Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS ട്രെയ്നർ, മെൻറർ  (Ph: +91 9847034600)

സ്‌കൂള്‍ബെല്‍ അടിക്കാതെ, അസംബ്ലിയും യൂണിഫോമും പുതിയ ബാഗും കുടയും ഒന്നുമില്ലാതെ, ഒരു അധ്യയന വര്‍ഷം ആരംഭിക്കുന്നു. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ലോകമെങ്ങും നേരിടുന്നത്. 190 രാജ്യങ്ങളിലായി 160 കോടി പേരുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷം കുട്ടികളില്‍ 2.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ടിവി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലെന്ന് കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തിന് മുന്‍പ് സര്‍ക്കാരിനുവേണ്ടി നടത്തിയ ‘സമഗ്രശിക്ഷ കേരളം’ സര്‍വേ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് ടിവിയും സ്മാര്‍ട്ട് ഫോണും ഉറപ്പാക്കാന്‍ കേരളം ഒന്നായി കൈ കോര്‍ത്തു. ഈ വര്‍ഷവും വലിയൊരു ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണ ലഭ്യതയും നെറ്റ്‌വർക്ക്  കണക്ടിവിറ്റിയും പ്രശ്നം തന്നെയാണ്. അവ പരിഹരിക്കാന്‍ സര്‍ക്കാരും ജനകീയ കൂട്ടായ്മകളും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നത് ആശ്വാസകരമാണ്.

അരലക്ഷത്തിലേറെ കുട്ടകള്‍ക്ക് ഡിജിറ്റല്‍ പഠന സൗകര്യമില്ലെന്നാണ് സൂചന.
മുഴുവന്‍ കുട്ടികള്‍ക്കും കൂടുതല്‍ ശക്തവും മേന്മയുള്ളതുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഈ വര്‍ഷം ലഭ്യമാക്കുമെന്നും ഫസ്റ്റ്ബെല്‍ ക്ലാസ്സിനുപുറമേ സ്‌കൂളിലെ അധ്യാപകരുടെ തുടര്‍പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുമെന്നും ആശങ്കകളില്ലാതെ പരീക്ഷകള്‍ക്ക് അവസരമൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഠന നിലവാരം ഉറപ്പാക്കുവാനും കുട്ടികളുമായി ആശയവിനിമയം നടത്താനും അധ്യാപകരെ മെന്റര്‍മാരാക്കി മാറ്റുമെന്നുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 10,000 രൂപ പലിശരഹിത വായ്പ നല്‍കാനുള്ള നീക്കവും നന്ന്.

ടിവിയിലൂടെയുള്ള ക്ലാസ്സിനു പുറമേ സ്‌കൂളില്‍ നിന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ്സുകള്‍ ഉറപ്പു വരുത്തണം. എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണോ ലാപ്ടോപ്പോ ടാബോ ഉണ്ടെന്ന് തീര്‍ച്ചയാക്കണം. നെറ്റ്‌വർക്ക് ലഭ്യമാകാത്ത മലയോര-ഗ്രാമീണ മേഖലകളില്‍ അത് പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് വേഗം കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം. ഗ്രാമീണ മേഖലകളില്‍ മെച്ചപ്പെട്ട വൈഫൈ സൗകര്യം ഒരുക്കണം. സംസ്ഥാനത്ത് എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ലക്ഷ്യം വെച്ചുള്ള കെ ഫോണ്‍ പദ്ധതിക്ക് ആക്കം കൂട്ടണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ് എന്ന ലക്ഷ്യം നിറവേറ്റാന്‍ കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച വിദ്യാശ്രീ പദ്ധതി വിജയത്തിലെത്തിക്കാനാവണം. മാതാപിതാക്കളും കുട്ടികളുടെ പഠനകാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ ചെലുത്തണം.

കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ പോകാതെയും അധ്യാപകരോടും കൂട്ടുകാരോടും നേരിട്ട് വിനിമയം നടത്താതെയും വീടിനുള്ളില്‍ കഴിയേണ്ടിവന്ന വിദ്യാര്‍ത്ഥികളില്‍ മാനസികബുദ്ധിമുട്ടുകള്‍ ഉയര്‍ന്നുവന്നതായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും (എസ്.സി.ഇ.ആര്‍.ടി) തിരുവനന്തപുരം വനിതാ കോളേജ് സൈക്കോളജിക്കല്‍ റിസോഴ്സ് സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും അമിതോപയോഗം, വിഷാദ രോഗലക്ഷണങ്ങള്‍, ഉത്കണ്ഠ, ഏകാന്തത, വൈകാരിക നിയന്ത്രണത്തിലുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ അളവില്‍ ഉണ്ടെന്നാണ് പഠനം. പഠനത്തിന് വിധേയമാക്കിയവരില്‍ ഒരിക്കലെങ്കിലും സ്വയം ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരുടെ എണ്ണം 10.13 ശതമാനം വരും.

36.05 ശതമാനം രക്ഷിതാക്കള്‍ക്ക് കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടു. 78.35 ശതമാനം പേര്‍ക്ക് വരുമാനത്തില്‍ കുറവുണ്ടായി. വരുമാനം കുറഞ്ഞതോടെ 20 ശതമാനത്തിലധികം രക്ഷിതാക്കളിലും അസ്വസ്ഥതയും ദേഷ്യവും സങ്കടവും വര്‍ദ്ധിച്ചു. ഇത് കുടുംബാന്തരീക്ഷത്തെയും കുട്ടികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ടാകാം. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ടൈം ടേബിളില്‍ ഒരു പീരിയഡ് നീക്കിവയ്ക്കണം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ലഭ്യമാക്കണം. പഠന പിന്നോക്കാവസ്ഥയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ്സുകള്‍ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ വേണം. കണ്ട് പഠിക്കുന്നവരും കേട്ട് പഠിക്കുന്ന വരും ചെയ്തു (എഴുതി) പഠിക്കുന്നവരും ഉണ്ട്. ഡിജിറ്റല്‍ ക്ലാസ്സുകള്‍ക്ക് പരിമിതിയുണ്ട്. അതിനാല്‍ ഡിജിറ്റല്‍ ക്ലാസ്സ് തുടരേണ്ടിവന്നാല്‍ പാഠ്യപദ്ധതി നവീകരിക്കണം. അധ്യാപകര്‍ക്ക് പരിശീലനവും നല്‍കണം.

കോവിഡ് കാല പഠനത്തിന് ചേര്‍ന്ന വിധം ഒരു ടൈം ടേബിള്‍ തയ്യാറാക്കി അതനുസരിച്ച് കുട്ടികള്‍ പഠനം മുന്നോട്ടു കൊണ്ടുപോകണം. കുളിച്ച് വൃത്തിയായി ഡ്രസ് ധരിച്ച് യഥാര്‍ത്ഥ ക്ലാസ്സിലിരിക്കും പോലെ വേണം ഓണ്‍ലൈന്‍ ക്ലാസിലും ഇരിക്കാന്‍. കുറിപ്പുകള്‍ എഴുതിയെടുക്കാനുള്ള നോട്ട്ബുക്ക്, പേന എന്നിവ കരുതണം. സംശയങ്ങള്‍ കുറിച്ചുവയ്ക്കണം. അവ ക്ലാസ് ടീച്ചറോട് ചോദിച്ച് സംശയനിവാരണം വരുത്തണം. ക്ലാസില്‍ പറയുന്ന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ അന്നുതന്നെ ചെയ്യണം. അധ്യാപകര്‍ തരുന്ന ഹോംവര്‍ക്കുകളും നോട്ടുകളും കൃത്യമായി എഴുതണം. അലസത കാട്ടാതെ, ഉച്ചയുറക്കം ശീലമാക്കാതെ, ജീവിത പാഠങ്ങള്‍ പഠിച്ച് മുന്നേറണം. പ്ലേഗിനേയും വസൂരിയേയും ഒക്കെ അതിജീവിച്ചവരാണ് നമ്മള്‍. കോവിഡിനെയും നമ്മള്‍ അതിജീവിക്കും. ആത്മവിശ്വാസ ത്തോടെ, സ്വയം മതിപ്പോടെ, ഇച്ഛാശക്തിയോടെ, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുക. ഓര്‍ക്കുക; ഈ കാലവും കടന്നുപോകും. നമ്മള്‍ ഒത്തുചേരും, മുന്നേറും, വിജയം വരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here