എഴുത്ത് വിദ്യയിൽ കലിഗ്രഫി അഥവാ ലിപികലയുടെ സ്ഥാനം ചെറുതല്ലാത്തതാണ്. അക്ഷര ചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ച് നിർത്തുന്ന എഴുത്ത് വിദ്യയാണിത്.
ഇന്ന് നമ്മൾക്ക് സുപരിചിതമായ ബ്രാൻഡുകളായ കൊക്കോകോള, നൈക്ക് തുടങ്ങിയവയുടെ ലോഗോകളിൽ കാണുന്നത് കലിഗ്രഫിയാണ് എന്ന് നമുക്കറിയാവുന്നതാണ്. ഇത് പോലെ ഇന്ന് ലോകത്ത് കാണുന്ന പല ബ്രാൻഡുകളും, കമ്പനികളിലുമെല്ലാം ഇതുപോലെ കലിഗ്രഫി ഉപയോഗിക്കുന്നു എന്നതാണ്.
ചിത്രങ്ങൾ പോലെ അക്ഷരങ്ങളെ രൂപപ്പെടുത്തുന്ന സുന്ദരകലയാണിത്. ഡിജിറ്റൽ യുഗത്തിൽ ആയത് കൊണ്ട് തന്നെ ഇതിന്റെ സാധ്യതകൾ വർധിച്ച രീതിയാണുള്ളത്.
വരക്കാൻ അറിയുക, അക്ഷരങ്ങളെ സർഗാത്മകമായി ഉപയോഗിച്ച് മനോഹരമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇനി ഇന്ന് സുലഭമായ സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി കാലിഗ്രഫി ശ്രമങ്ങൾ നമ്മൾ കാണുന്നതുമാണ്. അതിൽ വരക്കാൻ അറിയാത്തവരും ശ്രമം നടത്തുന്നുണ്ട് എന്നതാണ്. സാധാരണക്കാരായ ഒട്ടേറെപ്പേർ ഈ മേഖലയിൽ സജീവമാണ്. ലിപികലയോ ചിത്രകലയോ ശാസ്ത്രീയമായ പഠിച്ചവരല്ല പലരും.
ഇപ്പോൾ ഓൺലൈനിൽ വിവിധ കൂട്ടായ്മകൾ ഒരുക്കുന്ന പരിശീലന ക്ലാസുകളുണ്ട്. ടൈപ്പോഗ്രഫി സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന ഓൺലൈൻ ശിൽപശാലയും ഏറെ പ്രയോജനപ്രദം.
അക്കാദമിക് തലത്തിൽ ചിത്രകല, ഡിസൈൻ പ്രോഗ്രാമുകളിൽ ലിപികല പഠിക്കാനുണ്ട്. ഐഐടി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ ഡിസൈൻ ബിരുദ പ്രോഗ്രാമിന്റെയും ഭാഗമായും രാജ്യത്തെ മിക്ക ഫൈൻ ആർട്സ് കോളജുകളിലും അപ്ലൈഡ് ആർട്സ് പ്രോഗ്രാമിന്റെ ഭാഗമായും ഇതു പഠിപ്പിക്കുന്നു.
ഇനി ഇങ്ങനെ ഒരു വഴി തിരഞ്ഞെടുക്കുന്നവർക്ക് വരുമാനം ഉണ്ടാക്കാനുള്ള വഴിയും നിരവധിയുണ്ട്. സിനിമാ ടൈറ്റിൽ, ബുക്ക് കവർ, പരസ്യ മേഖലകളിലാണ് കൂടുതൽ തൊഴിൽ സാധ്യത. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ അലങ്കാരമെന്ന രീതിയിൽ കലിഗ്രഫി ചെയ്ത ബോർഡുകളും ഫലകങ്ങളും സ്ഥാപിക്കുന്നവരുണ്ട്. ഇത്തരം എഴുത്തു ജോലികൾ വഴി വരുമാനമുണ്ടാക്കുന്നവരും ഏറെ. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് പലരും ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ലോഗോ രൂപകൽപനയാണ് മറ്റൊരു വഴി. ചെറിയ സ്ഥാപനങ്ങൾ മുതൽ കോർപറേറ്റ് കമ്പനികൾ വരെ ലോഗോ രൂപകൽപനയ്ക്ക് കലിഗ്രഫർമാരെ ആശ്രയിക്കാറുണ്ട്. സമൂഹ മാധ്യമ കൂട്ടായ്മകൾ വഴി ഓർഡർ സ്വീകരിച്ച് കലിഗ്രഫി വർക്കുകൾ ചെയ്തുകൊടുത്തു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
സാങ്കേതികത അത്രമാത്രം വളർന്ന സാഹചര്യത്തിൽ ഓൺലൈൻ ആയും മറ്റും കാലിഗ്രഫി പഠിക്കാനും നിരവധി അവസരങ്ങൾ ഉണ്ട്. അത് പോലെ തന്നെ സ്കൂൾ വിദ്യഭ്യാസ മുതൽ തന്നെ ഇങ്ങനെയുള്ള സർഗാത്മകത ഉണർത്തുന്ന രീതികളെ ഉൾപ്പെടുത്തുകയും ചെയ്യാം.