Munavira Vakayil
Munavira Vakayil
Sub Editor, NowNext

“എല്ലാവരും ഭൂമിയുടെ അവകാശികളാണ്” എന്ന്  വൈക്കം മുഹമ്മദ് ബഷീർ പറയുമ്പോൾ മനുഷ്യനും മൃഗവുമല്ല ജീവനുള്ളവയെ ബഹുമാനിക്കണം എന്ന ആശയത്തിലേക്ക് നമ്മൾ എത്തിചേരുന്ന് കൂടിയുണ്ട്. മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും ഈ ഭൂമി അവകാശപെട്ടതാണ് എന്ന് അദ്ദേഹം പറഞ്ഞ് വെക്കുന്നു.

അതുകൊണ്ട് തന്നെ, മൃഗ സംരക്ഷണ മേഖല അത്ര മോശമായി കാണേണ്ടതില്ല. രാജ്യത്ത് കാർഷിക വൃത്തിയുടെ ഭാഗമാണിത്. സ്വയം തൊഴിലായും ഉപതൊഴിലായുമെല്ലാം ചെയ്യാവുന്ന മേഖലയാണിത്. മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും താല്പര്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നവർക്കും ഈ മേഖല അനവധി സാധ്യതകളാണ് നൽകുന്നത്. പക്ഷെ, എല്ലാവരുടെയും മനസ്സിൽ വരുന്ന മൃഗ സംരക്ഷണ മേഖലയിൽ കന്ന് കാലി വളർത്തലും കോഴി വളർത്തലും മാത്രമാണ്. എന്നാൽ, വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ തൊഴിൽ അവസരങ്ങൾ ചില്ലറയല്ല.

2010 ലെ ദേശീയ സാമ്പിള്‍ സർവേയനുസരിച്ച് 16.5 ദശലക്ഷം ജനങ്ങളാണ് രാജ്യത്ത് മൃഗസംരക്ഷണം ഒരു തൊഴില്‍ മേഖലയായെടുത്ത്  പ്രവര്‍ത്തിക്കുന്നത്. 73 ശതമാനത്തേളം ഗ്രാമീണ ജനത കന്നുകാലി വളർത്തലിലേർപ്പെട്ടു വരുന്നു. 77 ശതമാനം വനിത പങ്കാളിത്തമുള്ള തൊഴിൽ മേഖല എന്ന സവിശേഷത കൂടിയുണ്ട്​. ഭക്ഷ്യസുരക്ഷ ബിൽ വന്ന ശേഷം മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ജന്തുജന്യ ഉൽപന്നങ്ങളുടെ ഉൽപാദനം തുടങ്ങിയ മേഖലയിൽ വലിയ തൊഴിൽ സാധ്യതയാണ്​ ഉണ്ടായിട്ടുള്ളത്​.

കൃഷി ആണ്ടിൽ,  ശരാശരി 120 തൊഴിൽ ദിനങ്ങൾ നൽകുമ്പോൾ  മൃഗസംരക്ഷണ മേഖല 365 ദിവസവും തൊഴിൽ നൽകുന്നു എന്നതാണ്​ ഇതി​​ന്റെ പ്രത്യേകത. രാജ്യത്ത് മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചനിരക്ക് കൈവരിച്ചതായും പഠനങ്ങൾ സൂചപ്പിക്കുന്നു. എന്നാൽ, കാര്‍ഷികോൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉൽപന്നക്കമ്മി 200 ശതമാനത്തിലധികമാണ്. മൃഗസംരക്ഷണ മേഖലയിലുള്ള അനന്തസാധ്യതകളുടെ സൂചനയാണിത്​.

മുട്ടയുൽപാദനം, കോഴിയിറച്ചി ഉൽപാദനം എന്നിവയില്‍ ഇന്ത്യക്ക് യഥാക്രമം രണ്ടും നാലും സ്ഥാനമാണുള്ളത്. പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യ മുന്നിട്ട് നിൽക്കുന്നു. കേരളത്തിൽ മൃഗ സംരക്ഷണ മേഖല കരുത്താർജിക്കുന്നതായി പറയപ്പെടുന്നു. സങ്കരയിനം കറവ്മാടുകള്‍, പഞ്ചായത്തുതല മൃഗാശുപത്രികള്‍, ചിട്ടയോടെയുള്ള രോഗനിയന്ത്രണ പദ്ധതികള്‍ എന്നിവ കേരളത്തി​​ന്റെ  മാത്രം പ്രത്യേകതകളാണ്.

വയനാട് ജില്ലയിലെ പൂക്കോട് 2010 ൽ സ്ഥാപിതമായ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയാണ് മൃഗസംരക്ഷണ മേഖലയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമുള്ള കേരളത്തിലെ കേന്ദ്രമായി പ്രവർത്തിക്കുന്നത്.

സർവകലാശാലക്ക് കീഴിലെ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ഫാക്കൽട്ടിക്ക് കീഴിൽ മണ്ണുത്തിയിലും വയനാട് പൂക്കോടും കോളജുകളുണ്ട്. ഡെയറി സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽട്ടിക്കു കീഴിൽ പൂക്കോട്, മണ്ണുത്തി, ഇടുക്കി കോലാഹലമേട്, തിരുവനന്തപുരം  ചേട്ടച്ചാൽ എന്നിവിടങ്ങളിൽ കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി കോളജുകൾ പ്രവർത്തിക്കുന്നു. തൃശൂർ ചാലക്കുടി തുമ്പുരുമുഴിയിൽ കോളജ് ഓഫ് ഫുഡ് ടെക്നോളജിയുമുണ്ട്. പൗൾട്രി സയൻസ് ഫാക്കൽട്ടിക്കു കീഴിൽ പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്നിലെ കോളജ് ഓഫ് ആവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റും പ്രവർത്തിക്കുന്നു.

മൃഗ ഡോക്ടർ മോശം ഡോക്ടറല്ല

മൃഗ സംരക്ഷണവും മൃഗ സ്നേഹവുമെല്ലാം കൂടി വരുന്ന കാലഘട്ടത്തിൽ മൃഗ ഡോക്ടർ എന്നത് അത്ര മോശം പണിയല്ല. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ളവർക്ക്​ വെറ്ററിനറി ഡോക്​ടറായി പ്രവർത്തിക്കാൻ കഴിയും. കൃഷി പഠിക്കുന്നവർ മണ്ണിനെ എപ്രകാരം കൂടെ കൂട്ടേണ്ടി വരുമോ അപ്രകാരം തന്നെയാവണം ഈ രംഗത്തുള്ള പഠിതാക്കളുടെ മനോഭാവം. മൃഗങ്ങളോടും പക്ഷികളോടും മറ്റു ജീവജാലങ്ങളോടും സ്നേഹവും സഹാനുഭൂതിയും ഉള്ളവർക്ക് ഈ രംഗത്ത് മികവ് കാണിക്കാനാവും.

പ്രവേശന പരീക്ഷയിലെ റാങ്ക് കുറഞ്ഞ് പോയതിന്റെ പേരിൽ ചേരേണ്ട ഒരു കോഴ്സ് അല്ല വെറ്റിനറി കോഴ്സ് എന്നത്. അത്ര കണ്ട് താല്പര്യത്തോടെ വേണം ഈ മേഖലയിലേക്ക് പ്രവേശിക്കാൻ. ബാച്​ലർ ഓഫ്​ വെറ്ററിനറി സയൻസ്​ ആൻഡ്​ ആനിമൽ ഹസ്​ബൻഡറി(ബി.വി.എസ്​.സി ആൻഡ്​ എ.എച്ച്​) ആണ്​ ഈ രംഗത്തെ ജനകീയ കോഴ്​സ്​. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ കീഴിൽ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി കണ്‍സൽട്ടൻറ്​​ ആയി പ്രവര്‍ത്തിക്കാം. ക്ഷീരോൽപാദക യൂണിയനുകൾ, ബാങ്കുകള്‍, ഇൻഷുറൻസ് കമ്പനികള്‍, സ്വകാര്യ ഫാമുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സയൻറിസ്​റ്റ്​,  അസിസ്​റ്റൻറ്​ പ്രഫസറാകാം. ഏറെ വിദേശ പഠന ഗവേഷണ സാധ്യതയുള്ള കോഴ്‌സാണിത്. ബി.വി.എസ്​.സി ആൻഡ്​ എ.എച്ച്​ പൂർത്തിയാക്കിയവർക്ക്​ മാസ്​റ്റർ ഇൻ വെറ്ററിനറി സയൻസ്​ കോഴ്​സും സർവകലാശാല നൽകുന്നു.

ബി.എസ്​സി പൗ​ൾട്രി ​​പ്രൊഡക്​ഷൻ ആൻഡ്​ ബിസിനസ്​ മാനേജ്‌മന്റ്​

ഇത് ഒരു ബിരുദ കോഴ്സ് ആണ്. തിരുവിഴാംകുന്ന്​, പൂക്കോട്​ എന്നിവിടങ്ങളിലായി 75 സീറ്റുകളാണ്​ ഈ കോഴ്സിനുള്ളത്. ​ഡെയറി സയൻസ്​, പൗൾട്രി ​പ്രൊഡക്​ഷൻ, ലബോറട്ടറി ടെക്​നിക്​സ്​, ഫീഡ്​ ടെക്​നോളജി എന്നീ വിഷയങ്ങളിൽ റഗുലർ ഡിപ്ലോമ കോഴ്​സുകളും നൽകുന്നുണ്ട്. പ്ലസ്​ടു ആണ്​ യോഗ്യത. ബി.ടെക്​ ഡെയറി ടെക്​നോളജി യോഗ്യതയുള്ളവർക്കായി ഡെയറി ടെക്​നോളജി, ഡെയറി കെമിസ്​ട്രി, ​ഡെയറി മൈക്രോബയോളജി എന്നീ വിഷയങ്ങളിൽ എം.ടെക്​ ഉണ്ട്​.

ബിരുദാനന്തര കോഴ്സുകൾ

വൈൽഡ്​ ലൈഫ്​ സയൻസ്​ വിഷയത്തിൽ എം.എസും ബയോ സ്​റ്റാറ്റിസ്​റ്റിക്​സ്, ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്​ട്രി, ബയോ കെമിസ്​ട്രി ആൻഡ്​ മോളിക്കുലാർ ബയോളജി, അപ്ലൈഡ് ​ മൈക്രോബയോളജി, അനിമൽ ബയോടെക്​നോളജി, അനിമൽ സയൻസ്​ എന്നീ വിഷയങ്ങളിൽ എം.എസ്​. സിയും ഉണ്ട്​. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ARS/NET നു ശേഷം സയൻറിസ്​റ്റ് അസിസ്റ്റന്റ് ​ പ്രഫസര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാം. ഫുഡ് പാര്‍ക്കുകളിലും അവസരങ്ങളുണ്ട്.

ക്ലൈമറ്റ് സർവിസ് ഇൻ അനിമൽ അഗ്രികൾച്ചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യ എന്നീ വിഷയങ്ങളിൽ പി.ജി ഡിേപ്ലാമ നൽകുന്നു. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, ഡെയറി സയൻസസ് ആൻഡ് ടെക്നോളജി, ബയോ സയൻസസ്, ക്ലൈമറ്റ് ചേഞ്ച് ഇൻ അനിമൽ അഗ്രികൾച്ചർ വിഷയത്തിൽ പിഎച്ച്.ഡി പ്രോഗ്രാമുകളുമുണ്ട്. ഇതിന് പുറമെ വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും സർവകലാശാല നടത്തുന്നു.

പ്രവേശനം 

ബാച്​ലർ ഇൻ വെറ്ററനറി സയൻസ്​ ആൻഡ്​ അനിമൽ ഹസ്​ബൻഡറി കോഴസിലേക്ക്​ നാഷനൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) മുഖേനയാണ്​ പ്രവേശനം. സയൻസിൽ പ്ലസ്​ടു വിജയിച്ചവർക്കാണ്​ അപേക്ഷിക്കാനാവുക. ബി.ടെക്​ പ്രോഗ്രാമുകളിലേക്ക്​ കേരള എൻജിനീയറിങ്​ എൻട്രൻസ്​ എക്​സാം (കെ.ഇ.എ.എം) വഴിയാണ്​ പ്രവേശനം. സയൻസ്​ വിഷയത്തിൽ പ്ലസ്​ടു ആണ്​ യോഗ്യത.

മറ്റു കോഴ്സുകളിലേക്ക് യൂനിവേഴ്സിറ്റി നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷ വഴി പ്രവേശനം നേടാം.

മൃഗ സംരക്ഷണ രംഗം വൈവിധ്യപൂർണമാണ്. സാങ്കേതിക വിദഗ്ധരെയും ഗവേഷകരെയുമെല്ലാം ഈ മേഖല നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ബി.ടെക് ഡെയറി ടെക്നോളജി, ബി.ടെക്-ഫുഡ്ടെക്നോളജി എന്നീ പ്രോഗ്രാമുകളാണ് സാങ്കേതികപഠന  രംഗത്തെ കോഴ്സുകൾ. കാര്‍ഷിക, ക്ഷീര, ഭക്ഷ്യ സംസ്കരണ മേഖലകളിലെ യന്ത്രവത്കരണം,സാങ്കേതിക വിദ്യ, പ്രിസിഷന്‍ രീതികള്‍ എന്നിവ അഗ്രി, ഡെയറി ഫുഡ് ടെക്‌നോളജി കോഴ്‌സുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!