പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഇതിനായി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ന് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു നവ സംരംഭകനെ സംബന്ധിച്ചിടത്തോളം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തുക എന്നതാണ്. ഒട്ടനേകം സംരംഭകത്വ വായ്പാ പദ്ധതികള്‍ യുവാക്കള്‍ക്കായി സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ PMEGP (Prime Ministers Employment Generation Program) പദ്ധതിയെ പറ്റി നമുക്ക് കൂടുതല്‍ മനസ്സിലാക്കാം.

തുടക്കത്തിലേ ഒരു കാര്യം പറയട്ടെ, PMEGP വായ്പ നിലവില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് ലഭിക്കില്ല. പാര്‍ട്ടണര്‍ഷിപ്‌ സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. സംരംഭകത്വ ആശയമുള്ള, പതിനെട്ടു വയസ്സ് പൂര്‍ത്തിയാക്കിയ വ്യക്തികള്‍ക്ക് വായ്പയ്ക്കായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷകര്‍ എട്ടാം ക്ലാസ്സ് വിജയിച്ചവരായിരിക്കണം. അപേക്ഷകന്‍റെ വരുമാന പരിധി PMEGP വായ്പ പദ്ധതിയില്‍ ബാധകമല്ല.

നിര്‍മ്മാണ യൂണിറ്റുകള്‍ക്കും, സേവന സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നുണ്ട്.  എന്നാല്‍  മത്സ്യ-മാംസ സംസ്കരണം-വിപണനം, പുകയില, മദ്യം, ഡെലിവറി വെഹിക്കിള്‍, കാര്‍ഷികം, പ്ലാസ്റ്റിക്‌ കാരിബാഗ്‌ നിര്‍മാണം തുടങ്ങിയ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കില്ല. നിർമാണ യൂണിറ്റുകള്‍ക്ക് പത്തു ലക്ഷത്തിനു മുകളിലും (പരമാവധി: 25 ലക്ഷം) സേവന സ്ഥാപനങ്ങള്‍ക്ക് അഞ്ചു ലക്ഷത്തിനു മുകളിലും (പരമാവധി: 10 ലക്ഷം) വായ്പ ലഭിക്കും.

PMEGP വായ്പ ലഭിക്കുന്നതിനായി ജില്ല വ്യാവസായകേന്ദ്രം, ഖാദി ബോര്‍ഡ്‌, ഖാദി കമ്മീഷന്‍ എന്നീ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. വായ്പ അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഇല്ല. അപേക്ഷ ഓണ്‍ലൈന്‍ ആയും നല്‍കാവുന്നതാണ്. അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് വായ്പ ലഭിക്കാന്‍ യോഗ്യതയുള്ളവരെ തിരെഞ്ഞെടുക്കുന്നത്. അപേക്ഷ  സമർപ്പിക്കുമ്പോൾ  വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്‌, ജാതി സര്‍ട്ടിഫിക്കറ്റ്, DPR എന്നിവ അപേക്ഷയോടൊപ്പം നല്‍കേണ്ടതുണ്ട്.

അനുവദിച്ചു കിട്ടുന്ന പദ്ധതി തുകയുടെ 10% അപേക്ഷകര്‍ സ്വയം കണ്ടെത്തേണ്ടതാണ്.  അപേക്ഷകര്‍ക്ക് വായ്പതുകയുടെ 15% മുതല്‍ 35% വരെ സബ്സിഡി ലഭിക്കാവുന്നതാണ്. PMEGP പദ്ധതിയില്‍ വനിതകള്‍, വികലാംഗര്‍, SC/ST, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് വായ്പയില്‍ പ്രത്യേക ഇളവുകള്‍ ഉണ്ട്.

ഒരു പുതിയ സംരംഭംതുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ലഭ്യമായതില്‍ ഏറ്റവും ഗുണകരവും ലളിതവുമായ ഒരു വായ്പാ പദ്ധതി ആണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അതാത് ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!