കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് CUETയുടെ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി സര്‍വ്വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും പ്രവേശനത്തിന് ഈ പൊതു പ്രവേശന പരീക്ഷയിലെ സ്‌കോറുകളായിരിക്കും മാനദണ്ഡമാവുക. സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനത്തിനും ഇത് ഉപയോഗിക്കാം.

നിലവില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍വകലാശാല മുന്‍ വര്‍ഷങ്ങളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാര്‍ത്ഥികൾക്ക് ഈ വര്‍ഷവും പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അവർക്കും CUET പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടാകും.

CUET 2022 കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) ആയാണ് നടത്തുക. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും പരീക്ഷയിൽ ഉൾപ്പെടുത്തുക. പ്രവേശന പരീക്ഷ സെക്ഷന്‍ IA, IB, II, III എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തമിഴ്, കന്നഡ, മറാത്തി, മലയാളം, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, പഞ്ചാബി, തെലുങ്ക്, ഒഡിയ, ഗുജറാത്തി, ഉറുദു എന്നിവയുള്‍പ്പെടെ ആകെ 13 ഭാഷകള്‍ സെക്ഷൻ IAയിലുണ്ടാകും. വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനവും ഒരു ഇന്ത്യന്‍ ഭാഷയിലുള്ള പ്രാവീണ്യവുമാണ് പരിശോധിക്കുക.

സെക്ഷന്‍ IBയില്‍ സ്പാനിഷ്, ജര്‍മ്മന്‍, നേപ്പാളി, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങി 19 ഭാഷകള്‍ ഉണ്ടാകും. IA, IB വിഭാഗങ്ങളിൽ നിന്ന് പരമാവധി 3 ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികൾക്ക് കഴിയും. തിരഞ്ഞെടുത്ത ഓരോ ഭാഷയിലും ആകെയുള്ള 50 ചോദ്യങ്ങളില്‍ 40 ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉത്തരമെഴുതണം. റീഡിങ് കോംപ്രഹെൻഷനിലൂടെ ഭാഷാ പരിജ്ഞാനം പരിശോധിക്കും. ഓരോ ഭാഷയിലെയും പേപ്പറിന് ഉത്തരമെഴുതാൻ വിദ്യാര്‍ത്ഥികള്‍ക്ക് 45 മിനിറ്റ് സമയം ലഭിക്കും.

സെക്ഷന്‍ IIല്‍ അക്കൗണ്ടന്‍സി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് തുടങ്ങിയ 27 വിഷയങ്ങള്‍ ഉള്‍പ്പെടും. നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 6 വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. വിഭാഗം IIല്‍ വിദ്യാര്‍ത്ഥികള്‍ 50ല്‍ 40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഓരോ വിഷയത്തിലെയും പേപ്പറിന് 45 മിനിറ്റ് ലഭിക്കും.

വിഭാഗം III ഒരു പൊതു പരീക്ഷയായിരിക്കും. അതില്‍ മൊത്തം 75 ചോദ്യങ്ങളില്‍ 60 ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉത്തരം എഴുതണം. 60 മിനിറ്റാണ് ലഭിക്കുക. സമകാലിക വിഷയങ്ങള്‍, ന്യൂമെറിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!