ഷാജി പാപ്പന്റെ മുണ്ടും പ്രേമത്തിലെ നിവിന്റെ വേഷവുമെല്ലാം ആ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയ സമയത്ത് വൈറൽ ആയിരുന്നല്ലോ. ആരുടേതായിരിക്കാം ആ ഡിസൈൻ ആശയങ്ങൾ? സംശയം വേണ്ട, ആ ചിത്രങ്ങളിലെ ഫാഷൻ ഡിസൈനർമാരുടേത് തന്നെ.
ഡിസൈൻ, സൗന്ദര്യാത്മകത, നൈസർഗികത എന്നതിനെ വസ്ത്രധാരണത്തിലേക്കും അതിന്റെ ആക്സസ്സറീസിലേക്കും കൊണ്ടു വരിക എന്നതാണ് ഫാഷൻ ഡിസൈൻ. സമയം, സ്ഥലം, എന്നിവയ്ക്ക് വളരെ വലിയ പങ്കുണ്ട്, നാടും കാലവും മാറുന്നതിനനുസരിച്ച് വേഷവും കോലവും മാറും. സമൂഹത്തിനും സംസ്‌കാരത്തിനും ഫാഷൻ ഡിസൈനിൽ പ്രസക്തമായ സ്‌ഥാനമുണ്ട്, കാര്യമായ സ്വാധീനമുണ്ട്. ബ്രേസ്ലെറ്റ്, നെക്ക്ലസ് മുതലായ ആക്സസ്സറീസ്, വസ്ത്രങ്ങൾ എന്നിങ്ങനെ ഫാഷൻ ഡിസൈനിങ്ങിൽ തന്നെ പല ഘടകങ്ങളുണ്ട്. മാർക്കറ്റിലോട്ട് ഡിസൈൻ ചെയ്ത ഉത്പന്നങ്ങൾ എത്തുന്ന സമയം കൂടി കണക്കിലെടുത്തു കൊണ്ടാണ് ഡിസൈൻ ചെയ്യേണ്ടത്, അത്യന്തം സമയാധിഷ്ഠിതമാണ് ഈ മേഖല.
ഫിലിം അവാർഡ്, അന്താരാഷ്ട്ര ഇവന്റുകൾ, റെഡ് കാർപ്പറ്റ് ആഘോഷങ്ങൾ, എന്നിവിടെയൊക്കെ താരങ്ങൾ അണിനിരക്കുമ്പോൾ, അവർക്കൊക്കെ ഒരു സ്റ്റൈലിസ്റ്റ് ഉറപ്പായും ഉണ്ടാകും. പലപ്പോഴും അണിഞ്ഞിരിക്കുന്ന വസ്ത്രം കൊണ്ട് തന്നെ ജനശ്രദ്ധ ലഭിക്കുമ്പോൾ അവിടെ വിജയിക്കുന്നത് ആ ഫാഷൻ ഡിസൈനറാണ്. ഫാഷൻ മേഖലയെ പറ്റിയുള്ള വ്യക്തമായ അവബോധം, ജനങ്ങളുടെ താത്പര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവ്, നിറങ്ങൾ, ഡിസൈനുകൾ, എന്നിവയൊക്കെ തിരഞ്ഞെടുത്ത് വ്യത്യസ്തവും എന്നാൽ ആകർഷണീയവുമായ വസ്ത്രങ്ങളും മറ്റും ഉണ്ടാക്കിയെടുക്കുവാനുള്ള ശേഷി, ആത്മവിശ്വാസം, എന്നിവ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കുമൊരു ഫാഷൻ ഡിസൈനർ ആകാം.
ഫാഷൻ, ഇന്റീരിയർ, ആൻഡ് ടെക്സ്റ്റൈൽ ഡിസൈൻ, ആക്സസ്സറി ഡിസൈൻ, ഫാഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ മുതലായ ബിരുദ കോഴ്‌സുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഗുജറാത്തിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID), ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT), ഡൽഹി, നോയിഡ, മുംബൈ , ജയ്‌പൂർ എന്നിവിടങ്ങളിലെ പേൾ അക്കാദമി ഓഫ് ഫാഷൻ, പുണെയിലെ സിംബയോസിസ് സെന്റർ ഓഫ് ഡിസൈൻ, പഞ്ചാബിലെ നോർത്തേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി എന്നിവയാണ് ഫാഷൻ ഡിസൈനിങ്ങിന് പ്രാമുഖ്യം നൽകുന്ന പ്രധാന ഇൻസ്റ്റിറ്റ്യൂട്ടുകൾ.