പാനും ലാനും മാനും വാനും ഒക്കെയുണ്ടാക്കുന്നത് ഇവരാണെന്നേ!
ഡാറ്റ ആശയവിനിമയ നെറ്റ്വർക്കുകൾ രൂപകല്പന ചെയ്യുക എന്നതാണ് പ്രധാനമായും കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ആർക്കിട്ടെക്ടുരുടെ ജോലി. ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (എൽ.എ.എൻ.), വൈഡ് ഏരിയ നെറ്റ്‌വർക്ക് (ഡബ്ല്യൂ.എ.എൻ.) എന്നിവയെല്ലാം ഇതിലുൾപ്പെടും. രണ്ട് ഓഫിസുകൾ തമ്മിലുള്ള നെറ്റ്‌വർക്കുകൾ മുതൽ അന്താരാഷ്ട്ര കമ്പനിയുടെ ലോകത്താകെയായിട്ടുള്ള പല കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്നതിന്റെ വരെ ചുമതല ഇവർക്കാണ്.
പ്രവർത്തിക്കുന്ന കമ്പനിയുടെ ബിസിനസ്സ് താത്പര്യങ്ങളെ പറ്റിയും തന്ത്രങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ടായാൽ മാത്രമേ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളൂ. എങ്കിലേ കമ്പനിയുടെ ലക്ഷ്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ നെറ്റ്‌വർക്കുകൾ ഡിസൈൻ ചെയ്യാനും സ്ഥാപിക്കാനും കഴിയൂ.
കമ്പനിക്ക് ഏറ്റവും അനുയോജ്യവും സാമ്പത്തിക ലാഭമുണ്ടാക്കുന്നതുമായ നെറ്റ്‌വർക്ക് രൂപരേഖ തയ്യാറാക്കി, അതവതരിപ്പിച്ച്, ആശയവിനിമയത്തിന്റെ ഭദ്രത അഥവാ സെക്യൂരിറ്റി ഉറപ്പു വരുത്തി, റൂട്ടറുകൾ അഡാപ്റ്ററുകൾ തുടങ്ങി എന്തൊക്കെ ഉപകരണങ്ങൾ വേണമെന്ന് തീരുമാനിച്ച്, നെറ്റ്‌വർക്ക് കേബിളുകളും ഉപകരണങ്ങളും എവിടെയൊക്കെ എങ്ങനെയൊക്കെ ഘടിപ്പിക്കണമെന്നു വിലയിരുത്തി, കമ്പനിയുടെ ഭാവിയിൽ ഇതിനെന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് നിരീക്ഷിക്കുന്നത് വരെയും ജോലിയുടെ ഉത്തരവാദിത്വങ്ങൾ നീളുന്നു. മേഖലയിൽ 5 തൊട്ട് 10 വരെ വർഷങ്ങൾ പ്രവൃത്തി പരിചയമുള്ളക്കർക്ക് മാത്രമേ സാധാരണയായി ഈ അവസരം ലഭിക്കൂ. ഇതു കൂടാതെ, വിശകലന മികവ്, സൂക്ഷ്മ നിരീക്ഷണം, ആശയവിനിമയ മികവ്, നേതൃത്വ പാടവം, എന്നിവയും ജോലിക്കാനിവാര്യമാണ്.
കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ബിരുദമാണ് പല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത്. എൻജിനിയറിങ് കഴിഞ്ഞവർക്കും മേഖലയിലേക്ക് പ്രവേശിക്കാവുന്നതാണ്. നെറ്റ്‌വർക്ക് ആർകിടെക്‌ചറിലെ ഉന്നത പദവികളാണ് ലക്ഷ്യമെങ്കിൽ ബിരുദാനന്തര ബിരുദം സഹായകമാണ്. മാനേജ്മെന്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നത് നല്ലതാണ്.