Siva Kumar
Management Skills Development Trainer, Dubai

ജോലി നഷ്ടപ്പെട്ട ഏതൊരാളോടും ഇങ്ങിനെ സംസാരിച്ചു തുടങ്ങുന്നത് തികച്ചും അനുചിതവും മര്യാദകേടുമാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ആ പ്രശ്‌നത്തിന്റെ ആഴം ശരിക്ക്  മനസ്സിലാവുകയുള്ളു. എന്നിട്ടും ഒരാളോട് അങ്ങിനെ പറയേണ്ടതായി വന്നു. അറിയാതെ പറഞ്ഞു പോയതല്ല. മനപൂര്‍വ്വം തന്നെ പറഞ്ഞതാണ്.

ദുബായിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ വച്ചാണ് അദ്ധേഹത്തിന്റെ നാട്ടുകാരനും സുഹൃത്തുമായ അനിലിനെയും, ഭാര്യയെയും പരിചയപ്പെടുന്നത്. അഥവാ, സുഹൃത്ത് എന്നെ വിളിച്ച് പരിചയപ്പെടുത്തുന്നത്. അവരുടെ ഒരു ചെറിയ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുവാനായി മാത്രം ഒരുക്കിയ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.

അനിലിന്റെ ഭാര്യയുടെ ജോലി നഷ്ടപ്പെട്ടു എന്നതായിരുന്നു വിഷയം. അതിലെ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ ജോലിക്ക് കയറി 22 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ  കമ്പനി പറഞ്ഞു വിടുകയായിരുന്നു. ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദമുണ്ടായിട്ടും ഏറെ ശ്രമിച്ചതിനു ശേഷം, ഒരു ചെറിയ ഇലക്ട്രോണിക്‌സ് സ്ഥാപനത്തില്‍ സര്‍വ്വീസ് കോര്‍ഡിനേറ്ററിന്റെ ജോലിയായിരുന്നു കിട്ടിയത്. കോളുകള്‍ അറ്റന്‍ഡ് ചെയ്ത്, വിവരങ്ങള്‍ രേഖപ്പെടുത്തി, സര്‍വ്വീസ് ടെക്‌നീഷ്യന്‍മാര്‍ക്ക് കൈമാറുക എന്നത് മാത്രമായിരുന്നു ഉത്തരവാദിത്തം.

ജോലി കിട്ടിയ പാടെ, ഫേസ് ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ ഓഫീസിലിരിക്കുന്ന  ഫോട്ടോ സഹിതം, പുതിയ ജോലി  പരസ്യപ്പെടുത്തുകയും ചെയ്തു.

പക്ഷേ, ഇംഗ്ലീഷാണവര്‍ക്ക്  കരിയറിലെ തടസ്സമായത്. സ്ഥാപനത്തിന്റെ ക്ലയന്റ് ബേസാവാട്ടെ, ബ്രിട്ടൻ , യൂറോപ്പ് , അമേരിക്ക തുടങ്ങിയ രാജ്യക്കാരും, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. ക്ലയന്റ് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനോ, മറുപടി പറയാനോ കഴിയാതെ, അവര്‍ കുഴങ്ങി. കാര്യങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ സ്ഥാപനം രണ്ടാഴ്ചക്കകം പുതിയ ആളെ ജോലിക്കെടുത്തു. പുതിയ ആള്‍ വരുന്നത് വരെയുള്ള  22 ദിവസം ചെയ്ത ജോലിക്ക് ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കി അവര്‍ പിരിച്ചു വിടപ്പെട്ടു. കല്യാണം കഴിഞ്ഞ് വന്നതിന് ശേഷം ആദ്യമായി കിട്ടിയ ജോലിയാണ് നഷ്ടപ്പെട്ടത്. കൂട്ടുകാരും നാട്ടുകാരുമറിഞ്ഞാലോ എന്ന ഭയവും ഒക്കെയായി, രണ്ടു മാസത്തിലധികമായി  അവര്‍ പുറത്തിറങ്ങാറേയില്ല.

ഇത്രയും കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണ് അവരെ ഞാന്‍ അഭിനന്ദിച്ചത്. സ്വാഭാവികമായും സുഹൃത്തും, അനിലും, ഒപ്പം ശ്രീമതി അനിലും ഒരു പോലെ ഞെട്ടി.

പിന്നീടവര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി കൊടുത്തു. ജോലി പോയതിനല്ല അഭിനന്ദനം, മറിച്ച് ജോലി നഷ്ടം എന്ന പ്രശ്‌നം കിട്ടിയതിനാണ്. പ്രത്യേകിച്ച് ഒരു കഴിവ് കുറവായതിന്റെ പേരില്‍. നമ്മുടെ ഓരോ പ്രോബ്ലംസും നമ്മുടെ മുന്നില്‍ ഓരോ പോസിബിലിറ്റികൾ തുറന്നിടുകയാണ്, യഥാര്‍ത്ഥത്തില്‍  ചെയ്യുന്നത്  ഓരോ പ്രതിസന്ധികളും നമ്മുടെ ജീവിതത്തെ വഴി തിരിച്ചു വിടുന്ന വഴികാട്ടികളുമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിലെ സാധ്യതകൾ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പ്രശ്‌നത്തെക്കുറിച്ചല്ല പരിഹാരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് സാരം.

ഇപ്പോള്‍ ഒരു പ്രശ്‌നം കിട്ടിയിരിക്കുന്നു. അതിനര്‍ത്ഥം നമ്മുടെ മുന്നില്‍ ഒന്നിലധികം സാധ്യതകൾ തെളിയുന്നു എന്നതാണ്. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാത്തതാണ് പ്രശ്‌നമെങ്കില്‍ ആ കുറവ് നികത്താനൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ കൈവന്നിരിക്കുന്നു.

നമ്മളില്‍ മിക്കവരും ഡു ഓര്‍ ഡൈ എന്ന സാഹചര്യം വന്നാലല്ലാതെ മിക്ക കാര്യങ്ങളും ചെയ്യാറില്ലല്ലോ ?  ഒരു ജോലിക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കണമെന്ന വന്നാല്‍ നാം എന്തുചെയ്യും ? അറിയില്ല എന്നു പറഞ്ഞ് വിഷമിച്ചിരിക്കുമോ ? അതോ ഡ്രൈവിംഗ് പരിശീലനം നേടുമോ ? നമുക്ക് ഒരു കാര്യം അറിയില്ല എന്നു വരുന്നത് ഒരു കുറവേയല്ല. കാരണം ലോകത്ത് എല്ലാമറിയുന്നവരായി ആരും തന്നെയില്ല. പക്ഷേ നമുക്ക് ആവശ്യമുള്ള  ഒരു കാര്യം അറിയില്ല എന്നു നമുക്ക് ബോധ്യപ്പെടുമ്പോള്‍ ആ സാഹചര്യം പഠിക്കാനുള്ള, കഴിവ് നേടാനുള്ള    അവസരമായി ഉപയോഗിക്കുകയാണ് വേണ്ടത്.

ഇപ്പോള്‍ നന്നായി ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ദുബായില്‍ എത്തിയതിന് ശേഷം  ഏഴുമാസം വെറുതെയിരുന്നിട്ടും ഇംഗ്ലീഷോ അറബിയോ പോലുള്ള ഭാഷ പഠിക്കാന്‍ തോന്നിയില്ലല്ലോ ? ഇംഗ്ലീഷുകാര്‍ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്, ദുബായില്‍. അവിടെ ചേർന്ന് പഠിക്കാവുന്നതാണ്, പ്രത്യേകിച്ചും നാട്ടിലുള്ളവര്‍ക്ക് ലഭിക്കാത്ത സവിശേഷ സാഹചര്യം.

ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളവരോട് സംസാരിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നം അവരുടെ ഉച്ചാരണം നമുക്ക് മനസ്സിലാവാത്തതാണ്. ഉച്ചാരണം മനസ്സിലാക്കാനുള്ള എളുപ്പവഴി ധാരാളം  ഇംഗ്ലീഷ് സിനിമ കാണുക എന്നതുമാണ്. ഇയര്‍ഫോണ്‍ വച്ച് കമ്പ്യൂട്ടറില്‍ നല്ല (സംസാരം കൂടുതലുള്ള) ഇംഗ്ലീഷ് സിനിമകള്‍ സബ്‌ടൈറ്റില്‍ വായിക്കാതെ കാണുക.  ദിവസം രണ്ടു സിനിമകള്‍ വീതം ഒരു മാസം 60 സിനിമകള്‍ കണ്ടതിന് ശേഷം നിങ്ങള്‍ക്ക് ഡയലോഗ് മനസ്സിലാക്കാന്‍ സബ്‌ടൈറ്റില്‍ വേണ്ടി വരില്ല.

ഒപ്പം  ഇംഗ്ലീഷ് ടോക്ക് ഷോകളും സീരിയലുകളും സമയമുണ്ടെങ്കില്‍ കാണുക.

ഇംഗ്ലീഷുകാരുടെ തന്നെ വിവിധ ഉച്ചാരണരീതികള്‍ മനസ്സിലാക്കാനായാല്‍, ഒപ്പം നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്ന വാചകങ്ങള്‍ മനസ്സില്‍ പതിഞ്ഞാല്‍,  ഇംഗ്ലീഷ് ഭാഷ നിഷ്പ്രയാസം നമ്മുക്ക് വഴങ്ങും.

ഇത്രയുമായാല്‍ സംസാരിക്കാന്‍ പരിശീലിക്കാനായി ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ചേരാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഗ്രാമറും ടെന്‍സും ഒന്നും പഠിക്കാന്‍ നില്‍ക്കരുത് എന്നതാണ്. മലയാളിക്ക്, ഇംഗ്ലീഷ് വഴങ്ങാത്തതിന്റെ പ്രധാന പ്രശ്‌നം, കണക്കും രസതന്ത്രവും പഠിക്കുന്ന ശാസ്ത്രത്തിന്റെ അതേ രീതിയിലാണ് ഭാഷയായ ഇംഗ്ലീഷും പഠിക്കുന്നത്, അഥവാ പഠിപ്പിക്കുന്നത് എന്നതാണ്. ഇത്രയുമായിരുന്നു, അവരോട് പിന്നീട് സംസാരിച്ചതിന്റെ രത്‌നച്ചുരുക്കം. ഒരു പക്ഷേ സാഹചര്യം നല്‍കിയ സമ്മര്‍ദ്ധം മൂലമാവാം, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ അക്ഷരം പ്രതി ചെയ്തു എന്നു മാത്രമല്ല, പറഞ്ഞതിനപ്പുറം, ഫ്രഞ്ച് ഭാഷ കൂടെ പഠിക്കാനാരംഭിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബസ്സിനായി, ഒരു മണിക്കൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാത്തിരിക്കേണ്ടി വന്നപ്പോള്‍, ആ സമയത്തെ ഫ്രഞ്ച് കൂടെ പഠിക്കാനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

വര്‍ഷം മൂന്ന് കഴിഞ്ഞപ്പോള്‍ ഒരു യൂറോപ്യന്‍ കമ്പനിയുടെ ദുബായ് ഓഫീസ്സില്‍  മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക റീജിയന്റെ സെയില്‍സ് വിഭാഗത്തില്‍ എക്‌സിക്യൂട്ടീവാണ് ഇന്ന് ശ്രീമതി അനില്‍. ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍, ഇന്ത്യക്കാരിയാണെന്ന് പോലും തിരിച്ചറിയില്ല ഇപ്പോള്‍. നമുക്ക് വേണ്ടതായ ഒരു കാര്യം അറിയാത്തത് കുറവല്ല. പക്ഷേ, ആ കുറവ് നികത്താന്‍ ശ്രമിക്കാത്തത് വലിയ കുറവ് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here