ഒരു ആഡംബരം എന്നതിൽ നിന്ന് ഒരു അവശ്യവസ്തു എന്ന നിലയിലേക്കുള്ള കമ്പ്യൂട്ടറുകളുടെ കുതിപ്പ് വളരെ വേഗത്തിലായിരുന്നു. ഇന്ന് പാഠ്യപദ്ധതികളുടെയും ഉന്നത പദവിയികളിലെ ഒഴിവുകൾക്കുള്ള അത്യാവശ്യ കഴിവുകളുടെ നിരയിലെയും പ്രധാനിയാണ് കമ്പ്യൂട്ടർ. അനന്തമായ സാദ്ധ്യതകളാണ് ഇത് മനുഷ്യന് തുറന്നു നൽകിയത്. എന്നാലും, ആരാണീ കമ്പ്യൂട്ടർ സിസ്റ്റംസ് അനലിസ്റ്റുകൾ?

ഇൻഫർമേഷൻ ടെക്‌നോളജി അഥവാ ഐ.ടി. മേഖലയിലെ വിശകലന വിദഗ്ദ്ധരാണിവരെന്ന് വിശേഷിപ്പിക്കാം. സാമ്പത്തിക മേഖലയുടെയും ശാസ്ത്ര സാങ്കേതികതയുടെയു പരിജ്ഞാനം ആഴത്തിലുള്ളവരാണ് ഇക്കൂട്ടർ. കമ്പനിയിലെ കമ്പ്യൂട്ടറുകളുടെ എണ്ണവും പ്രവർത്തനവും വിശകലനം ചെയ്ത്, ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെലവ് ചുരുക്കിക്കൊണ്ട്, ഉത്പാദനം പരമാവധിയാക്കുക എന്നതാണ് ഒരു കമ്പ്യൂട്ടർ സിസ്റ്റംസ് അനലിസ്റ്റ് ചെയ്യുക. സാമ്പത്തികലാഭങ്ങൾ നേടാൻ വേണ്ട തന്ത്രങ്ങൾ വിലയിരുത്തുക എന്നതാണ് ലക്ഷ്യം. സിസ്റ്റംസ് അനലിസ്റ്റുകൾ പലപ്പോഴും കഴിവുറ്റ ഡിസൈനർമാരോ കമ്പ്യൂട്ടർ കോഡർമാരോ ആയിരിക്കും.

കമ്പനിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്‌മെന്റ് അഥവാ ആർ.ഒ.ഐ. കൂട്ടുക എന്നതാണ് സിസ്റ്റംസ് അനലിസ്റ്റിന്റെ കർത്തവ്യം. സ്ഥാപിതമായ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം പരിശോധിച്ച് ക്ഷമത വിലയിരുത്തുക, പുത്തൻ സാങ്കേതിക വിദ്യകൾ ആവശ്യ സമയത്ത് വിനിയോഗിച്ച് സിസ്റ്റങ്ങൾ അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുക, മറ്റ് ഉദ്യോഗസ്ഥർ ആ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ട്രബിൾ ഷൂട്ട് ചെയ്ത് അതിന് പരിഹാരം കണ്ടെത്തുക എന്നതൊക്കെ ജോലിയുടെ ഭാഗമാണ്. ഒട്ടേറെ കമ്പനികൾ ഇന്ന് ജന്മമെടുത്തു വരുന്നതും, ഏതൊരു മേഖലയിലും കമ്പ്യൂട്ടർ അനിവാര്യ ഘടകമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, സാമ്പത്തികമായി ഒരു കമ്പനി നിലനിൽക്കണമെങ്കിൽ ഈ വിദഗ്ധരുടെ സേവനം അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ ജോലിക്ക് ആവശ്യകത വർദ്ധിച്ച് വരുന്നു.

പുത്തൻ സാങ്കേതിക വിദ്യകളുടെ അറിവ്, കമ്പ്യൂട്ടർ-ശാസ്ത്ര-സാമ്പത്തിക മേഖലകളിലെ ജ്ഞാനം, യുക്തി, പെട്ടെന്ന് കണക്കുകൂട്ടലുകൾ ചെയ്യാനുള്ള മികവ്, ക്രിയാത്മകത, എന്നിവയെല്ലാം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ടെക്നോളജി അഥവാ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ (ബി.ടെക്ക്., ബി.സി.എ., എം.ടെക്ക്., എം.സി.എ.) ഈ ജോലിക്ക് അനുയോജ്യമാണ്. രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടികൾ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടികൾ) എന്നീ ഇൻസ്റിറ്റ്യൂട്ടുകളിൽ ഇതു സംബന്ധിച്ച പ്രധാനപ്പെട്ട കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!