കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് 19 ന്റെ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ട സ്കൂളുകൾ ആണ് തുറക്കാൻ തീരുമാനിക്കുന്നത്. ഇതിന് വിദ​ഗ്ദ സമിതിയെ നിയോ​ഗിക്കുമെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു.

രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് 19 കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഏറെ മുന്നിലാണ് കേരളം.
കൊവിഡ് 19 മൂന്നാം തരംഗം നേരിടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാൽ കോവിഡ് 19 കുട്ടികളെ ഗുരുതരമായി ബാധിക്കാത്ത സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും. ഇതിനു ശേഷമായിരിക്കും നിർണായകമായ തീരുമാനം.

സ്കൂളുകൾ തുറക്കാമെന്നാണ് വിദഗ്ധർ മുന്നോട്ടു വെച്ച അഭിപ്രായമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക. അതേസമയം, നിലവിൽ എന്തിനെയും ഏതിനെയും സോഷ്യൽ മീഡിയയിൽ വിമർശിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെപ്പറ്റിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോവിഡ് 19 ആദ്യ തരംഗം നേരിടാനായി പ്രഖ്യാപിച്ച ലോക്ക് ‍ഡൗണിൻ്റെ ഭാഗമായാണ് രാജ്യത്ത് സ്കൂളുകൾ അടച്ചത്. ഇടയ്ക്ക് ചില പരീക്ഷകൾക്കായി സ്കൂളുകൾ തുറന്നെങ്കിലും രണ്ട് വർഷമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ലാസുകൾ നടക്കുന്നില്ല. എന്നാൽ രണ്ടാം തരംഗത്തിന് ശേഷം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ സാരമായ കുറവ് വന്ന സാഹചര്യത്തിലാണ് ഇന്നലെ ആറു സംസ്ഥാനങ്ങളിൽ സ്കളുകൾ തുറന്നത്.

തമിഴ്നാട്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറന്നത്. തമിഴ്നാട്ടിൽ എൺപത് ശതമാനത്തിലധികം കുട്ടികളും ആദ്യദിവസം തന്നെ സ്കൂളിലെത്തിയെന്നാണ് കണക്കുകൾ. എന്നാൽ മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി മോശമായിരുന്നു. ഡൽഹിയിൽ സ്കൂളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പല സ്കൂളുകളും തുറക്കാൻ തയ്യാറായിട്ടില്ല. ഇതിനോടകം തുറന്ന സർക്കാർ സ്കൂളുകളിലെ സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് സ്കൂൾ മാനേജ്മെൻ്റുകൾ പറയുന്നത്. ഇന്നലെ ഒരു വിദ്യാർഥി പോലും ഹാജരാകാത്ത ക്ലാസ് മുറികളും ഡൽഹിയിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here