വിദേശങ്ങളലില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനകാലത്ത് താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ചൈനയില്‍ അനുമതി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി. പുതിയ തീരുമാനം ഏറ്റവുമധികം ഗുണകരമാവുക ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും.
ബെയ്ജിങ്ങിലും ഷാങ്ഹായിലുമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ജോലിയോ ഇന്റേണ്‍ഷിപ്പോ ചെയ്യാന്‍ അനുവദിക്കുമെന്ന കാര്യം ചൈനീസ് വിദ്യാഭ്യാസ വകുപ്പാണ് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ തൊഴിലെടുക്കുന്നതിന് ആ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചൈനീസ് ഇമിഗ്രേഷന്‍ വകുപ്പിന്റെയും അനുമതിയും അംഗീകാരവും ആവശ്യമാണ്.
ആഗോളതലത്തില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണ് വിദേശവിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ചൈന കാണുന്നത്. ചൈനയുടെ തൊഴില്‍ശക്തി വര്‍ദ്ധിപ്പിക്കാനും ഈ നടപടി ഉപകരിക്കുമെന്ന സര്‍ക്കാര്‍ വിലയിരുത്തുന്നു. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ തന്നെ തൊഴില്‍ തേടുന്നതിന് അനുമതി നല്‍കുന്ന കാര്യവും പരിഗണനയിലാണ്.
205 രാജ്യങ്ങളില്‍ നിന്നുള്ള 4,42,000 വിദേശ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ കഴിഞ്ഞ വര്‍ഷം പഠിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 11.07 ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. ഇന്ത്യയില്‍ നിന്ന് 15,000 വിദ്യാര്‍ത്ഥികള്‍ ചൈനയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെക്കാളും ചൈനയില്‍ ഫീസ് കുറവാണെന്നതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി അവിടേക്കു പോകാന്‍ കാരണം.