Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

 

“പഠനം കഴിഞ്ഞു, ഇനിയൊരു ജോലി അത്യാവശ്യമാണ്.“ നാം സാധാരണയായി കേട്ട് തഴമ്പിച്ച വരികളാണിവ. എന്ത് ജോലിയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഭൂരിഭാഗവും നൽകുന്ന മറുപടി, “നല്ലൊരു ജോലി” എന്നാണ്. സത്യത്തിൽ തൊഴിലവസരങ്ങളിൽ, നല്ലതെന്നും മോശമെന്നും രണ്ടു പക്ഷമുണ്ടോ? അഥവാ ഈ പറഞ്ഞ നല്ലതും മോശവും തീരുമാനിക്കുന്നതിന്റെ അളവ് കോൽ എന്താണ്? നമ്മുടെ യുവാക്കൾ നല്ലൊരു ജോലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും സർക്കാർ ജോലി, മികച്ച ശമ്പളം കിട്ടുന്ന ജോലി, സ്വന്തം നാട്ടിൽ ലഭിക്കുന്ന ജോലി എന്നിങ്ങനെയാണ്. എല്ലാവരും അങ്ങനെയാണ് ചിന്തിക്കുന്നത് എന്നല്ല, പക്ഷെ കൂടുതൽ പേരും അവരവരുടെ കഴിവുകൾക്കോ, താല്പര്യങ്ങൾക്കോ, ഭാവിയിൽ ലഭിച്ചേക്കാവുന്ന അവസരങ്ങൾക്കോ പ്രാധാന്യം നൽകാൻ മറന്നു പോകാറുണ്ട് എന്നതാണ് വസ്തുത.

സമൂഹത്തില്‍ നിലയും വിലയും നല്‍കുന്ന, സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന, ഇഷ്ടത്തോടെ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. പക്ഷെ ഇത് മത്സരങ്ങളുടെ കാലമാണ്. പഠനത്തിലായാലും, തൊഴിൽ നേടിയെടുക്കുന്നതിലായാലും, അങ്ങനെ ലഭിച്ച തൊഴിൽ നില നിർത്തുന്നതിലായാലും, ഉദ്യോഗ കയറ്റം നേടിയെടുക്കുന്നതിലായാലും കടുത്ത മത്സരം അതിജീവിച്ചു മാത്രമേ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളു. സംരംഭകത്വ മേഖലയിലെ മത്സരങ്ങളെക്കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ഈ മത്സരത്തിൽ വിജയിക്കാൻ ശേഷി കൈവരിക്കൽ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനു ഏറ്റവും പ്രധാനമായി വേണ്ടത് മികച്ച ഒരു കരിയർ പ്ലാൻ തയ്യാറാക്കുക എന്നതാണ്.

പഠിത്തം കഴിഞ്ഞു ഒരു ജോലിയെ കുറിച്ച്‌ നാം ഓർത്തു തുടങ്ങുമ്പോൾ തന്നെ നമ്മെ തേടി വരുന്ന ഒന്നാണ് ”ഉപദേശങ്ങൾ”. സത്യം പറയട്ടെ, ഇങ്ങനെ ലഭിക്കുന്ന ഉപദേശങ്ങളിൽ മിക്കവയും നമ്മെ കൂടുതൽ കൺഫ്യൂഷനടിപ്പിക്കാനാണു സഹായിക്കുന്നത്. “ഉപദേശത്തിന്റെയത്ര സൗജന്യമായി, ഈ ലോകത്ത് ഒന്നും ലഭിക്കുന്നില്ല’ എന്ന വരികൾ ഞാൻ ഓർത്തു പോകുന്നു. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ, ഒരു സ്വയം വിലയിരുത്തൽ നടത്താൻ നിങ്ങൾ മടി കാണിക്കരുത്. സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് ഗുണവും ദോഷവും മനസിലാക്കി ഏത് മേഖലയിലേക്ക് തിരിയണമെന്ന് തീരുമാനിക്കാം. എല്ലാ ജോലികളും മികച്ചത് തന്നെയാണ്. അവ നമുക്ക് യോജിച്ചതാണോ എന്ന് തീരുമാനിക്കുന്നയിടത്താണ് പ്രശ്നം. നമ്മുടെ കഴിവുകളെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന, മനസ്സിന് സംതൃപ്തി നൽകുകയും ഒപ്പം ഇഷ്ടത്തോടെ ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന തൊഴിലുകളാണ് നാം തെരഞ്ഞെടുക്കേണ്ടത്. ഇത്രയൂം പഠിച്ചു, എന്തെങ്കിലും ഒരു ജോലി മതി എന്ന ചിന്തയുള്ളവർക്ക് മേൽപ്പറഞ്ഞ ഒന്നും തന്നെ ബാധകമല്ല.

കരിയർ പ്ലാനിങ് എപ്പോഴാണ് തുടങ്ങേണ്ടത്?

ഈ ചോദ്യം എന്നോട് ചോദിച്ചാൽ സംശയം കൂടാതെ ഞാൻ പറയും ഒരു വിദ്യാർത്ഥി അവന്റെ എട്ടാം ക്ലാസിൽ നിന്ന് തന്നെ കരിയർ പ്ലാൻ ചെയ്തു തുടങ്ങണം എന്ന്. കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിയാനും കൃത്യമായ ദിശയിലേക്ക് വഴി കാട്ടാനും അതിലൂടെ ലക്ഷ്യ ബോധം സൃഷ്ടിച്ചെടുക്കാനും സാധിക്കുന്ന ഘട്ടമാണിത്. മാതാപിതാക്കൾക്കും അധ്യാപകർക്കും നിർണ്ണായക പങ്കാണ് ഇതിൽ വഹിക്കാനുള്ളത്. പക്ഷെ, ഈ ശ്രമം ഒരിക്കലും കുട്ടികളിൽ അമിത ഭാരം നൽകുന്ന തരത്തിൽ ആകരുത്. കുഞ്ഞുങ്ങളിലെ താൽപ്പര്യം, കഴിവുകൾ എന്നിവ അറിഞ്ഞു ഭാവിയിലെ തൊഴിൽ സാഹചര്യങ്ങൾ, സാധ്യതകൾ എന്നിവയൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി. അതല്ലാതെ, അവരിൽ മാനസിക സമ്മർദ്ദം പകർന്നു നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനനുസരിച്ചായിരിക്കണം പത്തിന് ശേഷം കുട്ടികളുടെ മുൻപോട്ടുള്ള പഠനം ക്രമീകരിക്കേണ്ടതും.

ഇത്തരം പ്ലാനിങ് ഒന്നും പലർക്കും സാധ്യമാകാറില്ല. പലതരം സാഹചര്യങ്ങൾ അതിനു വിലങ്ങു തടിയായി മാറാറുണ്ട്. താഴേ തലംമുതല്‍ ഉപകാരപ്രദമായ ഗൈഡന്‍സ് ലഭിക്കുന്നത് വളരെക്കുറച്ചുപേര്‍ക്കായിരിക്കും. മറ്റുള്ളവര്‍ കാര്യങ്ങള്‍ മനസിലാക്കി വരുമ്പോഴേക്ക് ചിലപ്പോള്‍ ഒരുപാട് സമയം നഷ്ടപ്പെട്ടിട്ടുണ്ടാവും. എന്നുകരുതി ഇനി നല്ലൊരു കരിയര്‍ ആശിക്കാന്‍ വകുപ്പില്ലെന്ന് ആശങ്കപ്പെടേണ്ടതില്ല. നിങ്ങൾ എവിടെ എത്തി നിൽക്കുന്നുവോ, അവിടെ നിന്ന് നിങ്ങൾ കരിയർ പ്ലാനിങ് ആരംഭിക്കണം. തന്റെ ആഗ്രഹങ്ങളെ കഴിവുകളുമായി ഒത്തു നോക്കി തൊഴിൽ രംഗത്തെ മാറ്റങ്ങളെ സൂഷ്മമായി പഠിച്ച്, ഒരു ലക്‌ഷ്യം സെറ്റ് ചെയ്യണം. അതിനൊപ്പം കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ്, പോസിറ്റീവ് ചിന്താഗതി എന്നിവയും വളർത്തുക. ഒരു കാര്യം ഓർക്കുക, ആരുടെ മുന്നിലും അവസരങ്ങൾ അവസാനിക്കുന്നില്ല.

കരിയറിനെ കുറിച്ച് ശക്തമായ ആഗ്രഹം ഉണ്ടാക്കിയെടുക്കുക. വിജയങ്ങൾക്ക് നിങ്ങളുടെ കഠിനാധ്വാനത്തോടൊപ്പം ലക്ഷ്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും അത്യാവശ്യമാണ്. ഇഷ്ട മേഖല തിരഞ്ഞെടുത്താൽ, അതിനെക്കുറിച്ച് കൂടുതൽ അറിയാൻ പരിശ്രമിക്കണം. കൂടുതൽ വായിക്കുക, സമൂഹ മാധ്യമങ്ങൾ അടക്കമുള്ള എല്ലാ വേദികളും ഈ അറിവ് ശേഖരണത്തിനായി ഉപയോഗിക്കണം. തൊഴിൽ മേഖല അതിവേഗ മാറ്റങ്ങൾക്ക് വിധേയമാകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. അത് കൊണ്ട് തന്നെ അതിന്റെ ട്രെൻഡുകൾ മനസ്സിലാകുന്നത്, നമ്മെ അതിനനുസരിച്ച് പ്രാപ്‌തമാക്കാൻ ഉപകരിക്കും. ഒരിക്കലും അടുത്ത വർഷം എങ്ങനെയാകും എന്ന വിലയിരുത്തലിൽ നിങ്ങൾ ഒതുങ്ങരുത്, കുറഞ്ഞത് അടുത്ത പത്ത് വർഷങ്ങൾ എങ്ങനെയൊക്കെ തൊഴിൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരും എന്ന പ്രാക്റ്റിക്കൽ ആയ വിലയിരുത്തൽ അത്യാവശ്യമാണ്.

തൊഴിൽ എന്നത് നിങ്ങളുടെ വരുമാനം നൽകുന്ന ഒരു പ്രവൃത്തി മാത്രമായി കാണരുത്. ഭാവിയിൽ നിങ്ങളുടെ ജീവിതത്തിന്റെ കൂടുതൽ സമയവും ഇഴ ചേർന്ന് പോകേണ്ടുന്ന വലിയൊരു പ്രക്രിയയാണ് തൊഴിൽ. അതുകൊണ്ട് തന്നെ, അതിന്റെ തെരെഞ്ഞെടുപ്പ് നിസ്സാരമായി കാണരുത്. ഒരിക്കലും തൊഴിലവസരങ്ങൾ നിങ്ങളെ തേടി വരില്ല എന്നോർക്കണം, നിങ്ങൾക്കനുയോജ്യമായ തൊഴിലവസരം കണ്ടെത്തേണ്ടതും നേടിയെടുക്കേണ്ടതും നിങ്ങൾ തന്നെയാണ്. അതെ, ശേഷിയുള്ളവർ ശേഷിക്കും. അതിനായി ചിട്ടയായ തയ്യാറെടുപ്പുകൾ നടത്തുക.

Leave a Reply