Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ഇന്ന്, നേഴ്സ് ആവാൻ ആഗ്രഹിക്കുന്ന അധികമാളുകളും ചൂസ് ചെയ്യുന്ന ബി എസ് സി നഴ്സിങ്ങിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് ഒരു 4 വർഷ പ്രൊഫെഷണൽ കോഴ്സ് ആണ്. ബി എസ് സി നഴ്സിംഗ് കോഴ്സുമായി ബന്ധപ്പെട്ടും നഴ്സിംഗ് കരിയറുമായി ബന്ധപ്പെട്ടുമുള്ള ഒരുപാട് ചോദ്യങ്ങൾക്ക്, അതായത്, എന്തുകൊണ്ട് നഴ്സിംഗ്? എത്രമാത്രം സാധ്യതയുള്ള കരിയറാണ് നഴ്സിംഗ്? ഇത് പെൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയല്ലേ? ഇങ്ങനെ തുടങ്ങി എവിടെയൊക്കെ പഠിക്കാം? അഡ്മിഷൻ എങ്ങനെയാണ്? എൻട്രൻസ് എക്‌സാം ഉണ്ടോ? സാലറിയെക്കുറിച്ച് എന്താണ് പറയാനുള്ളത്? വിദേശ രാജ്യങ്ങളിലുള്ള സാധ്യത എത്രത്തോളമാണ്? തുടങ്ങിയ ചോദ്യങ്ങളുടെയെല്ലാം ഉത്തരമടങ്ങിയതാണ്.

Why Nursing? 

എന്തുകൊണ്ട് നഴ്സിംഗ് എന്ന ചോദ്യത്തിന് ഒരിക്കലും അവസാനിക്കാത്ത കരിയർ സാദ്ധ്യതകൾ എന്നതാണ് ഉത്തരം. മനുഷ്യനുള്ളിടത്തോളം കാലം, ആശുപത്രികളുള്ളിടത്തോളം കാലം, രോഗങ്ങളും രോഗികളുമുള്ളിടത്തോളം കാലം നഴ്സിംഗ് എന്ന കരിയറും ഉണ്ടാവും. അതുകൊണ്ട് നഴ്സിങ്ങിന്റെ ഭാവിയെന്ത്? സ്കോപ്പുണ്ടോ എന്ന ചോദ്യത്തിന് പ്രാധാന്യമില്ല. അപ്പൊ ചോദിക്കാം, അത് മാത്രം നോക്കിയാ മതിയോ? പോരാ. സ്കോപ്പ് മാത്രം നോക്കിയാൽ പോരാ. എല്ലാ കാര്യങ്ങളും നോക്കണം. ശമ്പളം, ജോലി സമയം, റിസ്ക് ഫാക്ടർ, എല്ലാം നോക്കണം. ജോലി ചെയ്യാൻ പോകുന്നത് ആരോഗ്യരംഗത്താണ്. ആശുപത്രികളിൽ ഞാൻ ഇന്ന സമയം മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന് ഒരിക്കലും നമുക്ക് പറയാൻ കഴിയില്ല. രാവും പകലും ജോലി നോക്കേണ്ട ഘട്ടങ്ങളും ഇതിനിടയിൽ വന്നേക്കാം. രോഗികളുടെ വേദന കാണുമ്പോൾ അവരോട് അലിവ് തോന്നുന്നവരായിക്കണം ഒരു നേഴ്സ്. അങ്ങനെ തോന്നാത്ത പക്ഷം വളരെ എളുപ്പം ബോറടിക്കുന്ന ഒരു കാര്യമായി ഈ ജോലി മാറിയേക്കാം. 

Know everything about BSc nursing before studying

റിസ്ക് ഫാക്ടർ കൂടുതലുള്ള ജോലിയാണ്. അതായത് നേഴ്സ് ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടൊക്കെ തന്നെയാണ് നഴ്സുമാരെ ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്നതും. പിന്നെ ഉള്ളത്, പെൺകുട്ടികൾക്ക് മാത്രമുള്ള ജോലി എന്ന അബദ്ധ ധാരണയാണ്. ഒരിക്കലും അങ്ങനെയല്ല. ആൺകുട്ടികൾക്കും ധാരാളം ജോലി സാധ്യതയുള്ള മേഖലയാണ് നഴ്സിംഗ്. ആശുപത്രികളിലെന്ന പോലെ തന്നെ, ഹോം നഴ്സിംഗ് എന്ന മേഖലയിലും ഇന്ന് സാദ്ധ്യതകൾ കൂടി വരികയാണ്. ആളുകളെ വീടുകളിൽ നിന്ന് പരിചരിക്കുക എന്നത് വളരെയേറെ സാധ്യതകളുള്ള, അതെ പോലെ മണിക്കൂറുകൾക്ക് ശമ്പളം ലഭിക്കുന്ന ഒരു ജോലിയാണ്. 

How to become? 

ഇനി എങ്ങനെയാണ് ഒരു നേഴ്സ് ആവുന്നത് എന്നതിലേക്ക് വരാം. ഒരുപാട് ടൈപ്പ് നഴ്സിംഗ് ഉണ്ട്. അതിലൊന്ന് മാത്രമാണ് ബി എസ് സി നഴ്സിംഗ്. ഇത് കൂടാതെ ജനറൽ നഴ്സിംഗ്, ഓക്സിലറി നഴ്സിംഗ്, ആർമി നഴ്സിംഗ് പോലുള്ളവയുമുണ്ട്. അവയെക്കുറിച്ച് മറ്റൊരു വിഡിയോയിൽ പറയാം. ബി എസ് സി നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത + 2 സയൻസ് ആണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. 3  വിഷയങ്ങൾക്കും പ്രത്യേകം 50 % മാർക്ക് ഉണ്ടായിരിക്കണം. കേരളത്തിൽ ബി എസ് സി നഴ്സിംഗ് അഡ്മിഷൻ എടുക്കാൻ എൻട്രൻസ് എക്‌സാമില്ല, പകരം കേരളത്തിലെ നഴ്സിംഗ് കോളേജുകളിലേക്കുള്ള അഡ്മിഷൻ നടത്തുന്നത് 1976 ൽ സംസ്ഥാന സർക്കാർ സ്ഥാപിച്ച എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. ഇന്ഡസ്ട്രികളും ടെക്നിക്കൽ ഇൻസ്റിറ്റ്യൂകളും തമ്മിലുള്ള ഒരു ലിങ്ക് എന്ന നിലയിലാണ് സർക്കാർ ഇങ്ങനെയൊരു സ്ഥാപനം ആരംഭിച്ചത്. 

Colleges & Other Details

കേരളത്തിൽ ആകെ 9 സർക്കാർ നഴ്സിംഗ് കോളേജുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മഞ്ചേരി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ. ഇവ കൂടാതെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയുടെ(SIMET) കീഴിൽ വരുന്ന 4 സ്ഥാപനങ്ങളും, സെന്റർ ഫോർ പ്രൊഫെഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്(CPAS) കീഴിൽ വരുന്ന 6 സ്ഥാപനങ്ങളും, മലബാർ കാൻസർ സെന്ററിന് കീഴിലുള്ള ഒരു നഴ്സിംഗ് കോളേജും, കേരളത്തിലെ 14 ജില്ലകളിലുമായി 112 സ്വകാര്യ നഴ്സിംഗ് കോളേജുകളും ഉണ്ട്. ഇവയിൽ സർക്കാർ നഴ്സിംഗ് കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, മറ്റ് സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്കും അഡ്മിഷൻ നടത്തുന്നത് എൽ ബി എസ് പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. 

Know everything about BSc nursing before studying

ഇതിൽ സർക്കാർ നഴ്സിംഗ് കോളേജുകളിൽ സെമെസ്റ്ററിന് 22070 രൂപയാണ് ഫീ. മറ്റ് സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീ, സ്പെഷ്യൽ ഫീ എന്നിവ സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യസ്‌തമായിരിക്കും. നാലു വർഷമാണ് കോഴ്സ് കാലാവധി. തിയറിയും പ്രാക്ടിക്കലും ഒക്കെയായി കുറെയധികം പഠിക്കാനുണ്ട്. കാരണം ഡോക്ടർമാരുടെ അത്ര തന്നെ ഇല്ലെങ്കിലും ഒരുവിധം കാര്യങ്ങളൊക്കെ തന്നെ പഠിക്കേണ്ടതുണ്ട്. കോഴ്സ് കഴിഞ്ഞ് നേരെ ആശുപത്രികളിൽ നേഴ്സ് ആയി ജോയിൻ ചെയ്യുകയോ, അതല്ലെങ്കിൽ പി എസ് സി എഴുതി സർക്കാർ സർവിസിൽ കയറുകയോ ചെയ്യാം. 

Scope

വിദേശ രാജ്യങ്ങളിലേക്ക് പോവാനും ജോലി ചെയ്യാനുമൊക്കെ വളരെയധികം സാധ്യതകളുള്ള ഒരു കരിയറാണ് നഴ്സിംഗ്. ഇന്ത്യയിലെ സാലറിയും വർക്ക് ലോഡുമൊക്കെ കണക്കിലെടുത്ത് നഴ്സിംഗ് പഠിച്ച് കഴിഞ്ഞ് കുറച്ച് വർഷത്തെ എക്സ്പീരിയൻസ് ആവുന്നതോടെ ഐ ഇ എൽ ടി എസ് , അല്ലെങ്കിൽ ഓ ഇ ടി ഒക്കെ എഴുതിയെടുത്ത് വിദേശത്ത് ചെന്ന് സെറ്റിൽ ചെയ്യുന്നവരാണ് കൂടുതലും. മികച്ച അവസരങ്ങളാണ് പല വിദേശ രാജ്യങ്ങളിലും നേഴ്‌സിങ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്. 

ആതുരസേവനം എന്നത് ഒരിക്കലും ഒരു ജോലിയായി മാത്രം കൺസിഡർ ചെയ്യേണ്ട ഒന്നല്ല. മറിച്ച് അത് ആളുകളുടെ വേദന അകറ്റുന്ന, അവരെ സ്നേഹത്തോടെ പരിചരിക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. പറഞ്ഞുവന്നത്, നഴ്സിംഗ് കെയർ എന്നൊന്നുണ്ട്. അതാണ് ഒരു നഴ്സിന്റെ ഏറ്റവും വലിയ ഡ്യൂട്ടി, റെസ്പോണ്സിബിലിറ്റി. അല്ലാതെ മരുന്ന് കൊടുക്കലും ഇൻജെക്ഷൻ വെക്കലും മാത്രമല്ല. നഴ്സിംഗ് കരിയറിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങളൊക്കെ മനസ്സിൽ വെച്ചുകൊണ്ട് വേണം ഇറങ്ങാൻ. അപ്പൊ ഓൾ ദി ബെസ്റ്റ്.

Reference : BSc Nurisng courses and colleges 

Read More : ഫാർമസി കോഴ്സുകളെക്കുറിച്ച് അറിയേണ്ടതെല്ലാം