കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ 2022 ജൂലൈ 12 മുതൽ 23 വരെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉൽഘാടനം സർവകലാശാല വൈസ്-ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ നിർവഹിച്ചു. തുടർന്ന് “Affordable Clean Water using Advanced Materials” എന്ന വിഷയത്തിൽ മദ്രാസ് ഐ.ഐ.ടി കെമിസ്ട്രി വിഭാഗം ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രൊഫസർ, ഡോ. ടി പ്രദീപ് പ്രഭാഷണം നടത്തി. ഭാവിയിൽ ശുദ്ധജല ലഭ്യതയും ആവശ്യകതയും തമ്മിൽ വലിയ അന്തരമുണ്ടാവുമെന്നും മലിന ജലം ശുദ്ധീകരിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാനോ സാങ്കേതിക വിദ്യയിലൂടെ ചെലവ് കുറഞ്ഞ രീതിയിൽ ജല ശുദ്ധീകരണം നടത്തുന്നതിൽ അദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും ഈ മേഖലയിൽ ഗവേഷണത്തിനുള്ള അനന്ത സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇദ്ദേഹം കണ്ടുപിടിച്ച കുടിവെള്ളത്തിൽ നിന്നും കീടനാശിനി അംശം നീക്കംചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ ഏകദേശം 10 ദശലക്ഷം ആളുകളിൽ എത്തിയതായി കണക്കാക്കപ്പെടുന്നു. ഓരോ ദിവസവും ഏകദേശം 2 ദശലക്ഷം ആളുകൾക്ക് ആഴ്സനിക് രഹിത ജലം എത്തിക്കുന്നതിൽ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. ഈ സംവിധാനം വികസിപ്പിച്ചതിന് 2022ലെ അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് ഡോ. ടി പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു.

2020 ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച ഇദ്ദേഹത്തിന് 2020 ലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നിക്കി ഏഷ്യ പ്രൈസ്, 2018 ലെ ദി വേൾഡ് അക്കാദമി ഓഫ് സയൻസസ് (TWAS) പ്രൈസ്, 2008 ൽ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് എന്നിവ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സെമിനാറിൽ പ്രൊ-വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സാബു എ, സിണ്ടിക്കേറ്റ് അംഗം പ്രൊഫ.(ഡോ .) ശ്രീജിത്ത് കെ, രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ.(ഡോ.) ജോബി കെ.ജോസ്, റിസർച് & ഡവലപ്മെന്റ് സെൽ ഡയറക്ടർ പ്രൊഫ. (ഡോ.) അനിൽ രാമചന്ദ്രൻ, രസതന്ത്ര വിഭാഗം മേധാവി പ്രൊഫ(ഡോ.)എസ്. സുധീഷ് എന്നിവരും സംസാരിച്ചു. കണ്ണൂർ സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകരും, ഗവേഷകവിദ്യാർത്ഥികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!