Siva Kumar
Management Skills Development Trainer, Dubai

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത് ? ബിസിനസ്സിൽ ജയിച്ചവരോടോ, അതോ തോറ്റവരോടോ ?

ഏതൊരാളും ഉപദേശം തേടുന്നത് വിജയിച്ചവരോടായിരിക്കും. സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെങ്കിലും, അത് തന്നെയായിരിക്കും അവർക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധവുമെന്നതാണ് വസ്തുത. ഇങ്ങനെ, വിജയിച്ചവരുടെ വാക്കുകൾ കേട്ട് ആവേശം കയറി സംരംഭകരായവരിൽ ഭൂരിഭാഗവും തകർന്ന ചരിത്രമാണുള്ളത്.

കാരണം മറ്റൊന്നുമല്ല, വിജയിച്ചവരിൽ ഭൂരിഭാഗം പേർക്കും തങ്ങൾ എങ്ങിനെയാണ് വിജയിച്ചത് എന്നറിയാനിടയില്ല. അറിയാവുന്ന ബാക്കിയുള്ളവർ അതാരോടും പറയാനുമിടയില്ല.

കഠിനാദ്ധ്വാനം, കൃത്യനിഷ്ഠത, ഗുണനിലവാരം, സേവന തൽപരത, സത്യസന്ധത, ആത്മവിശ്വാസം, കൃത്യമായ ആസൂത്രണം, മികച്ച മാനേജ്‌മെന്റ്‌ എന്നിങ്ങനെ പലതും തട്ടി വിടുന്ന വിജയിച്ചവർ, മറ്റൊരു സ്ഥലത്തോ, അല്ലെങ്കിൽ മറ്റൊരു മേഖലയിലോ സംരംഭം തുടങ്ങുമ്പോൾ വിജയിക്കാതെ പോകുന്നത് നാം കാണാറുണ്ട്. വിജയിക്കാനായി അവർ മുൻപ് പറഞ്ഞ കാര്യങ്ങൾ മതിയാവുമെങ്കിൽ അവർ എല്ലായ്പോഴും വിജയിക്കേണ്ടതല്ലേ ? (അത്തരത്തിൽ തൊടുന്നതെല്ലാം പൊന്നാക്കുന്നവരും എണ്ണത്തിൽ കുറവാണെങ്കിലും നമുക്ക്‌ ചുറ്റുമുണ്ട്)

ഒരു ചെറുപ്പക്കാരൻ, കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി നല്ല രീതിയിൽ വളർന്നു വന്നു. തുടർന്ന് അദ്ദേഹം സമീപ ജില്ലയിലെ പട്ടണത്തിൽ പുതിയൊരു ഓഫീസ് തുറന്നു. പക്ഷേ, അനുഭവ പരിചയവും നല്ല പേരും ഉണ്ടായിട്ടും ബിസിനസ്സ് പച്ച പിടിക്കാതായപ്പോൾ, അദ്ദേഹത്തിൻ്റെ ഗൾഫിലുള്ള സഹോദരനാണ് എന്നെ ബന്ധപ്പെട്ടത്. വളരെ മിടുക്കനായ ബിസിനസ്സുകാരനായ സഹോദരന് എവിടെയാണ് പിഴയ്ക്കുന്നത് എന്നും, എങ്ങിനെ മുന്നോട്ട് പോകാം എന്നുമായിരുന്നു അദ്ദേഹത്തിനറിയേണ്ടത്.

കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ്, അദ്ദേഹത്തിൻ്റെ വിജയ രഹസ്യം മനസ്സിലായത്. ഉയർന്ന സാമ്പത്തികമുള്ള, അച്ഛനും അച്ഛൻ്റെ സഹോദരൻമാരും രാഷ്ട്രീയ പ്രവർത്തകരും ഉന്നത ബന്ധവുമുള്ള കുടുംബത്തിലെയാണ്.  കഥാനായകൻ, പോളിടെക്നിക്ക് ഡിപ്ലോമ കഴിഞ്ഞ് ആദ്യം നിർമ്മിച്ചത്, സഹോദരിയുടെ വീടാണ്, തുടർന്ന് ബന്ധുക്കളുടെ മാത്രം 8 വീടുകളും. തുടർന്ന് കിട്ടിയ വർക്കുകളിൽ ഭൂരിഭാഗവും ഈ സ്വാധീനം ഒന്നു കൊണ്ടു മാത്രം ലഭിച്ചവയുമാണ്. ഇടയ്ക്ക് ചില സാധാരണക്കാർക്കൂ വേണ്ടിയും മുന്നോ നാലോ വർക്കുകൾ ചെയ്തു എന്നതൊഴിച്ചാൽ, ബാക്കി വർക്കുകൾ വന്ന വഴി വ്യക്തമാണ്. സാമ്പത്തിക ബലമുള്ളത് കൊണ്ട് ബിൽഡിംഗ് മെറ്റീരിയലുകൾ, ഇദ്ധേഹത്തിന് കടമായി നൽകാൻ ഷോപ്പുകൾ തമ്മിൽ മത്സരമായിരുന്നു.

എന്നാൽ, ഇത്തരം അനുകൂല സാഹചര്യങ്ങളും സഹായങ്ങളും ഇല്ലാത്ത സ്ഥലത്ത്, അദ്ദേഹത്തിന് അടിപതറുകയാണുണ്ടായത്. വിജയിച്ച ധാരാളം പേർക്ക് ഇത്തരത്തിൽ അനുകൂലവും, സഹായകരവുമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കുമെങ്കിലും, പലർക്കും അതറിയില്ല എന്നതാണ് വാസ്തവം. അഥവാ അറിയാമെങ്കിൽ തന്നെ മറ്റുള്ളവരോട് തുറന്ന് പറയുകയുമില്ല.

എന്നാൽ പരാജയപ്പെട്ടവരിൽ ഭൂരിഭാഗത്തിനും തങ്ങൾക്ക് പറ്റിയ തെറ്റ് എന്താണെന്നറിയാം. അത് മനസ്സിലാവാത്തവർ, വളരെ കുറച്ചു മാത്രമേ കാണുകയുള്ളു. പലർക്കും തൻ്റെ തെറ്റുകൾ പരസ്യമായി സമ്മതിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ഒരു സംരംഭകനോട് അവർ അത് കൃത്യമായി പറയാറുണ്ട്. ഒരേ തരത്തിലുള്ള സംരംഭങ്ങൾ തകർന്നതിന് തന്നെ വ്യത്യസ്തമായ കാരണങ്ങളുണ്ടാവാം. അവയെല്ലാം മനസ്സിലാക്കിയാൽ മാത്രമേ വിജയകരമായി സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകാനാവൂ.

ഏതൊരു പിതാവും, തൻ്റെ മകനെ ബിസിനസ്സ് ഏൽപ്പിക്കുമ്പോൾ എങ്ങിനെ, കാര്യങ്ങൾ ചെയ്യണമെന്നല്ല, മറിച്ച് എങ്ങിനെ ചെയ്യരുതെന്നും, ഏതൊക്കെയാണ് ചതിക്കുഴികൾ എന്നുമായിരിക്കും പഠിപ്പിക്കുന്നത്. അതാണ് ശരിയായ പഠനം.
വിജയിച്ച, പല സംരംഭകരും മുൻപ് പല തവണ പരാജയപ്പെട്ടവരാണ് എന്നതാണ് യാഥാർത്ഥ്യം. തങ്ങൾക്ക് പറ്റിയ തെറ്റുകൾ വീണ്ടും പറ്റാതെ നോക്കിയപ്പോഴാണ് അവർ പിന്നീട് വിജയിച്ചത് എന്നവർ സമ്മതിക്കുകയും ചെയ്യും.

അത് കൊണ്ട് തന്നെ, വിജയിക്കാനുള്ള വഴികളല്ല, മറിച്ച് തെറ്റുകൾ പറ്റാനും,
അബദ്ധത്തിലാവാനും, സാധ്യതയുള്ള കാര്യങ്ങളാണ് സംരംഭകർ ആദ്യം തന്നെ അറിഞ്ഞ് വെയ്‌ക്കേണ്ടത്‌. അത് പറഞ്ഞു തരാൻ,  യോഗ്യതയുള്ളവർ തീർച്ചയായും പരാജയപ്പെട്ടവർ തന്നെയാണ്.

അതിനർത്ഥം, വിജയിച്ചവരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതില്ല എന്നല്ല. മറിച്ച്, വിജയിച്ചവർ നമ്മുടെ പ്രചോദനമാണ്, ഒപ്പം പരാജയപ്പെട്ടവർ നമ്മുടെ പാഠവുമാണ്. അതു കൊണ്ട് തന്നെ, പരാജയപ്പെട്ടവരോട്‌ സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കുക എന്നത് പ്രധാനമാണ്. എന്നാൽ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം, അവരിൽ ചിലരെങ്കിലും, നെഗറ്റീവ് കാര്യങ്ങൾ പറയാനോ, നമ്മെ നിരുത്സാഹപ്പെടുത്താനോ ഇടയുണ്ട്. അതുപോലെ പരാജയം എങ്ങിനെ സംഭവിച്ചു എന്ന് കൃത്യമായ ധാരണയില്ലാത്തവരും അപൂർവ്വമായെങ്കിലും ഉണ്ടാവാം.

നമുക്ക് വേണ്ടത്, അവരുടെ അനുഭവങ്ങളും, അബദ്ധങ്ങളുമാണ്. അല്ലാതെ അവരുടെ കാഴ്ച്ചപ്പാടുകൾ അല്ല എന്നു ചുരുക്കം. ഒരാളെ പാർട്ട്ണർ ചതിച്ചു എന്നത് കൊണ്ട്, പാർട്ട്ണർഷിപ്പ് ബിസിനസ്സേ വേണ്ട എന്നോ, ഒരു ജോലിക്കാരൻ പണവുമായി മുങ്ങി എന്നത് കൊണ്ട് ജോലിക്കാരേ വേണ്ട എന്നോ തീരുമാനിക്കാനാവില്ലല്ലോ?

എന്നാൽ, ഇങ്ങിനെയുള്ള സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കാം എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്. അത് പോലെ പല തരം പ്രശ്നങ്ങളെക്കുറിച്ചറിയുമ്പോൾ, അതിൻ്റെ പരിഹാരം മുൻകൂട്ടി നിശ്ചയിക്കാനാവുമല്ലോ.?

വിജയിച്ചവർക്ക് അതിൻ്റെ കാരണമറിയില്ല എന്നത്, പലപ്പോഴും കേൾക്കുന്നവരുടെ പുരികം ചുളിക്കുന്ന കാര്യമാണ്. അമ്മായിയച്ഛൻ്റെ പണം മുതൽ കള്ളപ്പണം വെളുപ്പിക്കുന്ന പണം വരെയുള്ള സാമ്പത്തിക ബലം, ജാതി മത രാഷ്ട്രീയ സ്വാധീനം, ബന്ധുബലം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബിനാമി പാർട്ട്ണർഷിപ്പ് തുടങ്ങി, അപ്രതീക്ഷിതമായ സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ വരെ പല കാരണങ്ങൾ വിജയങ്ങൾക്ക് പിന്നിൽ കാണാനിടയായിട്ടുണ്ട്.

ഇതൊന്നുമില്ലാത്ത സാധാരണക്കാർ, വിജയിച്ച ഇത്തരം ആളുകളെ മാതൃകയാക്കി മുന്നോട്ട് പോവുമ്പോൾ, സാഹചര്യം അനുകൂലമല്ലാതെ വരുമ്പോൾ കുഴഞ്ഞു പോകുന്നുണ്ട്. എല്ലാവരുമറിയുന്ന സ്ഥാപനത്തിൻ്റെ, അധികമാർക്കുമറിയാത്ത വിജയ രഹസ്യം , കൂടെ, ചുരുക്കി വിവരിക്കാം.

100 CC ബൈക്കുകളുടെ വരവോടെ, ബിസിനസ്സ് ഇല്ലാത്തതിനെ തുടർന്ന് വടക്കേയിന്ത്യയിലെ നിർമ്മാണ പ്ലാന്റുകള്‍ അടച്ചു പൂട്ടിയ ഒരു ഹെവി വെയിറ്റ് മോട്ടോർ സൈക്കിൾ നിർമ്മാതാവ്, അവസാനത്തെ ഓർഡറായ ഇന്ത്യൻ ആർമിയുടെ 3000 ബൈക്കുകളുടെ നിർമ്മാണം പൂർത്തിയായാലുടൻ ചെന്നെയിലെ അവസാന പ്ലാന്റും പൂട്ടാൻ 2002 ൽ തീരുമാനിച്ചു.

2000 മുതലുള്ള IT ബൂമിൽ പല ടെക്കികളും, ഹാർലി ഡേവിസൺ പോലുള്ള ഹെവി വെയ്റ്റ് ബൈക്കുകൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനും തുടങ്ങിയതോടെ, നേരത്തെ സൂചിപ്പിച്ച കമ്പനിയുടെ പതനം പൂർത്തിയായി എന്നു പറയാം. 2009 മുതൽ വിദേശ നിർമ്മാതാക്കൾ ഇന്ത്യയിൽ ഷോറൂമുകളും തുറന്നു വിൽപ്പന തുടങ്ങി.

എന്നാൽ ഇതിനിടയിൽ ഒരു അത്ഭുത സാഹചര്യം ഉണ്ടായി വന്നത് കമ്പനി പോലും വൈകിയാണറിഞ്ഞത്. 100 cc ബൈക്കുകൾ തീർത്ത വിപ്ലവത്തിൻ്റെ ഫലം, അവ മീൻ വിൽക്കാനും പാൽ വിൽപ്പനക്കും വരെ ഉപയോഗിച്ചു തുടങ്ങി എന്നതാണ്. മുതലാളിയും പണിക്കാരനും ഒരേ ബൈക്ക് ഉപയോഗിക്കുന്നത് പലർക്കും രസിക്കാത്തതായി തീര്‍ന്നു. പക്ഷേ വിദേശ നിർമ്മിത ബൈക്കുകളുടെ വില, ലക്ഷ്വറി കാറുകൾക്കൊപ്പമായതിനാൽ അത് വാങ്ങാനുമാവാതെ വലഞ്ഞ അവർ പല വഴികളും തേടി.

അങ്ങനെയാണ്‌, നമ്മുടെ ഇന്ത്യൻ കമ്പനിയുടെ, ഉപയോഗിക്കാതെ ഷെഡ്ഡിലിരിക്കുന്ന പഴയ ബൈക്കുകൾ മോഡിഫൈ ചെയ്ത് വിദേശ നിർമ്മിതം പോലെയാക്കി ഉപയോഗിക്കാൻ ചിലർ തുടങ്ങിയത്. കേരളത്തിൽ നിന്നു പോലും ഡൽഹിയിലേക്ക് ട്രെയിനിൽ അയച്ചായിരുന്നു പലരും ഇങ്ങിനെ മോഡിഫൈ ചെയ്തത്. അതോടെ കമ്പനിയുടെ പഴയ ബൈക്കുകൾക്ക് ഡിമാൻ്റ് കൂടി. പഴയത് കിട്ടാത്തവർ പുതിയവയ്ക്കായി കമ്പനിക്ക് ഓർഡർ കൊടുത്തു തുടങ്ങി.

വൈകാതെ ബൈക്ക് മോഡിഫിക്കേഷൻ സർക്കാർ നിരോധിച്ചെങ്കിലും, സ്നോബ് ഇഫക്ടിൻ്റെ ഭാഗമായി ആളുകൾ കൂടുതലായി ഈ ബൈക്ക് വാങ്ങാൻ തുടങ്ങി. പിന്നെ കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് കാണുന്നത്. പൂട്ടിക്കിടന്ന പ്ലാൻറുകൾ തുറക്കുന്നതും, പരസ്യങ്ങൾ വരുന്നതും, വിൽപ്പന കുതിച്ചുയരുന്നതും നമ്മൾ കാണുന്നു. ഒരു സ്ഥലത്ത് ഒരാൾ ഒരു വിദേശ നിർമ്മിത ബൈക്ക് വാങ്ങിയാൽ, താനും സാധാരണക്കാരനല്ല എന്ന് കാണിക്കാൻ, പരിസരത്തുള്ള അഞ്ചു പേരെങ്കിലും ഈ ഇന്ത്യൻ ബൈക്ക് വാങ്ങുന്നു. അത് കാണുന്ന മറ്റുള്ളവരും ഇതേ ഹെവി വെയിറ്റ് ബൈക്ക് വാങ്ങുന്നു. വിൽപ്പന കുതിച്ചുയരുന്നു.

വാസ്തവത്തിൽ സംഭവിച്ചത് ഇതാണെങ്കിലും, പ്രചരിപ്പിക്കപ്പെട്ടത്, പുതുതായി ചാർജ്ജെടുത്ത മുതലാളിയുടെ മകൻ്റെ മിടുക്കാണെന്നാണ്. ലോകം മുഴുവനുമറിയാവുന്ന കാര്യങ്ങളിൽ പോലും യാഥാർത്ഥ്യം മറച്ചു വയ്ക്കപ്പെടുമ്പോൾ, മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും എന്ന് സൂചിപ്പിക്കാനായി മാത്രമാണ് ഈ സംഭവം ഉദാഹരിച്ചത്. ഇതു പോലെ നൂറ് കണക്കിന് വിജയങ്ങൾ, യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത് വിശ്വസിച്ച് മാത്രം സംരംഭകരായ പലരും അബദ്ധത്തിലായിട്ടുമുണ്ട്. ബുദ്ധിയുള്ളവർ മറ്റുള്ളവരുടെ അബദ്ധങ്ങളിൽ നിന്നുമാണ് പാഠങ്ങൾ പഠിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!