കാലിക്കറ്റ്​ സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന്​ ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ച്​ മണിവരെ അപേക്ഷിക്കാം. 1.20 ലക്ഷം അപേക്ഷകളാണ്​ ഇതുവരെ ലഭിച്ചത്​. 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിക്കും.

സീറ്റുകൾ ആവശ്യമുള്ള കോളജുകൾ അപേക്ഷ നൽകണം. ഈ സീറ്റുകളുടെ എണ്ണം കൂടി ഏകജാലക പ്രവേശനത്തിൽ തുടക്കം മുതൽ ഉൾപ്പെടുത്താനാണ്​ ശ്രമിക്കു​ന്നത്​. ഇതോടെ ആദ്യ അലോട്ട്​മെൻറിൽതന്നെ കൂടുതൽ പേർക്ക്​ പ്രവേശനം ഉറപ്പാകും.

എന്നാലും ​മെറിറ്റ്​ സീറ്റിലടക്കം മികച്ച മാർക്കുള്ളവർക്കും പ്രവേശനം കടുപ്പമാകുമെന്നാണ്​ സൂചന. 90,000 ത്തിലേറെ ബിരുദ സീറ്റുകളുണ്ടാകുമെന്നാണ്​ പ്രതീക്ഷ. കഴിഞ്ഞ വർഷം മാനേജ്​മെൻറ്​, കമ്യൂണിറ്റി ക്വാട്ടയിലടക്കം 1.35 ലക്ഷത്തോളം അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ ഈ വിഭാഗത്തിലെ അപേക്ഷകരും ഉൾപ്പെടു​മ്പോൾ 1.32 ലക്ഷത്തിലെത്തിയേക്കും. മാനേജ്മെൻറ്​ സീറ്റുകൾ ഒഴികെയുള്ള 38092 സീറ്റുകളായിരുന്നു കഴിഞ്ഞ വർഷം ട്രയൽ അലോട്ട്​മെൻറിലുണ്ടായിരുന്നത്​.

പ്ലസ്​ടുവിന്​ ഫുൾ എ പ്ലസ്​ നേടിയവരുടെ എണ്ണം വർധിച്ചതിനാൽ പ്രവേശനത്തിനുള്ള ഇൻഡക്​സ്​ മാർക്ക്​ ഉയരും. 95 ശതമാനത്തിലേറെ മാർക്കുള്ളവർക്കും സീറ്റുറപ്പില്ലാത്ത അവസ്​ഥ മുൻ വർഷങ്ങളിലുമുണ്ടായിരുന്നു.

മൂന്ന്​ അലോട്ട്​മെൻറുകൾക്കുശേഷം സെപ്​റ്റംബർ 30 നകം ഒന്നാം സെമസ്​റ്റർ ബിരുദ ക്ലാസുകൾ തുടങ്ങും. ഒക്​ടോബർ ഒന്നിനകം ക്ലാസ് തുടങ്ങണമെന്നാണ്​ യു.ജി.സി നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here