്തിൻ്റെ മരണം ‘ എന്ന രണ്ടാം ഭാഗത്തെ പറ്റി ഉള്ള സൂചനയോടെ ആണ് പുസ്തകം അവസാനിക്കുന്നത്

Buy: Amazon

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!