1945 ഓഗസ്റ്റ് ആറിന് മറിയാന ദ്വീപ് സമൂഹത്തിലെ ടിനിയന് ദ്വീപില്‍ നിന്ന് എനൊളോഗ ബി 29 എന്ന അമേരിക്ക്ന്‍ ബോംബര്‍ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോണ്‍ഷു ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തിന്റെ ഉള്‍വശത്ത് 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി സര്‍വസംഹാരിയായ ലിറ്റില്‍ ബോയ് എന്ന പേരില്‍ ഉള്ള അണുബോംബും. പിന്നെ അധികം സമയം വേണ്ടി വന്നില്ല, അവിടുത്തെ ടി ബ്രിഡ്ജ് ലക്ഷ്യമാക്കി തൊടുത്ത് വിട്ട ലിറ്റില്‍ ബോയ് ഹിരോഷിമയില്‍ പതിക്കുന്നു. ലോകത്തെ നടുക്കിയ ചരിത്ര ദുരന്തത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ലോകത്തിന് മറക്കാനാവാത്ത ഒരു ദിനത്തിന്റെ കത്തുന്ന ഓര്‍മ്മ.
76 വര്‍ഷങ്ങള്‍ക്കിപ്പുറവും ആഗസ്റ്റ് 6 നെ ഓര്‍ക്കുമ്പോള്‍ ഹിരോഷിമയുടെ പ്രത്യാഘാതങ്ങള്‍ ഏവരുടെയും മനസ്സില്‍ അത്രമാത്രം ഭീകരമായി തന്നെ നിലനില്ക്കുന്നു എന്നതാണ്. ലോകത്തെ നടുക്കിയ ആദ്യത്തെ ആണവാക്രമത്തിന്റെ കറുത്ത ചിത്രങ്ങള്‍ മായാതെ കിടക്കുന്നുണ്ട് ഹിരോഷിമയിലൂടെ.
1941 ഡിസംബര്‍ 7 ന് ഹവായ് ദ്വീപിലെ അമേരിക്കന്‍ നാവിക കേന്ദ്രമായ പോള്‍ ഹാര്‍ബര്‍ ജപ്പാന് ആക്രമിച്ചതായിരുന്നു അമേരിക്കയെ പ്രകോപിപ്പിച്ചത് . അന്ന് അമേരിക്കന്‍ കപ്പലായ യു.എസ്.എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാന്‍ ഇത് കാരണമായി. ജപ്പാനില്‍ അണുബോംബ് വര്‍ഷിക്കാന്‍ സൈന്യത്തിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഹാരി എസ്. ട്രുമാന് നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്നാണ് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കുന്നത്. മൂന്നര ലക്ഷത്തോളം മനുഷ്യരെ കൊന്ന് തീര്‍ത്തത് ലിറ്റില്‍ ബോയ് എന്ന വലിയ ചെറിയ ബോംബ്.

മരിച്ച് വീണതും മരിച്ച് ജീവിക്കുന്നവരുമായ ഒരുപാട് പേരുടെ സഹനത്തിന്റെ കഥകള്‍ ഇന്നും ഹിരോഷിമയെ ഗാഢമായി തന്നെ ഓര്‍മിപ്പിക്കുന്നുണ്ട്. ബോംബിട്ട ദിവസം മുതല്‍ അര്‍ബുദവും അനുബന്ധ രോഗങ്ങളും ഒരു ജനതയെ ഭയത്തിലേക്കും മാനസിക വിഭ്രാന്തിയിലേക്കും വരെ തള്ളിവിട്ട് കൊണ്ട് നഷ്ടങ്ങളും നഷ്ടപ്പെടലുകളുടെയും മാത്രം കഥ പറയുന്ന ഹിരോഷിമ.
ഹിരോഷിമയെ ഓര്‍മിക്കുമ്പോള്‍ തന്നെ 1945 ആഗസ്റ്റ് 9 നേയും ലോകം ചേര്‍ത്ത് നിര്‍ത്തി സ്മരിക്കുന്നു. ഹിരോഷിമ ആണവാക്രമത്തിന് രണ്ട് ദിവസത്തിന് ശേഷം ഉണ്ടായ നാഗസാക്കി. 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാന്‍ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചായിരുന്നു ഈ ദുരന്തം. ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു ആക്രമണങ്ങള്‍.
ഇനിയൊരു ആണവാക്രമങ്ങളും ലോകത്തില്‍ ഉണ്ടാവരുത് എന്നുള്ളതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഹിരോഷിമയും നാഗസാക്കിയയും. അത് കൊണ്ട് തന്നെ എല്ലാ വര്‍ഷവും ആഗസ്റ്റ് 6 ചര്‍ച്ച ചെയ്യപ്പെടുകയും അത്രമാത്രം തീവ്രമായ ഒരു ചരിത്രത്തെകുറിച്ച് ജനങ്ങൾ വേദനയോടെ സംസാരിച്ച് കോണ്ടേയിരിക്കുന്നു.