സംസ്ഥാനതല ഉത്ഘാടനം  എറണാകുളം എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ – 2020 ഗ്രാൻഡ് ഫിനാലെക്ക് പാമ്പാക്കുട എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ കൊടിയേറി. കോളേജ് വിദ്യാർത്ഥികളിൽ നിന്നും നൂതനാശയങ്ങൾ സ്വീകരിച്ച്‌ രാജ്യം  നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ആരംഭിച്ച സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ നാലാം എഡിഷനാണ് ഇക്കുറി അരങ്ങേറുന്നത്.

ഇന്ത്യയിലൊട്ടാകെ 41 നോഡൽ സെന്ററുകളാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ തന്നെ 6 നോഡൽ സെന്ററുകളിലെ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. വൈകുന്നേരം നാലരയ്ക്കാണ് പ്രധാനമന്ത്രി വീഡിയോ കോൺഫെറൻസിലൂടെ വിവിധ നോഡൽ സെന്ററുകളിലെ മത്സരാർത്ഥികളുമായി സംസാരിച്ചത്. വിദ്യാർത്ഥികളോട് അവരുടെ പ്രോജക്ടിനെക്കുറിച്ചും, ടെക്നോളജി, സാധ്യതകൾ, മുന്നിലുള്ള വെല്ലുവിളികൾ എന്നിവയൊക്കെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ പ്രധാനമന്ത്രി പങ്കെടുത്തത് വിദ്യാർത്ഥികളിൽ പുതിയൊരനുഭവമായി. കേരളത്തിലെ ഒരേയൊരു നോഡൽ സെന്ററായ എംജിഎം കോളേജിൽ പ്രധാനമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ നേരിട്ട് സംവദിച്ചു എന്നത് കേരളത്തിലെ മത്സരാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കും, ശാസ്ത്ര-സാങ്കേതിക മേഖലകളിലുള്ളവർക്കും ഒരേ പോലെ ആവേശം പകരുന്നതാണ്. ഈ വര്‍ഷം ആദ്യമായാണ്‌ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി പ്രധാന മന്ത്രി സംസാരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിൽ നിന്നും മൂന്നു ടീമുകൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. പാവപ്പെട്ടവർക്കു പോലും വളരെ ചുരുങ്ങിയ ചിലവിൽ ലോകോത്തര ആരോഗ്യപരിരക്ഷ നൽകാനുതകുന്ന ജി. ഇ ഹെൽത്ത്കെയർ വിർച്വൽ അസിസ്റ്റന്റ് ആണ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജെക്ടുകളിൽ ഒന്ന്. പുനരുപയോഗിക്കാവുന്ന തുണി കൊണ്ടുള്ള സാനിറ്ററി പാഡ് ആണ് മറ്റൊന്ന് . ഒരേ സമയം സാനിറ്ററി പാഡായും, ഹെൽത്ത് മോണിറ്ററിങ് സിസ്റ്റം ആയും പ്രവർത്തിക്കുന്ന ഉപകരണം സ്ത്രീകളിലെ PCOD, ഫൈബ്രോയ്ഡ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെയും, സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെയും സ്ത്രീകൾക്ക് കൂടി ലഭ്യമാകുന്ന തരത്തിലായിരിക്കണം ഇത്തരം ടെക്നോളോജികൾ നമ്മൾ വികസിപ്പിക്കേണ്ടത് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിക്ക് മുന്നിൽ മത്സരാർത്ഥികൾ അവതരിപ്പിച്ച മറ്റൊരു സൊല്യൂഷൻ സിക്കിം സർക്കാരിന് വേണ്ടി, സ്കൂളുകളിലെ അറ്റന്റൻസ്, സ്റ്റഡി മെറ്റീരിയലുകൾ, പഠനനിലവാരം തുടങ്ങിയവ വിശകലനം ചെയ്യാനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ആണ്. ഇന്റർനെറ്റ് വളരെ വിരളമായ സിക്കിമിലെ ഗ്രാമങ്ങളിൽ പോലും ഓഫ്‌ലൈനായി തന്നെ ഡേറ്റ കൈകാര്യം ചെയ്യാനുള്ള സാങ്കേതികത്വമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെയുള്ള, വളരെ വ്യത്യസ്തമായ ഒരു സംസ്കാരമുള്ള സിക്കിമിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയും വലിയൊരു കാര്യം ചെയ്യുന്നുവെന്നത് വളരെ സന്തോഷം പകരുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം പ്രവർത്തികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വലിയൊരു ഉദ്യമത്തിന്റെ ഭാഗമായതിൽ വിദ്യാർത്ഥികളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

സംസ്ഥാനതല ഉദ്ഘാടനം

കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഓൺലൈനായാണ് ഉദ്ഘാടനചടങ്ങുകൾ നടത്തിയത്. രാവിലെ എട്ടു മണിയ്ക്ക് ആരംഭിച്ച ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിച്ചു. അഡ്വ. അനൂപ്‌ ജേക്കബ്‌ MLA, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ്., സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (In Charge) ഡോ. ബൈജുഭായ് ടി.പി., AICTE Director(frmr) ഡോ. രമേശ് ഉണ്ണികൃഷ്ണൻ, എൽ.ബി.എസ്. ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്മാൻ, എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍, ഡയറക്ടർ എച്ച്. അഹിനസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ മണി എന്നിവര്‍ പങ്കെടുത്തു.

ദേശീയതല ഉദ്ഘാടനം

തുടര്‍ന്ന് 9 മണിക്ക് ദേശീയതല ഉദ്ഘാടനം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിർവഹിച്ചു. HRD വകുപ്പ് സഹമന്ത്രി ശ്രീ. സഞ്ജയ് ധോത്രെ, AICTE ചെയർമാൻ പ്രൊ. അനിൽ സഹസ്രബുധേ, MHRD – ഇന്നവേഷന്‍ സെല്‍ ചീഫ് ഇന്നോവേഷൻ ഓഫീസർ ഡോ. അഭയ് ജെറെ തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഓഗസ്റ്റ്  3 വരെ ആയിരിക്കും ഹാക്കത്തോൺ അരങ്ങേറുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അടുത്തുള്ള സെന്ററുകളിൽ നിന്നോ വീടുകളിൽ നിന്നോ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമാണ് ഇത്തവണ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തന്നെ, 36 മണിക്കൂർ തുടർച്ചയായി നടത്തേണ്ടിയിരുന്ന ഹാക്കത്തോൺ ഇക്കുറി ഇടക്ക് വിശ്രമവേളകൾ അനുവദിച്ചു കൊണ്ടായിരിക്കും നടത്തുന്നത്.

 

Leave a Reply