Munavira Vakayil
Munavira Vakayil
Sub Editor, NowNext

കൊറോണക്കാലത്ത് വിദ്യാഭ്യാസ മേഖലയിൽ വന്ന വലിയ മാറ്റം എന്നത് ഓൺലൈൻ ക്ലാസ് മുറികളാണ്. ഈ ക്ലാസ് മുറികൾ ഗുണകരമായ മാർഗമാണെങ്കിലും കുട്ടികളിൽ അല്പമെങ്കിലും മടി വളർത്താൻ ഇത് സഹായിച്ചിട്ടുണ്ട്.

പഠനം ഓൺലൈൻ ആയതോടെ കുട്ടികളെക്കാൾ മാതാപിതാക്കളും ദുരിതത്തിലാണ്. കാരണം ഓരോ ഓൺലൈൻ ക്ലാസ്സിലേക്കും കുട്ടികളെ നിർബന്ധ പൂർവ്വം എത്തിക്കേണ്ട അവസ്ഥയും സ്‌കൂളിൽ ടീച്ചർ ചെയ്തിരുന്ന പലതും മാതാപിതാക്കൾ ചെയ്യേണ്ടതായും വരുന്നു.

സ്‌കൂൾ എന്നത് പഠനത്തിന്റെ ലക്ഷ്യ കേന്ദ്രമായി കരുതുന്ന കുട്ടികളിൽ നിന്ന്, വീട്ടിൽ പല കളികളിൽ ഏർപ്പെട്ടവരെ വലിച്ചിഴച്ചു കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിൽ പഠനത്തിനായി എത്തിക്കേണ്ടതായി വരുന്നു.

സ്കൂളിൽ പോയി പഠിക്കുന്നതിനെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പഠനത്തിന്റെ കുഴപ്പം കുട്ടികളുടെ ശ്രദ്ധ വഴുതി പോകാന്‍ ഇടയാക്കുന്ന പലവിധ സംഗതികള്‍ വീട്ടിലുണ്ടാകും എന്നതാണ്. പഠനം രസകരമാക്കുക മാത്രമേ ഇവിടെ പോം വഴിയുള്ളൂ.

ഓണ്‍ലൈന്‍ പഠനം ഫലപ്രദമാക്കാന്‍ ഈ നാലു കാര്യങ്ങള്‍ ചെയ്യാം.

1. ശരിയായ രീതിയിൽ ക്ലാസ്സ് മുറിയിൽ ഇരിക്കണം

പഠനം ക്ലാസ് മുറിയില്‍ അല്ലാത്തത് കൊണ്ട് കുട്ടികളുടെ ഇഷ്ട്ടത്തിനനുസരിച്ച് ഇരുന്ന് പഠിക്കാൻ അനുവദിക്കരുത്. ഉറക്കമുണര്‍ന്ന് അതേ കട്ടിലില്‍ തന്നെ പഠനത്തിനായി ചടഞ്ഞിരിക്കുന്ന കുട്ടികള്‍ അവിടെ തന്നെ ഇരുന്ന് ഉറക്കം തൂങ്ങാനുള്ള സാധ്യതയേറെയാണ്. പഠിക്കാനായി സൗകര്യപ്രദമായ ഒരു മേശയും കസേരയും പ്രത്യേകമായി കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. ആവശ്യത്തിന് കാറ്റും വെളിച്ചവും ഒക്കെ കിട്ടുന്നതാകണം ഈ പഠന ഇടം. പഠിക്കുമ്പോള്‍ കുട്ടികളുടെ ശ്രദ്ധ മാറി പോകും വിധം ടിവിയോ റേഡിയോയോ പാട്ടോ ഒന്നും വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. അച്ചടക്കം വീട്ടിലും ആകാം

സ്‌കൂളില്‍ പോകുമ്പോള്‍ ഏത് സമയത്ത് ഉണര്‍ന്ന് കാര്യങ്ങള്‍ ചെയ്തിരുന്നോ ആ സമയം തന്നെ ഓണ്‍ലൈന്‍ പഠനത്തിലും അനുവര്‍ത്തിക്കുക. ചിട്ടയോടെയുള്ള ജീവിതം കുട്ടികളെ കൂടുതല്‍ ശ്രദ്ധയുള്ളവരാക്കും. സ്‌കൂളിലെ അവധി ദിനങ്ങള്‍ വീട്ടിലും അവധി ദിനങ്ങളാക്കുക. കുട്ടികള്‍ക്ക് അങ്ങനെ കളിക്കാനും ഉല്ലസിക്കാനും സമയം നല്‍കുക. ഈ ഇടവേളകള്‍ അവരെ ഉഷാറാക്കും.

3. പഠന രീതിയില്‍ വൈവിധ്യം

അധ്യാപകര്‍ വെറുതേ ബുക്ക് നോക്കി പാഠഭാഗങ്ങള്‍ വായിച്ചു വിടുന്നത് ക്ലാസില്‍ മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസിലും പരമബോറാണ്. ഈ വിരസത അകറ്റാന്‍ പുത്തന്‍ രീതികള്‍ പരീക്ഷിക്കണം. കുട്ടികളെ കൂടി പഠനപ്രക്രിയയില്‍ പങ്കാളികളാക്കുന്ന തരം അധ്യയനരീതി ഓണ്‍ലൈന്‍ ക്ലാസിലും പിന്തുടരുക.

4. വിഷയത്തിന്റെ സാമാന്യ സങ്കല്‍പം അവതരിപ്പിക്കുക

ഓരോ വിഷയത്തിന്റെയും പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതും യഥാര്‍ത്ഥ ജീവിതവുമായി അവയ്ക്കുള്ള ബന്ധം ബോധ്യപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കണക്ക് പഠിക്കുമ്പോള്‍ അതിലെ തിയറികള്‍ നിത്യജീവിതത്തില്‍ എങ്ങനെ പ്രയോഗിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുക. സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ സമ്പദ് വ്യവസ്ഥയുമായിട്ട് അതിനെ ബന്ധിപ്പിച്ച് നോക്കുക. വിഷയത്തിന്റെ സാമാന്യ സങ്കല്‍പം കുട്ടികള്‍ക്ക് മനസ്സിലായി കഴിഞ്ഞാല്‍ പഠനം രസകരമാകുമെന്ന് ഉറപ്പ്.

ഓൺ ലൈൻ പഠനം അതിജീവനമെന്നോളം തുടങ്ങിയതാണെങ്കിലും കൊറോണയ്ക്ക് ശേഷവും ഈ പഠനത്തിന്റെ സാധ്യതകൾ വർധിക്കുമെന്നത് തീർച്ചയാണ്. വീട് ക്ലാസ് മുറിയാകുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മടി കൂടാതെ ഗുണകരമായി ഓൺലൈൻ ക്ലാസ്സിനെ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!