പ്രായം 15. പക്ഷെ ആള്‍ ചില്ലറക്കാരനല്ല. ഏറോബോട്ടിക്സ് സെവന്‍ ടെക് സൊലൂഷന്‍സ് എന്ന തന്‍റെ സ്വന്തം കമ്പനിയുടെ സിഇഒ കൂടിയായ ഈ കൗമാരക്കാരന്‍റെ പേര് ഹർഷവർധൻ സാല. അഹമ്മദാബാദ് സ്വദേശിയായ പ്രധ്യുമാന്‍സിന്‍ഹ് സാലയുടെയും നിഷബയുടെയും മകനാണ് നമ്മുടെ കഥയിലെ നായകന്‍.

പത്താംവയസില്‍ വീട്ടിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു റിമോട്ട് കണ്‍ട്രോളര്‍ നിര്‍മ്മിച്ചാണ് ഹര്‍ഷവര്‍ധന്‍ തന്‍റെ ‘ടെക്’ ജീവിതത്തിന്‍റെ തുടക്കം കുറിച്ചത്. മത്സരബുദ്ധിയോടെ പഠിക്കേണ്ട പ്രായത്തില്‍ ഇത്തരം കാര്യങ്ങളില്‍ സമയം കളയുന്നെന്ന പതിവ് പരാതികള്‍ ഒന്നും തന്നെ പറയാതെ, തന്‍റെ മകന്‍റെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചതോടെ ഹര്‍ഷവര്‍ദ്ധന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.

വീട്ടില്‍ ഇന്‍റര്‍നെറ്റ് ഇല്ലാത്തത് കൊണ്ട്, തൊട്ടടുത്തുള്ള സൈബര്‍ കഫെകളിലെ നിത്യ സന്ദര്‍ശകനായിരുന്നു ഹര്‍ഷവര്‍ദ്ധന്‍. അവിടെ വച്ചാണ് കുഴിബോംബ് സ്ഫോടനങ്ങള്‍ കാരണം മനുഷ്യര്‍ മരണപ്പെടുന്ന ഒരു വിഡിയോ ഹര്‍ഷവര്‍ധന്‍ കാണാനിടയാവുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയും പുരോഗമിച്ചെങ്കിലും, ഈ ദുരന്തങ്ങള്‍ക്ക് ഒരു പരിഹാരവും കാണാനിതുവരെ സാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ഹര്‍ഷവര്‍ദ്ധന്‍ അതിനായൊരു ഉപകരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മറ്റെല്ലാം മാറ്റി വച്ച് ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി പഠനം ആരംഭിച്ചു. എന്നാല്‍ പല ഭാഗത്തു നിന്നും കുഞ്ഞു ഹര്‍ഷവര്‍ദ്ധന്‍റെ പരീക്ഷണങ്ങള്‍ക്ക് എതിര്‍പ്പ് വന്നു തുടങ്ങി. സ്കൂളും ട്യൂഷനുമൊക്കെയായി, ബാഗും തൂക്കി നടക്കേണ്ട പ്രായത്തില്‍, എടുത്താല്‍ പൊങ്ങാത്ത വിഷയത്തില്‍ ചെന്ന് ചാടിയ ഹര്‍ഷനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനായി എല്ലാവരും മത്സരിച്ചു.

തന്‍റെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്ന ഹര്‍ഷവര്‍ദ്ധന്‍, പരീക്ഷണങ്ങളുമായി മുന്നോട്ട് തന്നെ പോയി. പരീക്ഷണോപകരണങ്ങളുമായി പല കമ്പനികളെയും സമീപിച്ചെങ്കിലും എല്ലായിടത്തുനിന്നും തിരസ്‌ക്കാരമാണുണ്ടായത്. അത് സ്വന്തം കമ്പനിയെന്ന തീരുമാനത്തിലേക്ക് ഹര്‍ഷനെ എത്തിക്കുകയായിരുന്നു. കഠിനമായ ശ്രമത്തിനൊടുവില്‍ രണ്ടു വര്‍ഷം മുന്‍പാണ് ഹര്‍ഷവര്‍ധന്‍ തന്‍റെ ആദ്യത്തെ ഡ്രോണ്‍ പുറത്തിറക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് യുദ്ധഭൂമികളിലുള്ള ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനും ഉള്ള ഒരു സംവിധാനമായിരുന്നു അത്.

ഗുജറാത്ത് സര്‍ക്കാരുമായി അഞ്ചു കോടി രൂപയുടെ ധാരണ പത്രത്തില്‍ ഒപ്പ് വച്ച ഹര്‍ഷവര്‍ദ്ധന്‍റെ ഏറോബോട്ടിക്സ് എന്ന കമ്പനിയ്ക്ക്, ഇതിന്‍റെ നിര്‍മ്മാണത്തിനായിസംസ്ഥാന ശാസ്ത്ര-സാങ്കേതിക മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തു. ഇന്‍ഫ്രാറെഡ്, ആര്‍.ജി.ബി സെന്‍സര്‍, തെര്‍മല്‍ മീറ്റര്‍, 21 മെഗാ പിക്സല്‍ കാമറ, ഷട്ടര്‍ എന്നിവയാണ് സാലയുടെ ഡ്രോണിന്‍റെ പ്രധാന ഭാഗങ്ങള്‍. ഭൂനിരപ്പില്‍നിന്ന് രണ്ടടി ഉയരത്തില്‍ പറന്ന് എട്ട് ചതുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ തരംഗങ്ങള്‍ അയക്കുന്ന ഡ്രോണ്‍, കുഴിബോംബുകള്‍ കണ്ടത്തെിയാല്‍ അതിന്‍റെ സ്ഥാനം ഡ്രോണ്‍ നിയന്ത്രിക്കുന്ന സ്റ്റേഷനിലേക്ക് തിരിച്ച് സിഗ്നല്‍ വഴി അറിയിക്കും. സാലയുടെ ഡ്രോണിന് 50 ഗ്രാം ഭാരമുള്ള ബോംബ് വഹിച്ച് പറക്കാനുള്ള ശേഷിയുമുണ്ട്.

ഇന്ത്യന്‍ ആര്‍മിയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍ഷവര്‍ദ്ധന്‍, രാജ്യത്തിന്‍റെ പലഭാഗങ്ങളിലായുള്ള കുഴിബോംബുകളെ നിര്‍വീര്യമാകുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതെ, ഹര്‍ഷവര്‍ദ്ധന്‍ തിരക്കിലാണ്. തന്‍റെ ടെക്നോളജിയുടെ മികവില്‍ ലോകത്തിന്റെ പല ഭാഗത്തായുള്ള നിരാലംബരായ ആയിര കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഈ മിടുക്കന്‍റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here