ഇന്ന് പല വാർത്തകളും നമ്മൾ അറിയുന്നത് സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ്. ഇന്ന് നമ്മൾ പിറന്നാളാശംസകൾ പങ്ക് വയ്ക്കുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും ട്വിറ്ററിലെ ട്വീറ്റുകളിലൂടെയുമാണ്. ലോകം മാറിയിരിക്കുന്നു! നവമാധ്യമങ്ങളുടെ ഈ കാലത്ത് സമൂഹത്തിന്റെ ശ്വാസം അറിയുന്നത് മേൽപ്പറഞ്ഞ സോഷ്യൽ മീഡിയകളാണ്. സമൂഹ മാധ്യമങ്ങളാണ് ഇന്ന് പൊതുജന അഭിപ്രായ രൂപീകരണത്തിൽ സർവ്വപ്രധാനമായ പങ്ക് നിർവ്വഹിക്കുന്നത്. ഒരു വസ്തു അല്ലെങ്കിൽ ഒരു കമ്പനി അല്ലെങ്കിൽ ഒരു സ്ഥലം, അത് എന്താണ്, എങ്ങനെയാണ്, എവിടെയാണ്, എന്ന് തുടങ്ങി വിശാലമായ വ്യക്തിഗത അഭിപ്രായ രേഖപ്പെടുത്തലുകൾക്ക് സ്ഥനം നൽകിയതുകൊണ്ടു തന്നെയാണ് ഈ മാധ്യമങ്ങൾ ഇത്രയധികം ജനപ്രിയമായത്.
ഏറ്റവുമധികം മാർക്കറ്റിങ് ഇന്ന് നടക്കുന്നതും സമൂഹ മാധ്യമങ്ങളിൽ കൂടി തന്നെയാണ്. വിപണിയിലെ ഒരു ഉത്പന്നം ഉപയോഗിച്ച് വിലയിരുത്തി മാധ്യമങ്ങളിൽ കൂടി അഭിപ്രായങ്ങൾ നൽകുന്നവരുടെ എണ്ണവും, ഇവ ശേഖരിച്ച് താരതമ്യം ചെയ്ത മാത്രം വസ്തുക്കൾ വാങ്ങുന്നവരുടെ എണ്ണവും വളരെ വേഗത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഏതൊരു പ്രമുഖ കമ്പനിയെ ബ്രാൻഡോ ആയിക്കൊള്ളട്ടെ ഇന്നത്തെ കാലത്ത്, ഇപ്പോഴും ആക്റ്റീവ് ആയ ഒരു ഫേസ്‌ബുക്ക് പേജും ട്വിറ്റെർ ഹാൻഡിലും മെസഞ്ചറുമൊന്നുമില്ലെങ്കിൽ വളരുക പ്രയാസമാണ്. കടകളുടെ പുത്തൻ ഓഫറുകളാകട്ടെ, ഒരു പുതിയ സ്റ്റാർട് ആപ്പ് ആകട്ടെ, നടക്കാൻ പോകുന്ന പ്രോഗ്രാമുകളാകട്ടെ, ഇവയൊക്കെ തന്നെ പൊതുജനം ഇന്നു സോഷ്യൽ മീഡിയ വഴിയാണറിയുന്നത്.
ആയതൊക്കെ കൊണ്ട് തന്നെ വളരെ ഉത്തരവാദിത്വപൂർണ്ണമായി കൈകാര്യം ചെയ്യണ്ട ഒരു ജോലിയാണ് സോഷ്യൽ മീഡിയ മാനേജരുടേത്. സമൂഹ മാധ്യമങ്ങൾ വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനറിയണം എന്നത് തന്നെയാണ് ഏറ്റവും നിർണ്ണായകം. പെയിഡ് പ്രമോഷനുകൾ കൂടി വന്നതോടെ സാദ്ധ്യതകൾ ഒട്ടേറെയാണ്. നമ്മുടെ ഏതൊക്കെ പോസ്റ്റുകൾ ബൂസ്റ്റ് ചെയ്ത്, ഏതൊക്കെ പ്രായത്തിലുള്ള, സ്ഥലത്തുള്ള, വിഭാഗത്തിലുള്ള, ആൾക്കാർ കാണണം എന്ന് തിരഞ്ഞെടുക്കുവാനും വളരെ ചുരുങ്ങിയ ചെലവ് കൊണ്ട് കാര്യക്ഷമമായി അഡ്വെർടൈസിങ് നടത്തുവാനും ഇന്ന് സാദ്ധ്യമാണ്. ഭാഷാപ്രാവീണ്യവും ആശയവിനിമയ മികവും ജോലിക്ക് ഗുണം ചെയ്യും.
യൂട്യൂബ് പോലത്തെ മാധ്യമങ്ങൾക്കായി വിഡിയോകൾ നിർമ്മിക്കുകയും അനുയോജ്യമായ കണ്ടന്റ് പേജുകളിലൂടെയും മറ്റും ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നത് ജോലിയുടെ ഭാഗമാണ്. മാസ്സ് കമ്യുണിക്കേഷൻ കോഴ്‌സുകൾ ജോലിക്ക് സഹായകമാണ്. എന്നാൽ പ്രവർത്തന പരിചയവുമാണ് സർവ്വ പ്രധാനം. ടാലന്റ് എഡ്ജ്, ഡിജിറ്റൽ വിദ്യ, സിംപ്ലി ലേൺ മുതലായ ഓൺലൈൻ സോഷ്യൽ മീഡിയ മാർക്കറ്റിങ് കോഴ്‌സുകളും, ഡൽഹി സ്‌കൂൾ ഓഫ് ഇന്റർനെറ്റ് മാർക്കറ്റിങ് (ഡി.എസ്.ഐ.എം.), മുംബൈയിലെ ലേണിംഗ് കാറ്റലിസ്റ്റ്, മുംബൈയിലെ തന്നെ ഡിജിറ്റൽ മാർക്കറ്റിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഒരു വർഷ ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് ബിരുദാനന്തര ബിരുദ കോഴ്സ്) തുടങ്ങിയവയുടെ കോഴ്‌സുകളും വർക്ക്ഷോപ്പുകളും ഈ ജോലിയിലേക്ക് പ്രവേശനമൊരുക്കും.